ഹിന്ദി ഹൃദയ ഭൂമികയില്‍ ബി.ജെ.പിയുടെ വിജയം മാധ്യമങ്ങള്‍ കെങ്കേമമായി മോദി പ്രഭാവമാക്കി അവതരിപ്പിച്ചു തിമിര്‍ക്കുകയാണ്. എന്നാല്‍ തോല്‍വി പിണഞ്ഞ സഖ്യങ്ങള്‍ എന്തു കൊണ്ട് തോറ്റുവെന്നതിന്റെ കണക്കെടുപ്പ് ഇപ്പോഴും ആരംഭിച്ചിട്ടില്ല. സന്ദേശം സിനിമയില്‍ ശങ്കരാടിയുടെ ഡയലോഗ് ആവര്‍ത്തിക്കാന്‍ വിശിഷ്യാ യു.പിയിലെങ്കിലും തോറ്റ കക്ഷികള്‍ക്ക് എന്തു കൊണ്ടും സ്‌കോപ്പുണ്ട്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാ വാദികളും പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍. ഭൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അതായതു വര്‍ക്ഷാതിപത്യവും കൊളോണലിയസ്റ്റ് ചിന്താ സരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല. ഈ വാദം എന്തു കൊണ്ട് യു.പിയില്‍ എന്ന ചോദ്യം പ്രസക്തവുമാണ്. പതിനെട്ട് ശതമാനമാണ് യു.പി.യിലെ മുസ്്‌ലിം ജനസംഖ്യ. ഇതില്‍ കണ്ണുറപ്പിച്ചാല്‍ വല്ലതും നടക്കുമെന്നതു മാത്രമായിരുന്നു മുസ്്‌ലിം രക്ഷകരായി അവതരിക്കാന്‍ കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യത്തേയും, മായാവതിയേയും പ്രേരിപ്പിച്ച ഘടകം. മുസഫര്‍ നഗര്‍ കലാപവും, പിന്നീട് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ ബീഫ് സൂക്ഷിച്ചുവെന്നതിന്റെ പേരില്‍ തല്ലിക്കൊന്നപ്പോഴും ഹിന്ദുത്വ ഭീകരതയ്ക്ക് കൂട്ടുനിന്നുവെന്ന് ആക്ഷേപിക്കപ്പെട്ട സമാജ് വാദി പാര്‍ട്ടി, നഷ്ടപ്പെട്ട മുസ്്‌ലിം പിന്തുണ പിടിച്ചു നിര്‍ത്താന്‍ പുറത്തെടുത്തത് ഒരു തരം തീവ്ര പ്രീണനമാണ്. ഇതാവട്ടെ ഫലത്തില്‍ മുസ്്‌ലിംകളെ മുഴുവനും പ്രതിപക്ഷമാക്കി മാറ്റി. തല്‍ഫലമായി മരുന്നിനു പോലും മുസ്്‌ലിം സ്ഥാനാര്‍ത്ഥിയെ വെക്കാതെ ബി.ജെ.പി മത്സര രംഗത്തേക്കു വരികയും ചെയ്തു. നരേന്ദ്ര മോദിയെന്ന തന്ത്രശാലിയായ പ്രധാനമന്ത്രി വിവിധ വിഭാഗം ഹിന്ദു വോട്ടര്‍മാരെ ലാക്കാക്കി പുറത്തെടുത്ത ‘ഖബര്‍സ്ഥാന്‍ മുതല്‍ ശ്മശാനം വരെ, റംസാന് വൈദ്യുതിയെങ്കില്‍ ദീപാവലിക്കും വൈദ്യുതി എന്ന വജ്രായുധത്തിന്റെ മറു രൂപവുമായിരുന്നു. മോദിയുടെ പ്രഥമ ദൃഷ്ട്യാ നിരുപദ്രവമെന്നു തോന്നുന്ന അതി തീവ്ര പ്രയോഗം ഹിന്ദു വോട്ടര്‍മാരില്‍ ഫലിച്ചപ്പോള്‍ മുസ്്‌ലിം വോട്ടര്‍മാരില്‍ സമാജ് വാദി പാര്‍ട്ടിയുടെ കോണ്‍ഗ്രസുമായി അവസാന നിമിഷമുണ്ടാക്കിയ തട്ടിക്കൂട്ട് സൃഷ്ടി സംശയം സൃഷ്ടിക്കുകയും തല്‍ഫലമായി വോട്ടുകള്‍ മായാവതിക്കും എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിനുമായി ചിന്നിച്ചിതറി. സത്യസന്ധതയില്ലാത്ത മുന്നണിയെ പിന്തുണക്കുന്നതിലും ഭേദം ചാവേറുകളാവുകയാണെന്ന തല്‍ക്കാലത്തേക്കുള്ള തീരുമാനം യു.