കോഴിക്കോട്: പൊലീസ് മര്‍ദ്ദനമേറ്റ് കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ക്ക് കേള്‍വി ശക്തി നഷ്ടമായി. വടകര അഴിയൂര്‍ സ്വദേശി സുബൈറിനാണ് കേള്‍വി നഷ്ടമായത് . പൊലീസ് സ്‌റ്റേഷനില്‍ വെച്ചുള്ള മര്‍ദ്ദനത്തെ തുടര്‍ന്ന് സുബൈര്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് ഇയാളെ പൊലീസുകാര്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എസ്. ഐയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് തലയിലെ ഒരു ഞരമ്പിന് ശക്തമായ ക്ഷതം സംഭവിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് സുബൈറിന്റെ വലതു ചെവിയുടെ കേള്‍വി ശക്തി 70 ശതമാനം നഷ്ടമായെന്നാണ് ആശുപത്രിയധികൃതര്‍ പറയുന്നത്. ചോമ്പാല എസ്.ഐ ആണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്.

വടകരയിലെ അയിയൂരില്‍ വെച്ച് സുബൈറിന്റെ ഓട്ടോയില്‍ ഒരു സ്ത്രീ സഞ്ചരിക്കുകയായിരുന്നു. മുന്നില്‍ പോയ ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ കൈയില്‍ മറ്റൊരു വാഹനം തട്ടിയിരുന്നു. ഇതിനെതിരെ പരാതി നല്‍കനാണ് സുബൈര്‍ ചോമ്പാല പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഇദ്ദേഹത്തിനൊപ്പം ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന സ്ത്രീയുമുണ്ടായിരുന്നു. ഇവരെ കണ്ടപാടെ നീയാണല്ലെ വാഹനമിടിപ്പിച്ചത് എന്ന് ചോദിച്ച് മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് പുറകിലും നെഞ്ചിലും നിര്‍ത്താതെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സുബൈര്‍ പറയുന്നത്.

മര്‍ദ്ദനത്തിനിടയില്‍ സുബൈര്‍ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു. ഇതോടെ ഇയാളെ പൊലീസുകാര്‍ മാഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ.്‌ഐയുടെ പേരില്‍ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് സുബൈറിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയി ലേക്ക് മാറ്റി. അഞ്ചു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇന്നലെ സുബൈറിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിനു ശേഷം എസ.്പിക്കും മുഖ്യമന്ത്രിക്കുമടക്കം തന്നെ മര്‍ദ്ദിച്ച എസ്.ഐക്കെതിരെ പരാതി സുബൈര്‍ നല്‍കുകയായിരുന്നു. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം സുബൈര്‍ ഓട്ടോ ഓടിക്കുന്നതാണ്.

സംഭവത്തില്‍ റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട് എന്നാണ് വിവരം. ചോമ്പാല എസ്.ഐയെ അന്വേഷണ സംഘം വിശദീകരണം നല്‍കാന്‍ വിളിപ്പിച്ചു. മര്‍ദ്ദിച്ച കാര്യം എസ.്‌ഐ സമ്മതിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.