Connect with us

Video Stories

ബാബരി: നീതിയാണ് പ്രധാനം

Published

on

കെ.പി ജലീല്‍
ബാബരി മസ്ജിദ് ധ്വംസനക്കേസില്‍ മധ്യസ്ഥനായ സുപ്രീംകോടതിയുടെ പുതിയ അഭിപ്രായ പ്രകടനം മതേതര ഇന്ത്യക്ക് നിരാശ നല്‍കുന്നതാണ്. പ്രശ്‌നത്തില്‍ മതമുള്ളതിനാല്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ തീരുമാനത്തിലെത്തണമെന്നും അതിന് താന്‍ തന്നെ വേണമെങ്കില്‍ ഇടനിലക്കാരനാവാമെന്നുമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെഹാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബറിലെ വിധിക്കെതിരെ ചിലര്‍ നല്‍കിയ അപ്പീലുകള്‍ വേഗം തീര്‍പ്പാക്കി ക്ഷേത്രം പണിയാന്‍ അവസരം ഒരുക്കണമെന്ന ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയുടെ നിവേദനത്തിനാണ് സുപ്രീംകോടതി തലവന്റെ മറുപടിയുണ്ടായിരിക്കുന്നത്.
ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഹിന്ദുസന്യാസി സഭയായ അഖോരക്കും വീതിച്ചുനല്‍കണമെന്ന 2010ലെ അലഹബാദ് ഹൈക്കോടതി വിധിയെയാണ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലം സുന്നി വഖഫ് ബോര്‍ഡിന്റേതാണെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിരിക്കെ സ്ഥലത്ത് തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന കോടതി വിധിയെതുടര്‍ന്ന് അവിടെ പൂജയും മറ്റും നടന്നുവരികയാണ്. 1992 ഡിസംബര്‍ ആറിന് സംഘ്പരിവാരം നടത്തിയ ആക്രമണത്തിലാണ് അഞ്ഞൂറിലധികം കൊല്ലം പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ന്നത്. പുരാതന മൂല്യങ്ങളുള്ള മൂന്ന് മകുടങ്ങള്‍ അടക്കം പഴയ കെട്ടിടത്തിന്റെ എല്ലാ ഭാഗവും അക്രമാസക്തരായ കര്‍സേവകര്‍ തച്ചുതകര്‍ക്കുകയുണ്ടായി. കാലങ്ങളായി ഇതിന്മേല്‍ തര്‍ക്കം ഉന്നയിച്ചുവന്ന സംഘ്പരിവാരവും അതിന്റെ രാഷ്ട്രീയ സംഘടനയായ ബി.ജെ.പിയുമാണ് ഈ തകര്‍ക്കലിന് നേതൃത്വം നല്‍കിയത്. തകര്‍ത്ത മസ്ജിദിന് താഴെ താല്‍ക്കാലികമായി ക്ഷേത്രം പണിയുകയും ചെയ്തു. അതിലാണ് തല്‍സ്ഥിതി തുടരാന്‍ ഏഴു വര്‍ഷം മുമ്പ് കോടതി കല്‍പിച്ചിരുന്നത്. ഈ വിധി കണക്കിലെടുത്ത് രാമക്ഷേത്രത്തിന്റെ സംഘാടകര്‍ സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള എല്ലാ ഒരുക്കൂട്ടലുകളും സാമഗ്രികളും സംഭരിച്ചിരിക്കെയാണ് സുപ്രീം കോടതിയുടെ ഈ അഭിപ്രായപ്രകടനം എന്നതിനാലാണ് കോടതിയുടെ അഭിപ്രായത്തെ ഏകപക്ഷീയമെന്ന് വിശേഷിപ്പിച്ചത്.
ജസ്റ്റിസ് കെഹാറിന്റെ പരാമര്‍ശത്തെ ആര്‍.എസ്.എസും ബി.ജെ.പിയുടെ സ്വാഗതം ചെയ്തുവെന്നത് ചിന്തോദ്ദീപകമാണ്. ഇനി ചര്‍ച്ച നടന്നാല്‍ തന്നെ ക്ഷേത്രം പണിയുന്നതിന് തങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുമെന്ന തോന്നലാണ് അവര്‍ക്കുള്ളത്. അതേസമയം മുസ്‌ലിംകളുടെ കാര്യത്തില്‍ വേണ്ടത് ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് പുന:സ്ഥാപിച്ചു കിട്ടുക എന്നതാണ്. അതിനുശേഷം അനുരഞ്ജന ചര്‍ച്ചകളാകാമെന്ന നിലപാടാണ് മുസ്‌ലിം സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതാകട്ടെ തികച്ചും ന്യായയുക്തവുമാണ്.
