Connect with us

Video Stories

നബിദിന ചിന്തകള്‍

Published

on

 

അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫാ റസൂല്‍ കരീം (സ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ മാസമാണ് റബീഉല്‍ അവ്വല്‍. ദിനേന ഏറ്റവും ചുരുങ്ങിയത് അഞ്ചു പ്രാവശ്യമെങ്കിലും പ്രവാചക സ്മരണ പുതുക്കി കൊണ്ടിരിക്കണമെന്ന് സത്യവിശ്വാസികള്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിലും ആകാശങ്ങളിലും അതിനപ്പുറവും ഇത്തരത്തില്‍ സ്മരിക്കപ്പെടുന്ന മറ്റൊരു വ്യക്തിത്വം ഭൂമുഖത്തുണ്ടായിട്ടില്ല. ‘അല്ലാഹുവും അവന്റെ മലക്കുകളും പ്രവാചകനില്‍ അനുഗ്രഹം ചൊരിയുന്നു, സത്യവിശ്വാസികളെ നിങ്ങളും അദ്ദേഹത്തിന് അനുഗ്രഹവും ശാന്തിയും നേര്‍ന്നു കൊള്ളുക’ (33:56). പ്രവാചകന്റെ മേല്‍ അല്ലാഹുവിന്റെ സലാത്ത് അനുഗ്രഹ വര്‍ഷവും നമ്മുടെ സ്വലാത്ത് പ്രവാചകന് വേണ്ടിയുള്ള പ്രാര്‍ത്ഥനയുമാണ്. ആരെങ്കിലും പ്രവാചകന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അവന്റെ മേല്‍ അല്ലാഹു പത്ത് സ്വലാത്ത് ചൊല്ലുന്നതാണ്. ഇതില്‍ നിന്ന് തന്നെ പ്രവാചക സ്മരണയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്.
പ്രവാചകന്റെ സ്വഭാവം ഖുര്‍ആനിന്റെ സ്വഭാവമായിരുന്നു എന്ന് പ്രസിദ്ധമായ ഒരു ഹദീസ് ഉണ്ട്. ഖുര്‍ആന്റെ സ്വഭാവം അല്ലാഹുവിന്റെ വിശേഷങ്ങളുടെ ബഹിര്‍സ്ഫുരണമാണ്. ദൈവിക ഗുണ വിശേഷണങ്ങളില്‍ ഏറ്റവും മുന്നിലുള്ളത് കാരുണ്യത്തിന്റെ പ്രവാഹമാണ്. സത്തയില്‍ കരുണ എഴുതപ്പെട്ട അസ്തിത്വമാണ് അല്ലാഹു എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നുണ്ട്. ഖുര്‍ആനിന്റെ ഭൂമിയിലെ ചലിക്കുന്ന ഭൗതിക മാതൃകയായിരുന്നു പ്രവാചകന്‍. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ കുത്തൊഴുക്ക് ജനം അനുഭവിച്ചറിഞ്ഞ ഒരു മഹത് ജീവിതം. മനുഷ്യമനസ്സിന്റെ പ്രകൃതത്തില്‍ തന്നെ മാര്‍ഗദര്‍ശനം ഉത്ഭൂതമാക്കിയിട്ടുണ്ടെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. അപ്പോള്‍ ദിവ്യഗ്രന്ഥാവതരണവും പ്രവാചക നിയോഗവും മനുഷ്യര്‍ക്കുള്ള അല്ലാഹുവിന്റെ അധിക കാരുണ്യമാണ്. ഖുര്‍ആന്‍ അല്ലാഹുവിന്റെ കാരുണ്യവും പ്രവാചകന്‍ ലോകാനുഗ്രഹിയുമാണെന്ന് ഖുര്‍ആന്‍ എടുത്തു പറയുന്നുമുണ്ട്. ആ പ്രവാചകനിലാണ് യഥാര്‍ത്ഥ മാതൃക.
‘നിങ്ങളില്‍ അല്ലാഹുവിനെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുന്നവര്‍ക്ക് പ്രവാചകനില്‍ ഉത്തമ മാതൃകയുണ്ട് (33:21).
