റഫീഖ് പാറക്കല്‍

 

കടലുകള്‍ക്കക്കരെനിന്നും അവധിക്ക് നാട്ടില്‍ വന്നിറങ്ങുന്ന ഓരോ പ്രവാസി മലയാളിയുടെ മുഖത്തും തെളിഞ്ഞ് കാണുന്ന ഒരു സന്തോഷമുണ്ട്; മാസങ്ങളായി വേര്‍പിരിഞ്ഞിരിക്കുന്ന പ്രിയപ്പെട്ട പലതിനേയും നെഞ്ചോടു ചേര്‍ക്കാന്‍ വെമ്പുന്ന മനസ്സിന്റെ അടക്കിപിടിച്ച സന്തോഷം. പക്ഷേ, ഇപ്പോള്‍ സഊദിയില്‍ നിന്നും ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങി ലഗേജ് അട്ടിവെച്ച ട്രോളിയുമായി പ്രിയപ്പെട്ടവരുടെ മുന്നിലെത്തുന്ന പലരുടേയും മുഖത്ത് സന്തോഷത്തിന്റെ ആ പുഞ്ചിരി മാഞ്ഞിരിക്കുന്നു. കാരണം അയാള്‍ വരുന്നത് ഉണ്ടായിരുന്ന ജോലിയോ കച്ചവടമോ നഷ്ടപ്പെട്ട് ചോദ്യചിഹ്നമായ ഭാവിയുടെ ഭാണ്ഡക്കെട്ടിന്റെ ഭാരം നെഞ്ചിലേറ്റി ഫൈനല്‍ എക്‌സിറ്റ് മുദ്ര പതിച്ച പാസ്സ്‌പോര്‍ട്ടും കീശയില്‍ വെച്ച്‌കൊണ്ടാണ്. അനുദിനം ആ എണ്ണം ഭീതീതമാം വിധം വര്‍ദ്ധിക്കുകയുമാണ്.
പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി സഊദി അറേബ്യക്ക് മാത്രമായി ചില സവിശേഷതകള്‍ ഉണ്ടായിരുന്നു. ആ വലിയ രാജ്യത്തെ ചെറുകിട മാര്‍ക്കറ്റ് ഒന്നടങ്കം വിദേശികളുടെ ആധിപത്യത്തിലായിരുന്നു എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്. തദ്ദേശത്തെ വൈറ്റ് കോളര്‍ ജോലിക്കാരുടെ എത്രയോ ഇരട്ടി വരുന്ന പ്രവാസ സമൂഹത്തിന് സഊദി അറേബ്യയിലെ സകലമാന ഓഫീസ് തസ്തികകളിലും ഒരു സര്‍ട്ടിഫിക്കറ്റും ഇല്ലാതെ തന്നെ നല്ല വരുമാനമുള്ള കസേര ലഭ്യമാവാന്‍ ഇത്തിരി ഭാഷാപരിജ്ഞാനവും അല്‍പ്പം ഭാഗ്യവും ഒത്ത് വന്നാല്‍ മതിയായിരുന്നു. എല്ലാറ്റിലുമുപരി കിട്ടുന്ന പണത്തില്‍ നിന്നും ഇന്ന് ലോകത്തിലെ മറ്റേതൊരു രാജ്യത്ത് ഉള്ളതിനേക്കാളും ചിലവ് കുറഞ്ഞ് താമസിക്കാനും മതിയാവോളം ഭക്ഷണം കഴിക്കാനും അതുവഴി നാട്ടിലെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കുവാനും കഴിയുന്ന അനുഗൃഹീത സാമൂഹിക സാഹചര്യവും. ബാച്ച്‌ലര്‍ റൂമിലെ കലപിലകള്‍ക്കിടയില്‍ വെന്ത് പാകമാവുന്ന വലിയ ചെമ്പിലെ ബിരിയാണി…,