പി മുസ്്‌ലിംകള്‍ക്ക് ദീര്‍ഘകാലത്തേക്ക് ഗുരുതരമായ പ്രത്യാഘാതം വരുത്തുമെന്ന കാര്യം ഏറെക്കുറെ വ്യക്തവുമാണ്. കോണ്‍ഗ്രസിന്റെ ശക്തമായ വോട്ടു ബാങ്കായിരുന്നു യു.പി മുസ്്‌ലിംകള്‍ ബാബരി മസ്്ജിദിന്റെ തകര്‍ച്ചയോടെയാണ് പാര്‍ട്ടിയുമായി അകന്നത്. മോദിയും കേന്ദ്ര സര്‍ക്കാറും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് രീതിയും നോട്ടു അസാധുവാക്കല്‍ കൊണ്ടു വന്ന ദുരന്തവുമെല്ലാം ഭീതിയോടെ നോക്കിക്കാണുന്ന സാമാന്യ ജനവിഭാഗം താമരക്കെതിരെ വോട്ടു ചെയ്യുമെന്ന അതിരു കടന്ന ആത്മവിശ്വാസത്തിനേറ്റ തിരിച്ചടി കൂടിയാണ് യു.പിയിലെ തോല്‍വി. ‘മൗലാന മുലായത്തിനൊപ്പം’ സമാജ് വാദി പാര്‍ട്ടിക്ക് മുസ്്‌ലിം മനസ്സുകളില്‍ കാര്യമായ പിന്തുണയുണ്ടാകുമെന്ന് കരുതി തന്ത്രം മെനഞ്ഞവര്‍ക്ക് മറു തന്ത്രത്തിനൊപ്പമെത്താന്‍ കഴിഞ്ഞതുമില്ല. നാളുകളായി തുടരുന്ന മുസ്്‌ലിം വഞ്ചനയുടെ പരമ്പരകളും ആര്‍.എസ്.എസും സംഘ് പരിവാരങ്ങളും തയാറാക്കുന്ന ഇസ്്‌ലാമിക ഭീകരക്കേസുകളുടെ കേന്ദ്രമാക്കി യു.പിയെ മാറ്റുകയും ചെയ്തതോടെ 14 വര്‍ഷം മുമ്പ് ബി.ജെ.പി പടിയിറങ്ങിയിട്ടും മുസ്്‌ലിംകള്‍ക്ക് ജയില്‍ ഉറപ്പിക്കാനുള്ള ഇടമായി യു.പി മാറിയിരുന്നു. നിശബ്ദമായി, അല്ലെങ്കില്‍ ഇടക്കിടെ ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്കു മുഴുവന്‍ അപമാനമാവുന്ന രീതിയില്‍ പ്രസ്താവനകള്‍ ഇറക്കുന്ന അസംഖാനെ പോലുള്ളവര്‍ തിരിഞ്ഞു നോക്കാതെ മാറി നില്‍കുകയായിരുന്നു. സ്വവസതിയിലെ പോത്തിനെ കാണാതായത് തിരയാന്‍ 100 കണക്കിന് പൊലീസുകാരെ വിടുന്ന എസ്.പി മന്ത്രിമാര്‍ മുസ്്‌ലിംകളുടെ ഒരു കാര്യത്തിലും മുറവിളികള്‍ ഉയരുന്നതു വരെ ചെവികൊടുക്കാതെ മാറി നിന്നതിന് ജനം അറിഞ്ഞു നല്‍കിയ ശിക്ഷകൂടിയാണിത്. മായാവതിയുടെ ബി.എസ്.പിയും ഇക്കാര്യത്തില്‍ വലിയ മാറ്റമൊന്നുമില്ലെങ്കിലും എസ്.പിയുടെ നിശബ്ദ അറവു കത്തിയോളം വരില്ലായിരുന്നു ബി.എസ്.പിയുടേത് അതിനാല്‍ തന്നെ വോട്ടുകളില്‍ ഒരു പങ്ക് ബി.എസ്.പിയും അടര്‍ത്തി. ബി.ജെ.പി. വിജയപൂര്‍വം അതിഭംഗിയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വവല്‍ക്കരണം, യു.പി.ദളിതരെ കാര്യമായി ബാധിച്ചില്ലെങ്കിലും, സമാജ് വാദി പാര്‍ട്ടിയുടെ നട്ടെല്ലായ യാദവരെ തീവ്ര’ഹിന്ദുക്കളാ’ക്കി മാറ്റുന്നതില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ വിജയിച്ചിട്ടുണ്ട്. ഇതും യാദവ-മുസ്്‌ലിം ഐക്യമെന്ന കാഹളത്തിന് ചെവി കൊടുക്കാതിരിക്കാന്‍ യു.പി മുസ്്‌ലിംകളെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. അലീഗഡ് അടക്കം യു.പിയിലെ ചില പോക്കറ്റുകളില്‍ മുസ്്‌ലിംകള്‍ തൊഴിലില്‍ പ്രാതിനിധ്യം നേടുന്നതു പോലും ഉള്‍ക്കൊള്ളാനാവാത്ത വിധം യാദവ വര്‍ഗീയതയും വളര്‍ന്നു കഴിഞ്ഞു. ഒരു കാലത്ത് അദ്വാനിയുടെ രഥത്തിനടിയില്‍ നിന്നും യു.പി മുസ്്‌ലിംകളെ രക്ഷപ്പെടുത്തിയതിന്റെ ലേബലില്‍ വിലസിയ മുലായം പോലും അഖിലേഷ് ഭരണത്തില്‍ നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ഒന്ന് ഒച്ചവെക്കാന്‍ പോലും തയാറായിരുന്നില്ല. മുസഫര്‍ നഗര്‍ കലാപത്തില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നവരില്‍ ജാട്ടുകള്‍ക്കൊപ്പം യാദവരും ഉണ്ടായിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കും നോട്ട് അസാധുവാക്കലും പാകിസ്താന്‍ ഭീഷണിയില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാനായിരുന്നുവെന്ന് മോദിയും അമിത് ഷായുമടക്കം പ്രചരണങ്ങളില്‍ ആവര്‍ത്തിച്ചു. ഹിന്ദു വോട്ടുകള്‍ താമരയില്‍ ഉറപ്പിച്ചു നിര്‍ത്തിയതിനൊപ്പം പാകിസ്താനോട് മമതയില്ലാത്ത ഇന്ത്യന്‍ മുസ്്‌ലിംകളെയടക്കം കബളിപ്പിക്കാനും ഇത് സഹായിച്ചു. കള്ളപ്പണം തടയാനെന്ന പേരില്‍ നടത്തിയ നോട്ട് അസാധുവാക്കലില്ലെങ്കില്‍ രാജ്യം പാകിസ്താന്റെ കയ്യിലെത്തുമെന്ന് നിരക്ഷരര്‍ മുതല്‍ വിദ്യാസമ്പന്നരെ വരെ പറഞ്ഞു ഫലിപ്പിക്കുന്നതില്‍ ബി.ജെ.പിയുടെ സന്നാഹങ്ങല്‍ വേണ്ടുവോളം വിജയിച്ചു. മോദിക്ക് ഇക്കാര്യത്തില്‍ ചിലത് ചെയ്യാന്‍ കഴിയുമെന്ന് എല്ലാ പാര്‍ട്ടിക്കാരും നിശബ്ദമെങ്കിലും പറഞ്ഞതോടെ സംഗതി ഏറ്റുപിടിക്കാന്‍ മതേതരത്തത്തിന്റെ അപ്പോസ്തലന്‍മാരെന്ന് ചമയുന്നവര്‍ വരെ രംഗത്തു വന്നു. നോട്ട് അസാധുവാക്കലിലൂടെ ജീവിതം പ്രതിസന്ധിയിലായവര്‍ പോലും വരാനിരിക്കുന്നത് സമ്പല്‍ സമൃദ്ധമാണെന്ന് തെറ്റിദ്ധരിച്ചുവെങ്കില്‍ എങ്ങിനെ തെറ്റു പറയാനാവും. തിരുത്തേണ്ടവര്‍ തിരുത്തേണ്ട സമയത്ത് മിണ്ടാന്‍ മറന്നു പോയി, അല്ലെങ്കില്‍ ബോധപൂര്‍വമായ നിശബ്ദത സ്വീകരിച്ചു. ഒടുവില്‍ പതിനൊന്നാം മണിക്കൂറില്‍ ദൂശ്യ വശങ്ങള്‍ പറഞ്ഞപ്പോഴേക്കും സമയം തീരുകയും ചെയ്തു. ഒരു ഭാഗത്ത് ബി.ജെ.പി തീവ്ര വര്‍ഗീയത വിതക്കുമ്പോള്‍ മറുഭാഗത്ത് എസ്.പിയുടെ മുസ്്‌ലിം മുഖമായ അസംഖാന്‍ പുറത്തെടുത്ത വില കുറഞ്ഞ വര്‍ഗീയ പരാമര്‍ശങ്ങള്‍ മുസ്്‌ലിംകളെ പൂര്‍ണമായും പ്രതിപക്ഷത്താക്കുന്നതിനാണ് യഥാര്‍ത്ഥത്തില്‍ സഹായിച്ചത്. എങ്കിലും യു.പി നല്‍കുന്ന ചില പാഠങ്ങളുണ്ട്. അതില്‍ വ്യക്തമായും ഉയര്‍ന്നു നില്‍ക്കുന്നത് ഇതാണ് ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് ബദലാകാന്‍ ഇനിയും കോണ്‍ഗ്രസിനല്ലാതെ മറ്റൊരുത്തനും ത്രാണിയില്ലെന്ന് ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരഖണ്ഡ്, മണിപ്പൂര്‍ ഫലങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഇടയില്‍ തലപൊക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിന്റെ അന്നം മുടക്കാനാകുമെന്നല്ലാതെ ബി.ജെ.പിക്ക് ബദലാവാനാകില്ല. ഇനി തെരഞ്ഞെടുപ്പ് ഗോദയില്‍ കാലിടറിയെന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന്റെ രക്തത്തിനായി മുറവിളികള്‍ ഉയര്‍ന്നേക്കാം. പക്ഷേ അപ്പോഴും പേരിലെ മതം നോക്കി വര്‍ഗീയത നിശ്ചയിക്കുന്ന ഒരു കാലത്ത് അതിനെ തോല്‍പിക്കാന്‍ ഇറങ്ങിയ രാഹുല്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിക്കും. ജനാധിപത്യം പൂര്‍ണമായും തോല്‍ക്കാതിരിക്കാന്‍ യത്‌നിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന് ആശ്വസിക്കാം. കോണ്‍ഗ്രസിന്റെ തോല്‍വിയെ പറ്റിയായിരിക്കും ഇനി മുഖ്യധാരാ മാധ്യമങ്ങളുടെ ചര്‍ച്ചകളത്രയും എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസ് നേടിയ ജയത്തെ കുറിച്ച് ആരും ചര്‍ച്ച ചെയ്യാന്‍ തയാറാകുന്നില്ല. അതി തീവ്ര വര്‍ഗീയത ആളിക്കത്തിച്ചിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയതില്‍ കുറവ് മണ്ഡലങ്ങളിലാണ് ബി.ജെ.പി ജയിച്ചതെന്ന കണക്കുകളും കാണാതെ പോകരുത്. അവഗണിച്ചുതള്ളേണ്ട അപശബ്ദങ്ങള്‍ വേദവാക്യമാകുന്ന കാലത്ത് രാഹുലും ഇറോം ശര്‍മിളയുമെല്ലാം അധികപ്പറ്റാണെന്നു തോന്നുന്നവര്‍ക്ക് മാത്രമേ യു.പിയെ മാത്രം നോക്കി ഇന്ത്യയെ വിലയിരുത്താനാകൂ.