സൂറത്തുല്‍ അഹ്‌സാബിലെ ഈ സൂക്താവതരണത്തിന് സവിശേഷമായ ഒരു പശ്ചാത്തലമുണ്ട്. മദീനയില്‍ വളര്‍ന്നുവന്ന ഇസ്‌ലാമിക സമൂഹത്തെ നശിപ്പിക്കാന്‍ ലക്ഷ്യം വെച്ച് യുദ്ധം ചെയ്ത ഖുറൈശികള്‍ പരാജയത്തിന്റെയും അപമാനത്തിന്റെയും ദു:ഖം പേറി നടന്നിരുന്നു. അതിന്റെ അനന്തര ഫലമായിട്ടാണ് ഇസ്‌ലാമിന്റെ ശത്രുക്കളെല്ലാം സംഘം ചേര്‍ന്ന് ഒരു വമ്പന്‍ യുദ്ധത്തിന് കോപ്പു കൂട്ടിയത്. മുശ്‌രിക്കുകളായ ഖുറൈശികളും മദീനയുടെ ശത്രുക്കളായ ഗത്വവാന്‍ ഗോത്രക്കാരും ബനൂ ഖുറൈളക്കാരായ യഹൂദികളും സഖ്യത്തിലായി. അവര്‍ക്ക് പിന്തുണക്കായി പ്രവാചകന്റെ കൂട്ടത്തില്‍ കടന്നുകയറിയ മുനാഫിക്കുകളെയും ലഭിച്ചു. എല്ലാവരും ചേര്‍ന്നു മദീനക്ക് നേരെ പട നയിച്ചു. ആ സംഭവം മദീനയെ ആമൂലാഗ്രം ഭീകരാവസ്ഥയും ദുരന്തഭീതിയും ഗ്രസിച്ചു കളഞ്ഞു. യോദ്ധാക്കളുടെ കുറവും സാമഗ്രികളുടെ ദൗര്‍ലഭ്യവും ദാരിദ്ര്യവും പ്രവാചകനെയും അനുഭാവികളെയും വല്ലാതെ അലട്ടിയ ആ സന്ദര്‍ഭം സത്യവിശ്വാസികള്‍ക്ക് കടുത്ത പരീക്ഷണം തന്നെയായിരുന്നു. ആ രംഗം അല്ലാഹു ഇങ്ങനെ വിവരിക്കുന്നു ‘മേലെ നിന്നും താഴെ നിന്നും അവര്‍ നിങ്ങളെ ആക്രമിക്കാന്‍ വന്നു. പേടിച്ചരണ്ട് നിങ്ങളുടെ കണ്ണു തള്ളിപ്പോയി. ഹൃദയങ്ങള്‍ തൊണ്ടക്കുഴിയോളമെത്തി. അല്ലാഹുവിനെക്കുറിച്ച് എന്തൊക്കെയോ നിങ്ങള്‍ ധരിച്ചു. അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു. കഠിനമായി വിറപ്പിക്കപ്പെട്ടു. ‘അല്ലാഹുവും അവന്റെ ദൂതനും നമുക്ക് തന്ന വാക്ക് മതിയായിരുന്നു’ എന്ന് കപടവിശ്വാസികളും മനസ്സിന് ദീനം പിടിച്ചവരും പറഞ്ഞുകൊണ്ടിരുന്നു. ‘യഥ്‌രിബുകാരെ നിങ്ങള്‍ക്കിവിടെ രക്ഷയില്ല തിരിച്ചുപോവുക: എന്ന് യുദ്ധവേളയില്‍ അവരിലൊരു വിഭാഗം പറഞ്ഞു. വേറൊരു വിഭാഗമാവട്ടെ ഞങ്ങളുടെ വീടുകള്‍ അരക്ഷിതാവസ്ഥയിലാണ് എന്നു പറഞ്ഞു ഒഴിഞ്ഞുമാറാന്‍ പ്രവാചകനോട് അനുമതി ചോദിച്ചുകൊണ്ടിരുന്നു. അവരുടെ വീടുകള്‍ അരക്ഷിതാവസ്ഥയിലായിരുന്നില്ല. ഓടിപ്പോവുക മാത്രമായിരുന്നു അവരുടെ ഉദ്ദേശം’ (33:10-13)
പുറത്തും അകത്തും ശത്രുക്കള്‍ അത്യന്തം സംഭ്രമജനകവും ഭീതിദായകവുമായ ആ അന്തരീക്ഷത്തില്‍ അല്ലാഹുവിലും അവന്‍ പറഞ്ഞതിലും ദൃഢമായ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മദീനാ അതിര്‍ത്തിയില്‍ കിടങ്ങ് കീറി ശത്രുക്കളെ പ്രതിരോധിക്കാനാണ് പ്രവാചകന്‍ അനുയായികളോട് അന്ന് നിര്‍ദ്ദേശിച്ചത്. ‘സ്വന്തം മുന്‍ഗാമികള്‍ക്കുണ്ടായ ദുരനുഭവങ്ങളൊന്നും നേരിടാതെ സ്വര്‍ഗത്തിലേക്ക് പ്രവേശിച്ചു കളയാമെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്. ദുരിതങ്ങളും വിപത്തുകളുമെല്ലാം അവരെ നേരിട്ടു. ദൈവസഹായം