‘ഇനി ഇന്നത്തെ ഭക്ഷണം പുറത്താവാം’ എന്നാണ് പരിപാടിയെങ്കില്‍ ജിദ്ദയില്‍ അല്‍ ബെയ്ക്കിലെ ബ്രോസ്റ്റ്ഡിലും രസമുകുളങ്ങളെ തൊട്ടുണര്‍ത്തുന്ന പാകിസ്ഥാനിയുടെ നിരാലയിലെ മട്ടന്‍ കഡായിയിലും, റിയാദില്‍ നാഫൂറയിലെ കനല്‍ കട്ടയില്‍ വെന്തുരുകിയ കബാബും രീഷും നിറച്ച മുഷക്കലിലും മലാസിലെ മാക്-കോയിസിലെ വരിനിന്ന് വാങ്ങുന്ന ഷവര്‍മ്മയിലും, റൊമാന്‍സിയയിലെ അലിഞ്ഞിറങ്ങുന്ന മന്തിയിലും, എല്ലാ സഊദി നഗരങ്ങളിലേയും തത്തുല്യമായ ഏതെങ്കിലും റെസ്റ്റോറന്റുകളിലും അവസാനിക്കുന്നു ആ വലിയ ചിലവാക്കല്‍ ആഡംബരം. ലിഷര്‍ ലാന്റുകളില്‍ സിനിമാ നടന്മാരും നടിമാരും വന്ന് കൂത്താടി പോവുന്നിടത്തും, ഇടക്കൊരു സിനിമയാകാം എന്ന് കരുതി മള്‍ട്ടിപ്ലക്‌സുകളിലെ ശീതളിമയിലും, നുരഞ്ഞ് പതയുന്ന ഗ്ലാസ്സിന് മുന്നിലിരിക്കുന്ന ഡാന്‍സ് ബാറിലും, വര്‍ഷം തികഞ്ഞാല്‍ മാത്രം കിട്ടുന്ന സുഖങ്ങള്‍ക്ക് പകരം തേടി പോവുന്ന മസാജ് പാര്‍ലറുകളിലും സമയം കളയാന്‍ മോഹമുള്ളവര്‍ക്ക് പോലും അവസരം ഇല്ലാത്തതിനാല്‍ ശരാശരി സഊദി പ്രവാസിയുടെ പോക്കറ്റിന്, മറ്റ് രാജ്യങ്ങളിലെ പ്രവാസിയുടെതിനേക്കാള്‍ എന്നും ഒരു പണതൂക്കം കനം കൂടുതലായിരുന്നു. ചിലര്‍ പ്രചണ്ഡ പ്രചാരണം നടത്തുന്ന പോലെ സഊദി അധികൃതര്‍ വിദേശികളെ ഒന്നടങ്കം ഇപ്പോള്‍ തുരത്തി ഓടിക്കുന്നില്ല. പകരം, സ്വന്തമായി ചെറുകിട സംരംഭങ്ങളുമായി തരക്കേടില്ലാത്ത ജീവിതം കെട്ടിപ്പടുത്ത മുഴുവന്‍ പേരെയും ‘ഇനി ഇവിടെ നിന്നിട്ട് ഒരു പ്രയോജനവുമില്ല’ എന്ന് ആത്മഗതമോതി തിരിച്ച് നടത്തിക്കുന്നതില്‍ സൗദി അധികൃതര്‍ ഇത്തവണ വിജയിച്ചിരിക്കുന്നു. രണ്ടായിരത്തി നാനൂറില്‍ തുടങ്ങി മൂന്ന് വര്‍ഷം കൊണ്ട് ഏഴായിരത്തി ഇരുനൂറ് റിയാല്‍ (ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ) മറ്റെല്ലാ സര്‍ക്കാര്‍ ചിലവുകള്‍ക്കും പുറമേ ഓരോ പ്രവാസി തലക്കും വര്‍ഷത്തില്‍ ലെവി അടച്ചാല്‍ മാത്രമേ പ്രവാസിയെ ജോലിക്ക് വെക്കാനാവൂ എന്ന ഡമോക്ലസിന്റെ വാള്‍ എല്ലാ സ്വകാര്യ ചെറുകിട വന്‍കിട സ്ഥാപന ഉടമകളുടേയും മൂര്‍ദ്ധാവില്‍ തന്നെ പതിച്ചിരിക്കുന്നു. നിസ്സാര വിലക്ക് ലഭ്യമായിരുന്ന പെട്രോളും കുടിവെള്ളവും ഇലക്ട്രിസിറ്റിയും മുതല്‍ സിഗരറ്റ് വരെ പത്തും അമ്പതും ഇരട്ടിയായി വര്‍ധിച്ചിരിക്കുന്നു. വിദേശിയെ പിരിച്ച് വിട്ട് സ്വദേശിയെ വെച്ച് തള്ളി നീക്കുക. അല്ലെങ്കില്‍ പൂട്ടി താക്കോല്‍ വെക്കുക. ഈ രണ്ടില്‍ ഇഷ്ടമുള്ളത് സ്വീകരിക്കാന്‍ സ്വദേശി സംരംഭകര്‍ നിര്‍ബന്ധിതരായിരിക്കുന്നു. വാരാന്ത്യങ്ങളില്‍ പതിനായിരക്കണക്കായ പ്രവാസികളുടെ സംഗമം കൊണ്ട് വീര്‍പ്പ് മുട്ടിയിരുന്ന സിറ്റി സെന്ററുകള്‍ പലതിലും ആശങ്കാജനകമാംവിധം ആരവമൊഴിഞ്ഞിരിക്കുന്നു.
ബഖാല, ബൂഫിയ, മിനി റെസ്റ്റോറന്റ്, റെഡിമെയ്ഡ്, ടെക്സ്റ്റയില്‍സ്, മിഠായി കടകള്‍ – കമ്പ്യൂട്ടര്‍ ഷോപ്പുകള്‍ തുടങ്ങി, ഒരു നാടിന്റെ ജീവല്‍സ്പന്ദനമായിരുന്ന ഈ ചെറുകിട മേഖല മുഴുവന്‍ പത്ത് നാല്‍പ്പത് കൊല്ലമായി അടക്കി ഭരിച്ചത് വിദേശികളായിരുന്നു. ഭൂരിപക്ഷവും മലയാളികള്‍ തന്നെ. നടത്തിപ്പിന്റെ നിയമങ്ങള്‍ പാലിച്ച് കൊണ്ടായിരുന്നില്ല; സ്വദേശികളെ കൊണ്ട് കഴിയില്ല എന്ന് ഉറപ്പുള്ളതിനാല്‍ ബിനാമിയാണ് എന്നറിഞ്ഞ് കൊണ്ട് തന്നെ അധികൃതര്‍ മനപ്പൂര്‍വ്വം കണ്ണടച്ച് തന്ന ഇളം വെളിച്ചത്തിലായിരുന്നു ആ കുത്തക മുന്നേറ്റം. മതിയായ സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത പതിനായിരങ്ങള്‍ക്ക് പോലും ഈ മേഖലകള്‍ എന്നും ചാകരയായി നിലകൊണ്ടു. നാട്ടില്‍ പ്രവാസിയായ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ പത്ത് സെന്റ് ഭൂമി വാങ്ങുമ്പോള്‍ ബഖാലക്കാരനും ബൂഫിയക്കാരനും തൊട്ടടുത്ത് ഒരേക്കര്‍ വാങ്ങികൂട്ടിയത് അങ്ങിനെയാണ്. ആ പെട്രോഡോളറിന്റെ കുത്തൊഴുക്കാണ് ഇന്ന് മലയാള നാട്ടില്‍ കാണുന്ന സര്‍വ്വ പ്രൗഡിയുടെയും കാതല്‍. അവന്റെ വീട് മാത്രമല്ല കോണ്‍ക്രീറ്റ് സൗധമായത്. നാട്ടിലെ വിശിഷ്യാ മലബറിലെ സകലമാന പള്ളികള്‍ക്കും മദ്രസകള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും ആതുരാലയങ്ങള്‍ക്കും മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പാലിയേറ്റീവ് കേന്ദ്രങ്ങള്‍ക്കും ഡയാലിസിസ് സെന്ററുകള്‍ക്കും സേവനവുമായി ചീറിപായുന്ന ആംബുലന്‍സുകള്‍ക്കും അടുത്ത് ചെന്ന് നിന്നാല്‍, പ്രവാസിയുടെ കാരുണ്യത്തിന്റെ പരിമളം പരത്തുന്ന സഊദി റിയാലിന്റെ വാസനയുണ്ടാകും. മൂക്കിന് താഴെ ബഖാലകളും (ഗ്രോസ്സറി ഷോപ്പ്), ഹോണ്‍ അടിക്കുമ്പോള്‍ സിഗരറ്റ് പോലും കാറില്‍ എത്തിച്ച് കൊടുക്കാന്‍ വിനീത വിധേയരായ വിദേശികളുമില്ലാതെ അലസന്മാരായ സഊദികള്‍ക്ക് എങ്ങനെ മുന്നോട്ട് പോവാനാവും എന്ന് ഈ അവസാന മണിക്കൂറിലും ചില മലയാളികളെങ്കിലും സ്വയം ആശ്വാസം കൊള്ളാന്‍ ശ്രമിക്കുന്നുണ്ട്. യാതൊരു അടിസ്ഥാനവുമില്ല. പരിചിതനായ സഊദി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആ സംശയത്തിന് പറഞ്ഞ മറുപടി ഇങ്ങിനെ. ”സഊദി അറേബ്യയില്‍ ഒന്നര ലക്ഷം ബഖാലകളുടെ യാതൊരാവശ്യവുമില്ല. ദാഹിച്ചാല്‍ വെള്ളവും വിശന്നാല്‍ കുബ്ബൂസും നാല് കിലോമീറ്റര്‍ ദൂരെയുള്ള മിനി മാര്‍ക്കറ്റിലെ കിട്ടൂ എന്നുണ്ടെങ്കില്‍ അവന്‍ അവിടെ പോയി വാങ്ങിയിരിക്കും. അത്ര തന്നെ.”
അഞ്ചാറു വര്‍ഷം മുന്‍പ് കുരുടന്‍ ആനയെ കണ്ടപോലെ ”നിതാഖാത്ത്” എന്ന വാക്ക് അമ്മാനമാടികൊണ്ട് പ്രവാസിയുടെ ഭാവിയെകുറിച്ച് അന്തിചര്‍ച്ചകള്‍ സംഘടിപ്പിച്ചവരും എയര്‍പോര്‍ട്ടില്‍ തിരിച്ച് വരുന്നവരുടെ തല എണ്ണാന്‍ ശ്രമിച്ച സര്‍ക്കാര്‍ സംവിധാനങ്ങളുമൊന്നും ഇപ്പോള്‍ ‘ലെവി’യെന്ന ഈര്‍ച്ചവാള്‍ കൊണ്ട് തലയറുക്കപ്പെട്ട് അനുദിനം സ്വപ്‌നങ്ങളുടെ ഭാണ്ഡക്കെട്ടുമായി നിശബ്ദം തിരിച്ച് വന്നിറങ്ങുന്ന സൗദി പ്രവാസിയുടെ എണ്ണത്തെ കുറിച്ചോ, ആ മടക്കം ഒരു കൊച്ചു സംസ്ഥാനത്ത് സമീപ ഭാവിയില്‍ സൃഷ്ടിക്കാന്‍ പോവുന്ന സാമൂഹിക സാമ്പത്തിക അനിശ്ചിതത്വത്തെ കുറിച്ചോ ഇതേവരേ ചിന്തിച്ചിട്ട് പോലുമില്ല എന്നതാണ് വിരോധാഭാസം.
റമസാന്‍ പതിനഞ്ച് ആകുമ്പോഴേക്കും പല തവണ ഷട്ടറുകള്‍ താഴ്ത്തി കസ്റ്റമറുടെ തിരക്ക് നിയന്ത്രിക്കേണ്ടി വന്നിരുന്ന പല ടെക്സ്റ്റയില്‍ വമ്പന്‍മാര്‍ക്കും ഇത്തവണ റോഡിലൂടെ പോകുന്നവനെ വിളിച്ച് അകത്ത് കയറ്റേണ്ടി വന്നു. ജ്വല്ലറികള്‍ പലതും ഇവ്വിധം തന്നെ. അഞ്ഞൂറും ആയിരവും ദാനധര്‍മ്മങ്ങളായി വാരി എറിഞ്ഞിരുന്ന വലിയ ഗേറ്റുകള്‍ പലതും അടഞ്ഞുകിടക്കുന്നതിനാല്‍ റമസാനിലെ ധനസമാഹരണത്തിനിറങ്ങുന്ന സംഘങ്ങളുടെ തിരക്ക് നന്നേ കുറഞ്ഞു. ധര്‍മ്മസ്ഥാപനങ്ങള്‍ മുതല്‍ ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് പോലും വരവ് പകുതിയായിരിക്കുന്നു. പത്ത് സെന്റ് സ്ഥലം വിറ്റ് പോവാന്‍ ബ്രോക്കര്‍മാര്‍ ആളുകളെ തേടി അലയുന്നു. പ്രവാസിയുടെ വിയര്‍പ്പിന്റെ മൂല്യമറിയാതെ മലബാര്‍ മേഖലയില്‍ ഒഴുകിയിരുന്ന സൗദി പെട്രോ ഡോളര്‍ അടിസ്ഥാനമായ മണിഫ്‌ളോ പതിയെ ചക്രശ്വാസം വലിക്കുകയാണ്. മൂട്ടില്‍ തീപിടിച്ച തിരിച്ചടികള്‍ക്കിടയിലും ആര്‍ഭാടത്തില്‍ കുറവൊന്നുമില്ലാതെ മലബാറില്‍ പിടിച്ചുനില്‍ക്കുന്നത് അര്‍ജന്റീനയുടേയും ബ്രസീലിന്റെയും ഫഌക്‌സ് ബോര്‍ഡുകള്‍ മാത്രമാണ്.
മലബാറിലെ പഴയ കല്യാണ വീട്ടിലെ നാരങ്ങാ സര്‍ബത്തിന് പകരം; കൊഴുകൊഴുത്ത പാലില്‍ അണ്ടിപരിപ്പും പിസ്തയും ചാക്ക് കണക്കിന് പഞ്ചസാരയും അരച്ച് ചേര്‍ത്ത് അതിലേക്ക് വിലകൂടിയ ഐസ്‌ക്രീം കട്ടകള്‍ കൊണ്ടുവന്ന് കലക്കിയിട്ടും തീരാത്ത സ്വന്തം പണത്തിനോടുള്ള ‘കലിപ്പ്’ അവ ഗ്ലാസ്സില്‍ പകര്‍ന്ന ശേഷം മുകളില്‍ ബോണ്‍വിറ്റയും ബദാം ചീവിയതും തൂവിയ ശേഷമാണ് പല പ്രവാസി കുടുംബങ്ങളും അടങ്ങിയിരുന്നത്. സല്‍ക്കാര മേശയുടെ വിരിപ്പ് പുറത്ത് കാണുന്നത് അപമാനമായി കരുതി വിഭവങ്ങളുടെ പെരുമഴകൊണ്ട് അവ മറച്ച് പിടിക്കാന്‍ കാണിച്ച നാടകങ്ങളുടെ ഭാവി വൈകാതെ ചോദ്യചിഹ്നമാവുമെന്ന കാര്യത്തില്‍ ഇപ്പോഴാര്‍ക്കും രണ്ടഭിപ്രായമില്ല.