അപ്പീലുകളിന്മേല്‍ ഉത്തരവ് ഇടുന്നത് ഒരു പക്ഷേ ഏകപക്ഷീയമാകുമെന്ന തോന്നലുളവാക്കുമെന്നതായിരിക്കാം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കൊണ്ട് മധ്യസ്ഥ ചര്‍ച്ച ശിപാര്‍ശ ചെയ്യാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഇത് നീതിക്കുനിരക്കുന്നതായോ എന്ന് കോടതി ആത്മപരിശോധന നടത്തേണ്ടതാണ്. ഒരു കൊലപാതകം നടന്നാല്‍ പ്രതിയെ ശിക്ഷിക്കുകയും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം ഈടാക്കി നല്‍കുകയുമാണ് നിയമത്തിന്റെ രീതി. എന്നാല്‍ ബാബരി മസ്ജിദ് പോലെ രാജ്യത്തും ലോകത്തും കോളിളക്കം സൃഷ്ടിച്ചൊരു സംഭവത്തില്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് അത് തിരിച്ചുനല്‍കുന്നതിന് പകരം രണ്ടുപേരെയും തുല്യരായി കാണുന്ന സമീപനം ഉന്നതമായ കോടതിയുടെ ഭാഗത്തുനിന്നുപോയിട്ട് ഒരു സാധാരണ മധ്യസ്ഥന്റെ കാര്യത്തില്‍ പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.
സത്യത്തില്‍ ബാബരി മസ്ജിദിനെ സംബന്ധിച്ച തര്‍ക്കം തന്നെ അര്‍ഥമില്ലാത്ത ഒന്നായിരുന്നു. മസ്ജിദ് നിന്ന സ്ഥലം ത്രേതായുഗത്തിലെ രാമന്‍ ഒന്‍പതുലക്ഷം വര്‍ഷം മുമ്പ് ജനിച്ച സ്ഥലമാണെന്ന വാദമാണ് ഹിന്ദുവിന്റെ പേരില്‍ ചിലരുന്നയിക്കുന്നത്. ഇതിനാകട്ടെ വസ്തുതകളുടെയോ ചരിത്രത്തിന്റെയോ യാതൊരു വിധ പിന്‍ബലവുമില്ലെന്ന് പ്രശസ്ത ചരിത്രകാരി റോമിലാ ഥാപ്പറെപ്പോലുള്ള പ്രമുഖരെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. 2011 മേയില്‍ ജസ്റ്റിസ് അഫ്താബ് ആലമും ആര്‍.എം ലോധയും അടങ്ങുന്ന സുപ്രീം കോടതി ബഞ്ച് ഈ വാദം യുക്തിപരമല്ലെന്ന് പറഞ്ഞ് തള്ളിയിരുന്നു. 1950ല്‍ ഒരാള്‍ ബാബരി മസ്ജിദ് നിലകൊള്ളുന്ന ഭൂമിയില്‍ അവകാശം ഉന്നയിച്ച് ഫൈസാബാദ് കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് അര നൂറ്റാണ്ടിലധികം വരുന്ന നിയമ പോരാട്ടങ്ങള്‍ക്ക് വഴിവെച്ചത്. 1980കളുടെ ഒടുവില്‍ ബി.ജെ.പി ശക്തമായി വരുന്ന കാലത്ത് അവര്‍ ഹിന്ദുത്വത്തിന്റെ പേരില്‍ വിഷയം ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ വിധിയും അപ്പീലുകളും നിരവധി ബാബരി മസ്ജിദ് വിഷയത്തിലുണ്ടായെങ്കിലും രാമജന്മഭൂമി എന്ന വൈകാരികമായ വിഷയത്തെ ഹിന്ദു സമൂഹത്തിനിടയില്‍ വേരുപിടിപ്പിക്കുകയായിരുന്നു ബി.ജെ.പി സംഘി നേതൃത്വം ചെയ്തത്. ഇതിനെതുടര്‍ന്ന് 1990കളില്‍ പിന്നീട് ഉപപ്രധാനമന്ത്രിയായ ലാല്‍കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം വിഷയം കത്തിച്ച് രഥയാത്ര എന്ന പേരില്‍ പ്രചാരണം സംഘടിപ്പിച്ചു. കേരളത്തില്‍ പോലും ഇതിന്റെ ഭാഗമായി വെടിവെപ്പും കൊലപാതകവും ഉണ്ടായത് ചരിത്രം.
