ന്യൂഡല്‍ഹി: മ്യാന്‍മറുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വെളിപ്പെടുത്തല്‍. മ്യാന്‍മറില്‍ സൈന്യം മിന്നലാക്രമണം നടത്തിയെന്ന ആര്‍മി മേധാവിയുടെ സ്ഥിരീകരണമാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അതൃപ്തി സൈനികമേധാവിയെ നേരിട്ട് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച്ച പൂനെയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് അതിര്‍ത്തികടന്ന് ഇന്ത്യന്‍ സൈന്യം മ്യാന്‍മറില്‍ മിന്നലാക്രമണം നടത്തിയെന്ന് സൈനികമേധാവി വെളിപ്പെടുത്തിയത്. 2015 ജൂണ്‍ 10 ന് 12 ബിഹാര്‍ ബറ്റാലിയനിലെ കമാന്റ്റോകള്‍ മ്യാന്‍മറിന്റെ അതിര്‍ത്തികടന്ന് നാഗാലാന്‍ഡ് വിമതര്‍ക്കെതിരെ ആക്രമണം നടത്തിയെന്നാണ് അദ്ദേഹം സ്ഥിരീകരിച്ചത്.

മണിപ്പൂരില്‍ 18 സൈനികരെ വധിച്ചതിന് തിരിച്ചടിയായിരുന്നു മിന്നലാക്രമണം. മ്യാന്മര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് റിബല്‍സ് തീവ്രവാദക്യാമ്പുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഇടപെടലിനെ തുടര്‍ന്ന് ഓപറേഷന്റെ റൂട്ടും തിയ്യതിയും അവസാനനിമിഷം മാറ്റേണ്ടിവന്നുവെന്ന് റാവത്ത് വിശദീകരിച്ചു. ഇതാദ്യമായാണ് മ്യാന്‍മര്‍ അതിര്‍ത്തിയിലേക്ക് കടന്ന് ഇന്ത്യ സൈനികാക്രമണം നടത്തിയെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. വേണ്ടിവന്നാല്‍ ഇനിയും അതിര്‍ത്തികടന്ന് ആക്രമണം നടത്തുമെന്നും റാവത്ത് പറഞ്ഞു. സര്‍ക്കാരിന്റെ അറിവോടെയായിരുന്നു നടപടിയെന്ന വെളിപ്പെടുത്തല്‍ സരക്കാരിന് തിരിച്ചടിയായി.

മ്യാന്‍മറുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. വിദേശകാര്യമന്ത്രാലയമോ പ്രതിരോധമന്ത്രാലയമോ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും സര്‍ക്കാരിന്റെ അതൃപ്തി സൈനികമേധാവിയെ അറിയിച്ചെന്നാണ് സൂചന.