യൂനുസ് അമ്പലക്കണ്ടി

ഇന്ത്യക്കാരായ ലക്ഷക്കണക്കിനു പ്രവാസികളുടെ ചിരകാലാഭിലാഷമാണ് സുപ്രീം കോടതിയുടെ ഇടപെടലിലൂടെ സഫലമാവാന്‍ പോകുന്നത്. എക്കാലവും അധികാരി വര്‍ഗത്തില്‍നിന്ന് അവഗണന മാത്രം പേറിയിരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാനുള്ള അവകാശം സ്വായത്തമാകുന്നതോടെ നവ ചരിത്രമാണ് സൃഷ്ടിക്കപ്പെടുക. വര്‍ഷങ്ങളായുള്ള നിയമ പോരാട്ടത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഗൗരവതരമായ ഇടപെടലുകളാണ് പ്രവാസി വോട്ടെന്ന വലിയ സ്വപ്‌നത്തിനു വഴിതുറന്നത്. 2014 മാര്‍ച്ചില്‍ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ പ്രവാസികള്‍ക്കു വിദേശത്തുവെച്ചുതന്നെ വോട്ടു ചെയ്യാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയാണ് മൂന്നര വര്‍ഷത്തിനിപ്പുറം പ്രവാസികള്‍ക്കനുകൂലമായി തീര്‍പ്പാകാന്‍ പോകുന്നത്.

പ്രവാസികള്‍ക്ക് നാട്ടിലെത്താതെ പകരക്കാരെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം നല്‍കി ജനപ്രാതിനിധ്യ ഭേദഗതി ബില്‍ അടുത്ത ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അന്തിമമായി അറിയിച്ചതോടെയാണ് വീണ്ടും പ്രവാസി വോട്ട് ചര്‍ച്ചയാവുന്നത്. നിലവിലെ നിയമ പ്രകാരം വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രം മണ്ഡലത്തില്‍ നേരിട്ടെത്തി വോട്ടു ചെയ്യാനുള്ള അനുമതിയാണ് പ്രവാസികള്‍ക്കുള്ളത്. നിയമ ഭേദഗതി പാസാകുന്നതോടെ മണ്ഡലത്തിലെത്താതെ തങ്ങള്‍ നിശ്ചയിക്കുന്ന ആളിലൂടെ പ്രവാസിക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാനാവും.

സ്വന്തം മണ്ഡലത്തിലെ ഒരാളെ പകരക്കാരനായി ചുമതലപ്പെടുത്തി വോട്ടു രേഖപ്പെടുത്തുന്ന പ്രോക്‌സി വോട്ട് (മുക്ത്യാര്‍ വോട്ട്) സംവിധാനമാണ് നടപ്പിലാകാന്‍ പോകുന്നത്. ഈ പകരക്കാരനെ മാറ്റാനുള്ള അവകാശവും പ്രവാസി വോട്ടര്‍ക്കുണ്ടാവും. ഇന്ത്യയിലിപ്പോള്‍ സൈനിക- അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് പ്രോക്‌സി വോട്ടിനു അവകാശമുണ്ട്. ജനപ്രാതിനിധ്യ നിയമവും തെരഞ്ഞെടുപ്പ് നടത്തിപ്പു ചട്ടങ്ങളും ഭേദഗതി വരുത്തുന്നതോടെ പ്രവാസികള്‍ക്കും ഇതിനുള്ള സൗകര്യമൊരുങ്ങും.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുമ്പാകെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണ്ണായകമായ ഈ തീരുമാനം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആത്മാറാം നദ്കര്‍ണി അറിയിച്ചത്. സര്‍ക്കാര്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ നദ്കര്‍ണി ആവശ്യപ്പെട്ടുവെങ്കിലും സുപ്രീം കോടതി അതു നിരസിച്ചു. സുപ്രീം കോടതിയുടെ ഇടപെടല്‍ കൊണ്ടുമാത്രമാണ് നടപടി ക്രമങ്ങള്‍ ഇതുവരെ എത്തിയതെന്നും ബില്‍ അംഗീകരിക്കുന്നതുവരെ കോടതിയുടെ മേല്‍നോട്ടം അനിവാര്യമാണെന്നുമുള്ള ഹരജിക്കാരനു വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന്റെ വാദം അംഗീകരിച്ച നീതിപീഠം കേസ് 12 ആഴ്ചക്കു ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചിരിക്കുകയാണ്. ഓരോ ഘട്ടത്തിലുമുള്ള കോടതിയുടെ സസൂക്ഷ്മമായ ഇടപെടലുകള്‍ നീതിക്കായി കാതോര്‍ക്കുന്ന ലക്ഷക്കണക്കിനു പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

കൂടുതല്‍ കാലതാമസമില്ലാതെ ബില്‍ സംബന്ധമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണു വിദഗ്ധര്‍ പറയുന്നത്. ശീതകാല സമ്മേളനത്തില്‍ ബില്‍ സഭയില്‍ വെച്ചാല്‍ എതിര്‍പ്പില്ലാതെ പാസാവാനാണ് സാധ്യത. മുഖ്യ കക്ഷികളൊന്നും പരസ്യമായി ബില്ലിനെ എതിര്‍ക്കണമെന്നില്ല. എന്നാല്‍ ശീതകാല സമ്മേളനം ഈ വര്‍ഷം ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സഭ ചേരുന്നത് ഒഴിവാക്കുമെന്നാണറിയുന്നത്. അങ്ങിനെ വന്നാല്‍ ബില്‍ അവതരണവും നീളും. 1.6 കോടിയോളം പ്രവാസി ഇന്ത്യക്കാരുണ്ട് എന്നാണ് കണക്ക്. ഇതില്‍ 60 ലക്ഷത്തോളം പേര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേരുള്ളത്. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് റിപ്പോര്‍ട്ട് പ്രകാരം 23 ലക്ഷത്തോളമാണ് പ്രവാസി മലയാളികള്‍. 30 ലക്ഷത്തിലധികമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പ്രവാസികള്‍ കൂടുതലുള്ള കേരളം, ഗുജറാത്ത്, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ പ്രവാസികളുടെ വോട്ട് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കേരളത്തിലെ അനേകം മണ്ഡലങ്ങളില്‍ പ്രവാസി വോട്ട് നിര്‍ണ്ണായകമാവും. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 78 മണ്ഡലങ്ങളിലെ ഭൂരിപക്ഷം പതിനഞ്ചായിരത്തില്‍ താഴെയാണെന്നത് ശ്രദ്ധേയമാണ്.

പ്രവാസികള്‍ക്ക് അവരോടുള്ള ഭരണകൂടത്തിന്റെ നിസ്സംഗതക്കെതിരില്‍ ശക്തമായി പ്രതികരിക്കാനുള്ള സുവര്‍ണ്ണാവസരമാണ് വിദൂരമല്ലാത്ത ഭാവിയില്‍ വന്നുചേരുന്നത്. രാജ്യത്തെ ഒരു പൗരനു ലഭിക്കേണ്ട അവകാശങ്ങള്‍ പോലും പലപ്പോഴും പ്രവാസി സമൂഹത്തിനു ലഭിക്കുന്നില്ല. രണ്ടാംകിട പൗരനാണെന്നു തോന്നിക്കും വിധമാണ് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ പ്രവാസികളോടുള്ള സമീപനം. അവരുടെ സഹായം പറ്റാത്ത രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ വിരളമായിരിക്കും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പരിപോഷണത്തിന് പ്രവാസികള്‍ വഹിക്കുന്ന പങ്ക് കണക്കറ്റതാണ്. വിദേശങ്ങളിലെത്തുമ്പോള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പ്രവാസികളെ സുഖിപ്പിക്കുന്ന ഭരണാധികാരികളും രാഷ്ട്രീയക്കാരും നാട്ടിലെത്തിയാല്‍ അവയൊക്കെ മറക്കുന്നതാണ് പതിവ് കാഴ്ച്ച.

അവധിക്കാലത്തെ വിമാന നിരക്കിലെ വന്‍ വര്‍ധന വര്‍ഷങ്ങളായി പ്രവാസികളനുഭവിക്കുന്ന കൊടിയ ദുരിതമാണ്. ബാഗേജുകളുടെ നിയന്ത്രണം, നാട്ടിലെ കസ്റ്റംസിന്റെ പീഡനം, കാര്‍ഗോ അയക്കുന്നതിലുള്ള അധിക നികുതി ഉള്‍പ്പെടെയുള്ള നൂലാമാലകള്‍, മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ സങ്കീര്‍ണ്ണതകള്‍ തുടങ്ങി നൂറുകൂട്ടം പ്രയാസങ്ങളുടെ നടുവിലാണ് പ്രവാസി സമൂഹം എക്കാലവും. കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും കേന്ദ്ര സര്‍ക്കാറിന്റെ സഹകരണമില്ലായ്മ ‘എയര്‍ കേരള’ തുടങ്ങുന്നതിനു വിഘാതമായി. ഇത്തരത്തിലുള്ള നീതികേടിനെതിരെ ശക്തമായി പ്രതികരിക്കാനുള്ള അവസരം വന്നുചേരുമ്പോള്‍ മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുമെന്നു തന്നെയാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഭൂരിപക്ഷം പ്രവാസികള്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. പേര് ചേര്‍ക്കാനുള്ള സംവിധാനങ്ങള്‍ക്ക് ആക്കംകൂട്ടാനുള്ള ശ്രമങ്ങള്‍ പ്രവാസി സംഘടനകളുടെ ഭാഗത്തു നിന്നുമുണ്ടാവണം. ശാസ്ത്രീയമായും വന്‍ ജന പിന്തുണയോടെയും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സംഘടനകള്‍ ഉണ്ട്. ഇവ്വിഷയകമായി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അത്തരം കൂട്ടായ്മകള്‍ക്ക് കഴിയും. വ്യക്തിപരമായ അവബോധവും സംഘടനകളുടെ ബോധവത്കരണവും കൂടിയാവുമ്പോള്‍ ദൗത്യം വിജയിക്കുമെന്നുറപ്പ്, പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രത്യേകിച്ചും. പ്രവാസി മലയാളികളില്‍ 88 ശതമാനവും ഗള്‍ഫ് മേഖലയിലാണ്. ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ മലപ്പുറം ജില്ലയിലാണുള്ളത്. ഇത് നാല് ലക്ഷത്തോളം വരും. നിലവിലെ നിയമമനുസരിച്ച് പ്രവാസികള്‍ക്കു വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നേരിട്ടു വന്ന് വോട്ടു ചെയ്യാനുമുള്ള അവസരം പ്രവാസി ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് മലയാളികളാണ്.

പ്രോക്‌സി സംവിധാനം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. വോട്ടുകള്‍ വിലക്കുവാങ്ങാന്‍ കഴിയുമെന്നുള്‍െപ്പടെയുള്ള ജനാധിപത്യ സ്വഭാവത്തെ ബാധിക്കുന്ന പല പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പട്ട് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറ്റമറ്റ രീതിയില്‍ സംവിധാനിക്കാനുള്ള ഇച്ഛാശക്തി അധികാരി വര്‍ഗത്തിന്റെ ഭാഗത്തുനിന്നുണ്ടാവണം. എന്നാല്‍ മാത്രമേ ഈ വിജയം പൂര്‍ണ്ണാര്‍ത്ഥത്തിലാവുകയുള്ളൂ. സാങ്കേതിക വിദ്യ ഇത്രമേല്‍ വികാസം പ്രാപിച്ച പുതു യുഗത്തില്‍ ഓണ്‍ ലൈന്‍ വോട്ടിങ് പോലെയുള്ള സാധ്യതകളും ബന്ധപ്പെട്ടവര്‍ ആരായേണ്ടതുണ്ട്.