തിരിച്ചെത്തിയവരില്‍ ചിലരൊക്കെ പഴയ ലാവണങ്ങളായ മദിരാശിയിലേക്കും ബാംഗ്ലൂരിലേക്കും ഭാവി അന്വേഷിച്ച് പരക്കംപാച്ചില്‍ ആരംഭിച്ചുകഴിഞ്ഞു. ചിലര്‍ പുതിയ വാഗ്ദത്ത ഭൂമികള്‍ കണ്ടെത്തി വിയറ്റ്നാമിലേക്കും എരിത്രിയയിലേക്കും അങ്ങിനെ സുപരിചിതമല്ലാത്ത ഭൂപ്രദേശങ്ങള്‍ തേടിയും യാത്ര തുടങ്ങി കഴിഞ്ഞു. മറ്റു ചിലര്‍ മലബാറിലെ അങ്ങാടികളിലെ പുതിയ ട്രെന്‍ഡായ അടിപൊളി ബേക്കറികള്‍ തുറന്ന്, നേരത്തെ ആരംഭിച്ച് ഒരു വിധത്തില്‍ പിടിച്ചുനില്‍ക്കുന്നവന്റെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നതോടൊപ്പം തന്റെ സമ്പാദ്യത്തില്‍ ആകെ മിച്ചം വെച്ച ബാക്കിയുള്ള പ്രവാസ സമ്പാദ്യം കൂടി കലക്കി കളയുന്ന തിരക്കിലുമാണ്. വൈകാതെ ‘നല്ലകാലത്ത് സൗദി മലയാളി പ്രവാസി ക്രിയാത്മക നിക്ഷേപങ്ങള്‍ക്ക്’ ശ്രമിക്കാതിരുന്ന പമ്പര വിഡ്ഢിത്തത്തെ കുറിച്ചും വരാനിരിക്കുന്ന അവന്റെ കുടുംബത്തിന്റെ ഇരുണ്ട ഭാവിയെ കുറിച്ചും നെടുങ്കന്‍ സംവാദങ്ങളും ചര്‍ച്ചകളും ലേഖന പരമ്പരകളും മലയാള മണ്ണില്‍ അവനെ തേടിയെത്തും എന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ – സര്‍ക്കാരിതര മേഖലയിലെ മനുഷ്യരൂപമുള്ള ഏതെങ്കിലുമൊരാള്‍ മേല്‍പ്പറഞ്ഞ ക്രിയാത്മക നിക്ഷേപങ്ങള്‍ക്ക് സാധു പ്രവാസിയുടെ മുന്നില്‍ അവസരങ്ങള്‍ ഒരുക്കിയിരുന്നുവോ എന്ന ചോദ്യം മാത്രം ആരും ചോദിക്കില്ല. കാരണം ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ പലരേയും അലോസരപ്പെടുത്തും.
സഊദി അറേബ്യയെന്ന അക്ഷയഖനിയില്‍ നിന്നും മലയാള മണ്ണിലേക്ക് വിശിഷ്യാ മലബാറിലേക്ക് കഴിഞ്ഞ നാല് പതിറ്റാണ്ടായി അനര്‍ഗ നിര്‍ഗളം ഒഴുകിയെത്തിയിരുന്ന സമ്പല്‍ സമൃദ്ധിയുടെ ഒഴുക്ക് പതിയെ നിലക്കുകയാണ്. പണ്ട്മുതലേ തന്റെ ഊഴം ഏതാണ്ട് അവസാനിക്കാറാകുമ്പോള്‍ ചില പ്രവാസികള്‍ ഒരു ആത്മബലത്തിനായി പറഞ്ഞിരുന്ന ‘ഇവിടത്തെ കാര്യമൊക്കെ കഴിഞ്ഞു’ എന്ന വീണ്‍ വാക്കിനപ്പുറം അത് പച്ചയായ യാഥാര്‍ത്ഥ്യമായി തീര്‍ന്നിരിക്കുന്നു. പഠിപ്പില്‍ മികവ് പുലര്‍ത്തുന്നവനും സ്‌കൂളിനോട് പുറം തിരിഞ്ഞ് നിന്നവനും ഒരേപോലെ അവസരങ്ങളുടേയും പ്രതീക്ഷകളുടേയും തുരുത്തായിരുന്ന സഊദി പ്രവാസത്തിന്റെ വാതിലുകള്‍ പതിയെ അടയുകയാണ്. ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം എളുപ്പമാവില്ല. കാരണം മലയാളക്കരയില്‍ രണ്ട് തലമുറക്ക് അത്രമേല്‍ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ ഒരു വിദേശനാടും ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. നിയമത്തിന്റെ നൂലാമാലകള്‍ എന്തുമാകട്ടെ, സകല പെട്ടിക്കടകളിലുമെന്നപോല്‍ മലയാള നാട്ടില്‍ ലഭ്യമായിരുന്ന ‘സഊദി ഫ്രീവിസയില്‍’ കെട്ടിപ്പടുത്തതാണ് ഇന്ന് നാം അനുഭവിക്കുന്ന സാമൂഹിക-കുടുംബ ജീവിതത്തിലെ പ്രൗഡിയുടെ ദന്തഗോപുരങ്ങളില്‍ പലതും.