കൊല്‍ക്കത്ത : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലും അസമിലും നാളെ വോട്ടെടുപ്പിന് തുടക്കമാകും. ബംഗാളില്‍ 30 സീറ്റുകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. അസമില്‍ 47 മണ്ഡലങ്ങളും നാളെ ബൂത്തിലെത്തും.

ബംഗാളില്‍ ഇടതുപക്ഷ ശക്തികേന്ദ്രങ്ങളായിരുന്ന പുരുളിയ, ബങ്കുര, ജാര്‍ഗ്രാം, പൂര്‍വ മേദിനിപ്പൂര്‍, പശ്ചിമ മേദിനിപ്പൂര്‍ ജില്ലകളാണ് ആദ്യ ഘട്ടത്തില്‍ വോട്ടു രേഖപ്പെടുത്തുക. ഇവിടങ്ങളിലെ പരസ്യപ്രചാരണങ്ങള്‍ ഇന്നലെ അവസാനിച്ചിരുന്നു.

പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ന്നത്. പ്രചാരണത്തിനിടെ പരിക്കേറ്റ കാലുമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയായ മമത ബാനര്‍ജി പ്രചാരണത്തിന് ഇറങ്ങിയത്.

അസമില്‍ ബിജെപി, എജിപി, യുപിപിഎല്‍ സഖ്യം എന്നിവയാണ് മല്‍സരരംഗത്തുള്ളത്. 126 സീറ്റുള്ള അസമില്‍ മൂന്നു ഘട്ടമായും, പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്ക് എട്ടു ഘട്ടവുമായാണ് വോട്ടെടുപ്പ്.