കെ.പി ജലീല്‍

ശശികലയുടെ വിശ്വസ്തന്‍ എടപ്പാടി കെ. പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെങ്കിലും തമിഴ്‌നാട്ടില്‍ കഴിഞ്ഞ പത്തു ദിവസമായി തുടര്‍ന്നുവരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതിയാവുന്നില്ല. ശശികല ജയിലില്‍ പോയി രണ്ടാം ദിവസമാണ് കാത്തുകാത്തിരുന്ന ശേഷം ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ഉച്ചക്ക് പന്ത്രണ്ടുമണിയോടെ പളനി സ്വാമിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. 124 നിയമസഭാംഗങ്ങളുടെ പിന്തുണ പളനിസ്വാമി അവകാശപ്പെടുന്നുണ്ടെങ്കിലും തമിഴ്ജനതയുടെ കാല്‍ഭാഗംപോലും പിന്തുണ പളനിസ്വാമി വിഭാഗത്തിനില്ലെന്നതാണ് വാസ്തവം.

ജയലളിതയെ അമ്മയും തലൈവിയുമായി കാണുന്ന ജനങ്ങള്‍ തന്നെ തോഴി ശശികലയെ ശക്തിയുക്തം എതിര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോഴും തമിഴ്‌നാട്ടില്‍ കാണാനാവുന്നത്. പടിഞ്ഞാറ് കോയമ്പത്തൂര്‍ മുതല്‍ തെക്ക് ഡിണ്ടിക്കല്‍ വരെയും വടക്ക് ധര്‍മപുരി വരെയും ഉള്‍പെടുന്ന പ്രദേശമായ പഴയ കൊങ്ങുനാട്ടില്‍ ഇപ്പോഴും വലിയ പിന്തുണ പനീര്‍ശെല്‍വം പക്ഷത്തിനാണ്. പളനിസ്വാമിയെക്കുറിച്ച് സേലം ഭാഗത്തുള്ളവര്‍ക്കല്ലാതെ പൊതുജനങ്ങള്‍ക്ക് കാര്യമായ അറിവില്ല. തേനി സ്വദേശിയായ ഒ. പനീര്‍ശെല്‍വത്തെയാണ് ജയലളിതയും ശശികലയും കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് കാര്യമായി അറിയുന്നത്. ജയ മന്ത്രിസഭയില്‍ നാലാമനായിരുന്നു പൊതുമരാമത്തിന്റെ ചുമതലയുണ്ടായിരുന്ന പളനിസ്വാമി.

234 അംഗ സംസ്ഥാന നിയമസഭയില്‍ പളനിസ്വാമിക്ക് ഭൂരിപക്ഷം പേരായ 118 പേരുടെ പിന്തുണ ഉറപ്പാക്കാനാകുമോ എന്ന സംശയം ഇപ്പോഴും തുടരുകയാണ്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിലേക്കാകും സംസ്ഥാനം പോകുക. തുടര്‍ന്ന് ഒരു തെരഞ്ഞെടുപ്പിലേക്കും. ഒരു വര്‍ഷത്തിനകത്തെ രണ്ടാമത്തെ നിയമസഭാതെരഞ്ഞെടുപ്പ്. അതേസമയം 124 പേരുടെ പിന്തുണ നേടിയെടുത്താല്‍ തന്നെയും ഏഴു പേരുടെ മാത്രം ഭൂരിപക്ഷംകൊണ്ട് എത്രകാലം പളനിസ്വാമി സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയുമെന്നതും സന്ദേഹമായി നിലനില്‍ക്കുന്നു. ഇനി പനീര്‍ശെല്‍വത്തിന് പാര്‍ട്ടിയിലെ 18 പേരുടെ പിന്തുണ കിട്ടിയാല്‍ ഡി.എം.കെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിയുമെങ്കിലും അതിനേക്കാള്‍ ഭേദം തെരഞ്ഞെടുപ്പാണെന്നാണ് ഡി.എം.കെ ഇതിനകംതന്നെ സൂചിപ്പിച്ചിട്ടുള്ളത്.

ഇതിനൊരുങ്ങാന്‍ പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പനീര്‍ശെല്‍വം പക്ഷം ഡി. എം.കെ മുന്നണിയുമായി ചേരുമോ എന്നതും കാത്തിരുന്നു കാണണം. അങ്ങനെവന്നാല്‍ അണ്ണാ ഡി.എം.കെയുടെ ഭിന്നത മുതലെടുത്ത് നിയമസഭയില്‍ ഭൂരിപക്ഷം നേടാന്‍ ഡി.എം.കെ മുന്നണിക്ക് കഴിഞ്ഞേക്കും. എന്നാല്‍ തനിച്ചുനിന്ന് പനീര്‍ശെല്‍വത്തോട് ജനത്തിനുള്ള താല്‍പര്യവും ജയലളിതയോടുള്ള സഹതാപവും തരംഗമായാല്‍ പനീര്‍ശെല്‍വം വിഭാഗം ഭൂരിപക്ഷം നേടിക്കൊള്ളില്ലെന്നുമില്ല. ഈ സാധ്യതയാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ഇതുവഴി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര ഭരണകക്ഷി.

അതേസമയം ബി.ജെ.പിയുമായി കൂടിയാല്‍ അത് വര്‍ഗീയതക്ക് കൂട്ടുനിന്നുവെന്ന പരാതിക്ക് ഇടവരുത്തുമെന്ന ഭയവും പനീര്‍ വിഭാഗത്തിനുണ്ട്.
എട്ടു ജില്ലകളുള്‍പെടുന്ന കൊങ്ങുനാട്ടിലെ സേലം ജില്ലയിലെ എടപ്പാടിയില്‍ നിന്നുള്ള കൊങ്കുവെള്ളാളര്‍ ഗൗണ്ടര്‍ സമുദായാംഗവും കര്‍ഷകനുമായ പളനിസ്വാമി ജയലളിതയുടെ മന്ത്രിസഭയില്‍ പൊതുമരാമത്തു വകുപ്പു മന്ത്രിയായിരുന്നുവെന്നതു ശരിയാണെങ്കിലും ജയയുടെ മരണത്തോടെ തങ്ങളുടെ അനഭിമതയായ ശശികലയുടെ പക്ഷംപിടിക്കുന്നതാണ് ജനത്തിന് അലോസരമുണ്ടാക്കുന്നത്.

രണ്ടാഴ്ച മുമ്പ് ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുത്തശേഷം പതുക്കെപ്പതുക്കെ ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നില്‍ പളനിസ്വാമിയായിരുന്നു. ജയലളിതയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന പനീര്‍ശെല്‍വത്തിന് എതിരാണ് പളനിസ്വാമിയും തമ്പിദുരൈയും അടക്കമുള്ളവരെന്ന് ജനം അറിയുന്നതുതന്നെ ഈ ഘട്ടത്തിലാണ്. മൂന്നു തവണ മുഖ്യമന്ത്രിയായപ്പോഴും രണ്ടാം നിരയില്‍പെട്ടിരുന്ന പളനിസ്വാമിയും അനുകൂലികളും പനീരിനെതിരായ വികാരം പുറത്തുവിടാതിരിക്കുകയായിരുന്നു.
ജയലളിത മരിച്ചയുടന്‍ മുഖ്യമന്ത്രിയായി പനീര്‍ശെല്‍വത്തെ മൂന്നാമതും നിശ്ചയിച്ചത് പളനിസ്വാമിക്കും സെങ്കോട്ടയ്യന്‍, തമ്പിദുരൈ എന്നിവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല.

അവര്‍ ശശികലക്കുവേണ്ടി പനീരിനെ ഒഴിവാക്കാനായി തക്കം പാര്‍ത്തിരിക്കുകയായിരുന്നു. സ്വത്തു കേസില്‍ സുപ്രീംകോടതിയുടെ വിധി വരാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ പനീരിനെ ഒഴിവാക്കാന്‍ ശശികല നടത്തിയ നീക്കത്തിന് ചുക്കാന്‍ പിടിച്ചതില്‍ പ്രമുഖര്‍ ഈ മൂവര്‍ സംഘമായിരുന്നു. കോടതി ശിക്ഷ ശരിവെച്ചാല്‍ ജയിലിലേക്കു പോകുകയും പകരം പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുകയും ചെയ്യുക എന്നതായിരുന്നു ശശികലയുടെയും കൂട്ടരുടെയും ബി-പ്ലാന്‍. ഇത് മണത്തറിഞ്ഞ ശേഷമാണ് പനീര്‍ശെല്‍വം ഫെബ്രുവരി ആറിന് രാത്രി മറീന ബീച്ചിലെ ജയസമാധിയില്‍ വെച്ച് ശശികലക്കെതിരെ വെടിപൊട്ടിച്ചത്. അന്ന് മന്ത്രി ഉദയകുമാറിന്റെ പേര് മാത്രമാണ് പനീര്‍ശെല്‍വം പരാമര്‍ശിച്ചതെങ്കിലും പളനിസ്വാമിയെയും മറ്റും അദ്ദേഹം മന:പൂര്‍വം ഒഴിവാക്കുകയായിരുന്നു.

ശശികലയുടെ ബിനാമിയായി ഭരണം നടത്താനാണ് പളനിസ്വാമി ഇനി ശ്രമിക്കുക. എന്നുമാത്രമല്ല, ശശികലയുടെ മണ്ണാര്‍കുടി കുടുംബത്തിന്റെ മുഴുവന്‍ നിയന്ത്രണത്തിലുമായിരിക്കും പളനിസ്വാമി. ഇത് അദ്ദേഹത്തിന് എത്രകാലം കൊണ്ടുനടക്കാന്‍ കഴിയുമെന്നതും ജനം ഉറ്റുനോക്കുകയാണ്. ജയിലിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് തന്റെ മൂത്ത സഹോദരി വനിതാമണിയുടെ മകനായ ടി.ടി.വി ദിനകരനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍സെക്രട്ടറി സ്ഥാനം കൊടുത്തതു വഴി ശശികല പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒരേ സമയം തന്റെയും കുടുംബത്തിന്റെയും വരുതിയില്‍ നിര്‍ത്താനാണ് ശ്രമിച്ചിരിക്കുന്നത്.

ഇത് എ.ഐ.ഡി.എം.കെക്കകത്ത് വരും നാളുകളില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചു കൂടായ്കയില്ല. കാരണം ജയലളിത 2011ല്‍ പുറത്താക്കിയവരില്‍ പ്രധാനിയാണ് ശശികലയുടെ ഈ അനന്തിരവന്‍. മുന്‍ രാജ്യസഭാംഗമായ ഇദ്ദേഹം ജയ ടി.വിയുടെ ഡയറക്ടറുമായിരുന്നു. തന്നെ അധികാരത്തില്‍ നിന്ന് തെറിപ്പിച്ച് തമിഴ്‌നാട് ഭരണം പിടിക്കാന്‍ ദിനകരനും കൂട്ടരും ശ്രമിച്ചതായാണ് ജയക്ക് അന്ന് ഇന്റലിജന്‍സ് നല്‍കിയ വിവരം. ഇതേതുടര്‍ന്നായിരുന്നു പുറത്താക്കല്‍. പോയസ് ഗാര്‍ഡനില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട 12 പേരില്‍ മാപ്പെഴുതിക്കൊടുത്ത ശേഷം ശശികലയെ മാത്രമാണ് ജയ ആറു മാസത്തിനുശേഷം തിരിച്ചെടുത്തത്. തനിക്ക് രാഷ്ട്രീയത്തിലോ ഔദ്യോഗിക സ്ഥാനങ്ങളിലോ ഒരുവിധ ആശയും പ്രതീക്ഷയും ഇല്ലെന്നും തന്റെ അക്കയെ (ജയലളിത) ചതിക്കാന്‍ ശ്രമിച്ചവരുമായി തനിക്കിനി ഒരുതരത്തിലുള്ള ബന്ധവുമുണ്ടാകില്ലെന്നുമായിരുന്നു ശശികലയുടെ

മാപ്പപേക്ഷയിലുണ്ടായിരുന്നത്. എന്നാല്‍ ഇതെല്ലാം ജയയുടെ മരണത്തോടെ ഒറ്റയടിക്ക് തിരുത്തി ഭരണവും പാര്‍ട്ടിയും തന്റെ കുടുംബത്തെ ഏല്‍പിച്ചിരിക്കുകയാണ്. സത്യത്തില്‍ സുപ്രീംകോടതിയുടെ ഫെബ്രുവരി 14ലെ വിധിയില്‍ കുറ്റപ്പെടുത്തുന്നവരെല്ലാം ഇപ്പോള്‍ ശശികലയുടെയും തമിഴ്‌നാട് ഭരണത്തിന്റെയും പിറകിലാകുകയാണ് എന്നതാണ് ഏറെ രാഷ്ട്രീയമായി കൗതുകകരവും ഭീതിതവുമാകുന്നത്.

ഇതിനിടെ ബി.ജെ.പിയുടെ പിന്തുണയോടെ പനീര്‍ശെല്‍വം ചില കളികള്‍ കളിച്ചുകൂടായ്കയില്ലെന്ന സംശയവും തമിഴ്‌നാട്ടില്‍ ബലപ്പെടുന്നുണ്ട്. കേന്ദ്ര ഭരണകക്ഷി എന്ന നിലക്ക് എം. എല്‍.എമാരെ സ്വാധീനിച്ച് പനീര്‍ശെല്‍വത്തിന് അനുകൂലമായ പിന്തുണ സൃഷ്ടിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കുമെന്നതിന്റെ സൂചനകളാണ് കാണുന്നത്. ബി.ജെ.പിയുടെ ഈയൊരു നിര്‍ദേശമായിരിക്കാം ഗവര്‍ണര്‍ റാവു നടപ്പാക്കിയത്. അല്ലെങ്കില്‍ സുപ്രീം കോടതി വിധി വന്നയുടന്‍ തന്നെ പളനിസ്വാമിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ക്ക് ക്ഷണിക്കാമായിരുന്നു. അതില്ലാതിരുന്നത് പനീര്‍ക്യാമ്പിന് എം.എല്‍.എമാരെ കൂടെക്കൂട്ടാന്‍ പരമാവധി സൗകര്യം ചെയ്യാനായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ഭാവിയില്‍ ദിനകരന്‍തന്നെ പളനിസ്വാമിയെ പിന്തള്ളി മുഖ്യമന്ത്രിയാകാനുള്ള സാധ്യതയും പലരും കാണുന്നുണ്ട്. എന്നാല്‍ തന്റെ സ്വപ്‌നമായ മുഖ്യമന്ത്രിപദം ലഭിച്ചശേഷം പനീര്‍ശെല്‍വത്തോടും ജനഹിതത്തോടും അടുക്കാന്‍ അദ്ദേഹം ശ്രമിച്ചാല്‍ അത് ശശികലക്ക് തിരിച്ചടിയാകും. ഏതായാലും പളനിസ്വാമിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതുവഴി ശശികല ഉദ്ദേശിച്ച ജാതിവിന്യാസം തന്ത്രപരമായി തല്‍കാലത്തേക്ക് അവര്‍ക്ക് ഗുണകരമാകും.

പനീര്‍ശെല്‍വം ശശികലയുടെ തേവര്‍ വിഭാഗത്തില്‍പെട്ടതാണെന്നതാണ് ഗൗണ്ടര്‍ വിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കാന്‍ ശശികല ശ്രമിച്ചതിന് കാരണം. ജയലളിതയും മുന്‍മുഖ്യമന്ത്രിമാരുമെല്ലാം തമിഴ്‌നാട്ടിലെ ഈ ജാതി സമവാക്യത്തെ എന്നും ഫലപ്രദമായി ബലാബലത്തില്‍ നിര്‍ത്തുന്ന രീതിയാണ് സ്വീകരിച്ചത്. ആ ശൈലി തന്നെയാണ് ശശികലയും സ്വീകരിച്ചിരിക്കുന്നത്. ഇതെത്രകാലത്തേക്ക് എന്ന ചോദ്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്.