എപ്പോഴെത്തും എന്ന് കേഴുന്നതുവരെ പ്രവാചകനും വിശ്വാസികളും വിറപ്പിക്കപ്പെട്ടു. അറിയുക അല്ലാഹുവിന്റെ സഹായം ഇതാ അടുത്തെത്തി (2:214). അല്ലാഹുവിന്റെ ഈ വചനങ്ങള്‍ അനുയായികളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് കിടങ്ങു കുഴിക്കുന്ന ജോലിയില്‍ പ്രവാചകനും അനുയായികള്‍ക്കൊപ്പം കൂടി. പിക്കാസ് കൊണ്ട് കൊത്തുകയും തൂമ്പ കൊണ്ട് കുഴിക്കുകയും ചെയ്തു. പണിക്കാര്‍ക്കൊപ്പം ചേര്‍ന്നു നബിയും പാട്ടുപാടി. ശാന്തമായി എല്ലാത്തിനും നേതൃത്വം നല്‍കുകയും പുഞ്ചിരിച്ചു കൊണ്ട് അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്ന് ആ രംഗം ഒന്നു വിഭാവനം ചെയ്തു നോക്കൂ.. ലോകാനുഗ്രഹിയായി അല്ലാഹു നിയോഗിച്ച, അല്ലാഹുവിന്റെ പിന്തുണയും കാവലും സദാ ഉള്ള മഹാപ്രവാചകനാണ് അവരോടൊപ്പം അതൊക്കെ ചെയ്തത്.
അതവര്‍ക്ക് എത്രമാത്രം ആത്മധൈര്യം പകര്‍ന്നു നല്‍കിയിട്ടുണ്ടാവണം. പ്രവാചകന്റെ വിശ്വാസ ദാര്‍ഢ്യത്തിലും ഏതപകട സന്ധിയിലും ആദര്‍ശത്തില്‍ അടിപതറാതെ നില്‍ക്കാനുള്ള സ്ഥൈര്യത്തിലും അല്ലാഹുവിന്റെ സഹായത്തിലുള്ള ദൃഢബോധ്യത്തിലും പ്രതീക്ഷ അര്‍പ്പിച്ചാണ് ഖന്‍ദഖിലെ രാത്രികളെ പകലാക്കി അവര്‍ കഠിനാധ്വാനം ചെയ്തത്. അവരും നമ്മെപ്പോലെയുള്ള മനുഷ്യരായിരുന്നു. ജീവന്‍ പണയം വെച്ച് പ്രവാചകനോടൊപ്പം നില്‍ക്കാന്‍ അവര്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് അല്ലാഹുവിന്റെ വാഗ്ദത്ത സഹായം എത്തി. ‘സത്യവിശ്വാസികളെ നിങ്ങള്‍ക്കെതിരെ ഒരു സൈന്യം വന്നപ്പോള്‍ അല്ലാഹു ചെയ്തു തന്ന അനുഗ്രഹം ഓര്‍ക്കുക നിങ്ങള്‍ക്ക് കാണാനാവാത്ത ഒരു മറു സൈന്യത്തെയും കാറ്റിനെയും അയച്ചു അവരെ നാം തുരത്തി. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നന്നായി കാണുന്നവനാണ് അല്ലാഹു (33:9)
യുദ്ധരംഗത്ത് മാത്രമല്ല ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസികള്‍ക്ക് മഹാമാതൃകയാണ് പ്രവാചകന്‍. അതൊക്കെ ഖുര്‍ആന്‍ വ്യക്തമായി വരച്ചുകാട്ടുകയും ചെയ്യുന്നുണ്ട്. സമകാലിക ലോകത്തേക്ക് നാം നോക്കിയാല്‍ ഇസ്‌ലാമിനെ ഈ ഭൂമിയില്‍ നിന്ന് പിഴുതെറിഞ്ഞു കളയാം എന്ന മിഥ്യാധാരണയോടെ ശത്രുക്കള്‍ നാനാഭാഗത്ത് നിന്നു അക്രമിക്കുന്നു. മറ്റെന്നെത്തെക്കാളും പ്രവാചക ജീവിതമാതൃക മനുഷ്യന് ഏറ്റവും അനിവാര്യമായ ഒരു കാലഘട്ടമാണിത്. സത്യവിശ്വാസികള്‍ സമ്പൂര്‍ണമായി അതു പിന്‍പറ്റാന്‍ തയാറുണ്ടോ എന്ന ഒരു ചോദ്യം ഓരോ സത്യവിശ്വാസിയുടെയും നേര്‍ക്ക് തിരിഞ്ഞുനില്‍ക്കുന്നുണ്ട്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending