ശേഖര്‍ ഗുപ്ത

എല്‍.കെ അദ്വാനിയുടെ ബി.ജെ.പി 25 പാര്‍ട്ടികളെ ചേര്‍ത്താണ് 1998ല്‍ ദേശീയ ജനാധിപത്യ സഖ്യം രൂപീകരിച്ചത്. അത് സഖ്യരാഷ്ട്രീയത്തിന്റെ ഇന്ത്യയുടെ ഏറ്റവും വിജയകരമായ കാലഘട്ടത്തിനാണ് തുടക്കമിട്ടത്. ഇതിന്‌ശേഷം മുഖ്യകക്ഷിക്ക് ഭൂരിപക്ഷമില്ലാതെതന്നെ മൂന്ന് കൂട്ടുകക്ഷി സര്‍ക്കാരുകള്‍ കാലാവധി തികച്ചു. 2020 അവസാനത്തോടെ നരേന്ദ്ര മോദിയും അമിത്ഷായും എന്‍.ഡി.എ അവസാനിപ്പിച്ച് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ നിയമങ്ങള്‍ എഴുതി ചേര്‍ക്കുകയാണ്. അദ്വാനിയുടെ എന്‍.ഡി.എ തീര്‍ന്നു. ഉപയോഗിച്ചതിന്‌ശേഷം ഉപേക്ഷിച്ചു.
ഇത് നമ്മുടെ വേദപാരമ്പര്യത്തിലെ അശ്വമേധ യജ്ഞവുമായി താരതമ്യം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. രാജ്യത്തുടനീളം കുതിരയെ അഴിച്ചുവിട്ട് ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞാല്‍ എന്താണ് ചെയ്യുക? അനുഗ്രഹീതയായ ആ കുതിരയെ കൊല്ലുക. എന്‍.ഡി.എ അത്തരത്തിലുള്ള കുതിരയാണ്. ന്യായവിധിയില്ലാതെ നാം അത് പറയുന്നു. ഇതിനെ ഇപ്പോഴും എന്‍.ഡി.എ സര്‍ക്കാര്‍ എന്ന് വിളിക്കുന്നു, എന്നാല്‍ ഈ സമയത്ത്, 53 അംഗ കേന്ദ്രമന്ത്രിസഭയില്‍ ഒരു സഖ്യ പങ്കാളി മാത്രമേയുള്ളൂ. അത് ആരാണെന്ന് നിങ്ങള്‍ക്ക് ഓര്‍മിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അസ്വസ്ഥരാകരുത്. ഗൂഗിളില്‍ തെരയുന്നതില്‍നിന്നും ഞാന്‍ നിങ്ങളെ രക്ഷിക്കാം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍.പി.ഐ) വിഭാഗത്തിലെ രാംദാസ് അത്താവാലെയാണ് അത്. എന്‍.ഡി.എ സഖ്യ സര്‍ക്കാര്‍ എന്നതിന്റെ ഏക ഓര്‍മ്മപ്പെടുത്തലാണിത്. 1990 ലെ രഥയാത്രക്കിടെ തന്റെ മതേതര പ്രതിബദ്ധത തെളിയിക്കാന്‍ ‘രഥ’ത്തിന്റെ ഡ്രൈവര്‍ മുസ്്‌ലിമാണെന്ന് അദ്വാനി പറഞ്ഞപോലെ. വൈറലാകുമെന്ന് ഉറപ്പുനല്‍കുന്ന എന്തെങ്കിലും പറഞ്ഞ് അത്താവാലെ ഓരോ തവണയും തന്റെ സാന്നിധ്യം ഓര്‍മ്മിപ്പിക്കുന്നു. എന്നിരുന്നാലും മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് മഹാരാഷ്ട്രയില്‍ ചെറിയ ദലിത് വോട്ട് ഉണ്ട്. അതിനാല്‍ അദ്ദേഹം സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രിയാണ്. ഇത് ഒരു വശമാണ്, എന്നാല്‍ മന്ത്രിസഭയിലെ ഏക മുസ്്‌ലിമായ അത്താവാലെ ന്യൂനപക്ഷകാര്യ വകുപ്പും കൈകാര്യം ചെയ്യുന്നു.
ഇത് മോദിക്കും ഷാക്കും എതിരെ ഉപയോഗിക്കാന്‍ കഴിയുമോ? മുന്‍ ഹരിയാന മുഖ്യമന്ത്രി (അഴിമതിക്കേസില്‍ ജയിലില്‍ കിടക്കുന്നു, ഇപ്പോള്‍ പരോളിലാണ്) ഓം പ്രകാശ് ചൗതാല എന്നോട് പറഞ്ഞതില്‍ ഉണ്ട്. ഹം യഹാന്‍ തീര്‍ത്ത് യാത്ര പാര്‍ നഹിന്‍ അയേ (ഞങ്ങള്‍ ഇവിടെ തീര്‍ത്ഥാടനത്തിന് വന്നതല്ല, അധികാരത്തിന് വേണ്ടിയാണ് രാഷ്ട്രീയം) എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പുതിയ ബി.ജെ.പി ആ പരീക്ഷണം വിജയിക്കുന്നു, ശിരഛേദം ചെയ്ത സഖ്യകക്ഷികളെക്കുറിച്ചോ, ചവിട്ടിയരയ്ക്കപ്പെട്ട കാല്‍പാദങ്ങളെക്കുറിച്ചോ, ഒടിക്കപ്പെട്ട കൈ കാലുകളെക്കുറിച്ചോ ഉള്ള കാര്യങ്ങള്‍ മറന്നേക്കുക.
നമുക്ക് 1998 മുതല്‍ 2014 വരെ പോകാം. ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയെങ്കിലും ഏഴ് സഖ്യകക്ഷികള്‍ സര്‍ക്കാരിന്റെ ഭാഗമായിരുന്നു. ശിവസേന, പസ്വാന്റെ എല്‍.ജെ.പി, ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി, ശിരോമണി അകാലിദള്‍, എന്നിവര്‍ക്ക് ക്യാബിനറ്റ് റാങ്കും അനുപ്രിയ പട്ടേലിന്റെ അപ്‌നാ ദള്‍, ഉപേന്ദ്ര കുഷ്‌വാഹയുടെ രാഷ്ട്രീയ ലോക് താന്ത്രിക് സമാജ് വാദി പാര്‍ട്ടി, അത്താവാലെയുടെ ആര്‍.പി.ഐ എന്നിവര്‍ക്ക് സഹമന്ത്രി സ്ഥാനവും നല്‍കി. ആറ് വര്‍ഷത്തിന്‌ശേഷം അത്താവാലെ മാത്രമാണ് അതിജീവിച്ചിരിക്കുന്നതെന്നത് നമ്മുടെ രാഷ്ട്രീയത്തില്‍ ഉണ്ടായ വലിയ മാറ്റത്തെയാണ് പറയുന്നത്. ഇത് ഭൂതകാലത്തെക്കുറിച്ചുള്ള വാദമല്ല. നേരെമറിച്ച്, ഭാവിയിലേക്കുള്ള രാഷ്ട്രീയ ചൂണ്ടുപലകയാണ്. പക്ഷേ, നാം ഭൂതകാലത്തെ വീണ്ടും പരാമര്‍ശിക്കേണ്ടതുണ്ട്. അദ്വാനിയും അടല്‍ ബിഹാരി വാജ്‌പേയിയും തങ്ങളുടെ ആദ്യത്തെ എന്‍.ഡി.എയിലേക്ക് കൊണ്ടുവന്ന പാര്‍ട്ടികളില്‍ എല്ലാം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല, ചില പാര്‍ട്ടികളുടെ പേരുകള്‍ അക്ഷരത്തെറ്റ് പോലെ കാണപ്പെടാം. യു.പി.എസ്.സി ടോപ്പര്‍ക്ക് പോലും ചില പാര്‍ട്ടികളുടെ മുഴുവന്‍ പേര് പറയാന്‍ സാധിച്ചെന്നുവരില്ല. എന്നാല്‍ ചില പേരുകള്‍ മറക്കാനാവാത്തതാണ്. ആദ്യത്തെ എന്‍.ഡി.എ മന്ത്രിസഭകളില്‍ പ്രതിരോധ മന്ത്രിയായി ജോര്‍ജ്ജ് ഫെര്‍ണാണ്ടസുണ്ടയിരുന്നു. ഒരു സഖ്യകക്ഷി പ്രതിനിധി ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയില്‍ അംഗമാകുന്നത് അവസാനമായിട്ട് അപ്പോഴായിരുന്നു. അദ്ദേഹത്തിന്റെ സഖാവും ചിലപ്പോള്‍ ശത്രുവുമായ നിതീഷ്‌കുമാര്‍ വിവിധ സമയങ്ങളില്‍ റെയില്‍വേ, കാര്‍ഷിക മന്ത്രാലയങ്ങള്‍ വഹിച്ചിരുന്നു. മമത ബാനര്‍ജി, നവീന്‍ പട്‌നായിക്, ശരദ് യാദവ്, രാംവിലാസ് പസ്വാന്‍ എന്നിവരും പ്രധാന വകുപ്പുകളുമായി ഉണ്ടായിരുന്നു. ശിവസേനയിലെ സുരേഷ് പ്രഭുവിനെപ്പോലെയുള്ളവരും. സ്പീക്കര്‍ പദവിയില്‍ ടി.ഡി.പിയിലെ ജി.എം.സി ബാലയോഗി ഉണ്ടായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സിലെ അബ്ദുള്ളമാരുണ്ടായിരുന്നു. അതൊരു വളരെ ശക്തമായ കൂട്ടുകക്ഷി സര്‍ക്കാരായിരുന്നു. നിതീഷ്‌കുമാര്‍ ഇപ്പോഴും എന്‍.ഡി.എ സഖ്യത്തിലുണ്ട്. എന്നാല്‍ കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ആരും ഇല്ല. ബിഹാറില്‍ അദ്ദേഹത്തിന്റെ പ്രഭാവത്തിന് മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്. ഒരു തവണകൂടി മുഖ്യമന്ത്രിയായാലും അത് അദ്ദേഹത്തിന്റെ അവസാനത്തെതായിരിക്കും. പാര്‍ട്ടിയിലോ കുടുംബത്തിലോ പിന്‍ഗാമികള്‍ ഇല്ലാത്തതിനാല്‍ ആ പാര്‍ട്ടിയില്ലാതാകുന്നതുവരെ ബി.ജെ.പി കാത്തിരിക്കും.
പശ്ചിമ ബംഗാളില്‍ മുന്‍ സഖ്യകക്ഷിയായ മമത ബാനര്‍ജിയുമായി ബി.ജെ.പി ഇപ്പോള്‍ ശത്രുതയിലാണ്. അവര്‍ ജയിച്ചാലും തോറ്റാലും ദുര്‍ബലയായിരിക്കും. നവീന്‍ പട്‌നായിക്ക് ഒഡീഷയില്‍ തനിച്ചാണ്. അദ്ദേഹത്തിന് പ്രായമാവുകയാണ്. അദ്ദേഹം ഒഴിച്ചിടുന്ന സ്ഥലം തങ്ങള്‍ക്കായിരിക്കുമെന്ന് ബി.ജെ.പിക്കറിയാം. 2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വലിയ നീക്കം അവിടെ നടത്തുന്നത് കാത്തിരുന്ന് കാണാം. മുമ്പുണ്ടായിരുന്ന സംഗതികള്‍ തന്നെ ആവര്‍ത്തിക്കപ്പെടും. ചിലര്‍ വിമത സ്വരം ഉയര്‍ത്തും. സി.ബി.ഐയും ഇ.ഡിയും മറ്റും ഇടപെടും. അനുഭാവി ചാനലുകളും സാമൂഹ്യ മാധ്യമങ്ങളും യുദ്ധം തന്നെ പ്രഖ്യാപിക്കും. അതൊന്നും നേരിടാന്‍ വയോധികനായ പട്‌നായിക്കിന് കഴിയില്ല. മോദി-ഷാ കാലഘട്ടത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നുവെങ്കിലും മെഹ്ബൂബ മുഫ്തിയും അബ്ദുള്ളമാരും ഒരു വര്‍ഷത്തിനടത്താണ് തടവറയില്‍ കഴിഞ്ഞത്.
ശിവസേന ഇപ്പോള്‍ കടുത്ത എതിരാളിയാണ്, സുരേഷ് പ്രഭു ബി.ജെ.പിയിലും. ശരദ് യാദവ് ഒരിടത്തും ഇല്ല, മകള്‍ സുഭാഷിനി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പസ്വാന്‍ കുടുംബത്തിന്റേത് ചിരപരിചിതമായ കഥയാണ്. അടുത്ത തെരഞ്ഞെടുപ്പോടെ ആ പാര്‍ട്ടി ഇല്ലാതാവും. ചന്ദ്രബാബുനായിഡു ഇപ്പോള്‍ കടുത്ത എതിരാളിയാണ്. അദ്ദേഹത്തെ തകര്‍ത്ത വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഢി സി.ബി.ഐയുടെയും ഇ.ഡിയുടെയും ഔദാര്യത്തില്‍ കഴിയുന്നു. അദ്ദേഹം ജുഡീഷ്യറിയുമായി കടുത്ത പോരാട്ടത്തിലാണ്, അദ്ദേഹത്തില്‍ ഒരു സ്വാധീനം തീര്‍ച്ചയായും എല്ലായ്‌പ്പോഴും മോദി സര്‍ക്കാരിന് ഉണ്ടാകും. തെക്ക്, തമിഴ്‌നാട്ടില്‍ ദുര്‍ബലമായ എ. ഐ.എ.ഡി.എം.കെയെ സന്തോഷത്തോടെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ് ബി.ജെ.പി. ഏറ്റവും ക്രൂരമായ യുദ്ധമുറയാണ് രാഷ്ട്രീയം. അവരുടേതായ പ്രദേശങ്ങളില്‍ ബി.ജെ.പിയെ ഒഴിവാക്കാനാവാത്ത അവസ്ഥ തിരിച്ചറിയുകയും കാലക്രമേണ സ്വയം അപ്രസക്തരാകുകയും ചെയ്യുകയാണ് പട്‌നായിക്കും റെഡ്ഢിയും നിതീഷുമൊക്കെ ചെയ്യുന്നത്. അവര്‍ ഇപ്പോഴും തെരഞ്ഞെടുപ്പില്‍ പോരാടുന്നുണ്ടാകാം. അതേസമയം അവര്‍ അവരുടെ ആത്മാഭിമാനത്തെ അടക്കിനിര്‍ത്തി, രാജ്യസഭയിലെ ബി.ജെ.പിക്ക്‌വേണ്ടി വോട്ടു ചെയ്യുന്നു. നിങ്ങള്‍ നിങ്ങളുടെ നാടുകളിലെ ചക്രവര്‍ത്തിമാരായിരിക്കും. എന്നാല്‍ യഥാര്‍ത്ഥ അധികാരം ഏജന്‍സികളും ദേശീയ മാധ്യമങ്ങളും പണച്ചാക്കുകളും എല്ലാം കേന്ദ്രത്തിന്റെ പക്കലാണ്.
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സര്‍ക്കാരാണ് മോദിയുടെയും ഷായുടെതെന്നും പറയാം. അക്കാര്യത്തില്‍ അവര്‍ക്ക് യാതൊരു കുറ്റബോധവുമില്ല. 24ഃ7ഃ365 ദിവസവും അധികാരത്തോടും രാഷ്ട്രീയത്തോടുമുള്ള അവരുടെ ആസക്തി ഇന്ത്യയില്‍ ഇതുവരെ ഇല്ലാത്ത രീതിയിലുള്ളതായിരിക്കാം. അവരുടെ എല്ലാ സാമ്പത്തിക തീരുമാനങ്ങളും രാഷ്ട്രീയത്താല്‍ നിര്‍ണയിക്കപ്പെട്ടതാണ്. അതുകൊണ്ടാണ് പലിശനിരക്ക് കൂടുതല്‍ വെട്ടിക്കുറയ്ക്കാത്തത്, അതുകൊണ്ടാണ് കേന്ദ്രം കൂടുതല്‍ ഉത്തജേക പരിപാടി നടപ്പിലാക്കാത്തത്. അത് പണപ്പെരുപ്പം വര്‍ധിപ്പിച്ചേക്കും. അത് ദരിദ്ര വിഭാഗക്കാര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാര്‍ പൊതുചിലവിന്റെ കാര്യത്തില്‍ നടത്തുന്ന ഒരോ ത്യാഗങ്ങളും ഏറ്റവും ദരിദ്രരായവര്‍ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാണ്. പണപ്പെരുപ്പം, ക്ഷേമം, വളര്‍ച്ച എന്നിവ തമ്മിലുള്ള ആ ഒത്തുതീര്‍പ്പ് ശുദ്ധവും അപകടസാധ്യതയില്ലാത്തതുമായ രാഷ്ട്രീയമാണ്. അതുപോലെ പെട്രോളിയം നികുതി നിരക്കുകള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിലനിര്‍ത്താനും അവര്‍ മടിക്കില്ല. കാരണം മധ്യവര്‍ഗത്തില്‍പ്പെട്ടവര്‍ മാത്രമാണ് വാഹനങ്ങള്‍ ഓടിക്കുന്നത്. അവരുടെ വോട്ടുകള്‍ നേരത്ത ഉറപ്പാക്കിയതാണ്. ദേശീയ രാഷ്ട്രീയത്തില്‍ മുന്നോട്ടുപോകുന്ന കളികള്‍ ഇതാണ്. നിങ്ങള്‍ക്കത് ഇഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് നല്ലത്. ഇഷ്ടമല്ലെങ്കില്‍ വിജയം വരിച്ച അശ്വമേധത്തെ തളയ്‌ക്കേണ്ടിവരും. അദ്വാനി ഇവിടെ തന്നെയുണ്ട്. അദ്ദേഹത്തോട് ചോദിക്കുക. അദ്ദേഹം നിരാശനായിരിക്കില്ല. 1998 ല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ പരിവര്‍ത്തനം ചെയ്യാനുള്ള പ്രചാരണത്തിന് അദ്ദേഹം തുടക്കംകുറിച്ചു. അദ്ദേഹത്തിന്റെ തന്നെ ജീവിത കാലത്ത് ശിക്ഷ്യന്മാര്‍ അദ്ദേഹത്തിന്റെ പ്രതിജ്ഞ പാലിച്ചു. പൂര്‍ണമായില്ലെങ്കിലും വളരെ വലിയ തോതില്‍. ക്ഷമിക്കണം നെഹ്‌റു ആരാധകരേ, അദ്ദേഹത്തില്‍നിന്ന് ഇത് കവര്‍ന്നതിന്.
(കടപ്പാട്: വേലുൃശി.േശി)