1992 ഡിസംബര്‍ രണ്ടിനാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ സുപ്രീം കോടതിക്കുകൊടുത്ത ഉറപ്പുകള്‍ ലംഘിച്ചു പൊലീസുകാര്‍ നോക്കിനില്‍ക്കെ പതിനായിരക്കണക്കിന് വരുന്ന കര്‍സേവകര്‍ ബാബരി മസ്ജിദ് അടിച്ചുതകര്‍ത്തത്. ഇതിനകം തന്നെ പള്ളിക്കകത്ത് അന്നത്തെ ജില്ലാ കലക്ടര്‍ കെ.കെ നായരുടെ നിര്‍ദേശപ്രകാരം വിഗ്രഹങ്ങള്‍ വെക്കുകയും പൂജകള്‍ നടത്തുകയും ചെയ്തിരുന്നു. മുസ്്‌ലിംകളാകട്ടെ തര്‍ക്കത്തിനൊന്നും പോകാതെ നമസ്‌കാരം ഇവിടെ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഹര്‍ജി നല്‍കിയ സുബ്രഹ്മണ്യം സ്വാമിയുടെ നിര്‍ദേശം തന്നെ തര്‍ക്കപരിഹാരത്തിന് പ്രയോജനകരമല്ലെന്ന തോന്നലാണ് ഉണ്ടാക്കിയിട്ടുള്ളത്. രാമന്‍ ജനിച്ച ഭൂമിക്ക് മാറ്റം വരുത്താനൊന്നും പറ്റില്ലെന്നും പള്ളി വേണമെങ്കില്‍ സരയൂ നദിക്കപ്പുറത്ത് പണിയട്ടെ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. അതിനര്‍ഥം മസ്ജിദ് വേറൊരിടത്ത് പണിത് സ്ഥലം പൂര്‍ണമായി രാമക്ഷേത്രനിര്‍മാണത്തിന് വിട്ടു തരണമെന്നുമാണ്. ഇത് പ്രാവര്‍ത്തികമായാല്‍ രാജ്യത്തെ എല്ലാ വഖഫ് സ്വത്തുക്കളുടെയും കാര്യത്തില്‍ സംഘ്പരിവാരം പുതിയ വാദവുമായി രംഗത്തുവന്നേക്കും. ഇപ്പോള്‍ തന്നെ രാജ്യത്തെ രണ്ടായിരത്തോളം പള്ളികള്‍ വിട്ടുനല്‍കണമെന്ന ആവശ്യമാണ് സംഘ്പരിവാരത്തിനുള്ളത്. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ പള്ളി എവിടെ പണിതാലും കുഴപ്പമില്ലെന്ന വാദം സംഘ്പരിവാറുകാരുടെ സ്വഭാവ രീതിയനുസരിച്ച് അംഗീകരിക്കാനാവില്ല. നിലവിലെ പള്ളികളുടെ നേര്‍ക്കും ഖബര്‍സ്ഥാനുകളുടെ കാര്യത്തിലും സംഘ്പരിവാരവും ബി.ജെ. പിയുടെ എം.പിമാരും വരെ സ്വീകരിച്ചിരിക്കുന്ന നിലപാട് മുസ്്‌ലിംകളെ ഏതുവിധേനയും ഭീതിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുക എന്നതാണ്. അടുത്തു നടന്ന തെരഞ്ഞെടുപ്പും ബാബരി മസ്ജിദ് തകര്‍ക്കലിന് നേതൃത്വം നല്‍കിയയാളുമായ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതും കൂട്ടിവായിച്ചാല്‍ രാമക്ഷേത്രം ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്തുതന്നെ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണവരെന്ന് വ്യക്തമാണ്. അതിന് സുപ്രീം കോടതിയുടെ കൂടി പിന്തുണയുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍ ഇക്കൂട്ടര്‍.
മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി അടക്കമുള്ളവരെ ശിക്ഷിക്കാന്‍ സുപ്രീകോടതി കാരണം കണ്ടെത്തിയത് കഴിഞ്ഞ ആറിനായിരുന്നു. ഇദ്ദേഹമടക്കം 13 പേരെ വെറുതെ വിട്ട ഹൈക്കോടതിയുടെ വിധിയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. നിസ്സാരമായ കാരണം പറഞ്ഞാണ് പ്രതികളെ വെറുതെ വിട്ടതെന്ന് പറഞ്ഞത് ജസ്റ്റിസ് ആര്‍. നരിമാനായിരുന്നു. കേസ് ഈ മാസം 23ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രി ഉമാഭാരതി, വിനയ് കത്യാര്‍ ഉള്‍പ്പെടെ പതിമൂന്നു പേരാണ് പ്രതിപ്പട്ടികയിലുള്ളത്. 1993 ഒക്ടോബര്‍ അഞ്ചിനാണ് അദ്വാനിക്കും മറ്റുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണക്കായി പ്രത്യേക കോടതി രൂപീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വെറുതെ വിട്ടത്.
197, 198 എന്നീ നമ്പറുകളിലായി അയോധ്യാപൊലീസ് 1992ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒരുമിച്ചുള്ള കുറ്റപത്രം നല്‍കാനായിരുന്നു കോടതിയുടെ നിര്‍ദേശം. ഇനി ഇതില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടിവരും. ഇതിന്മേലുള്ള നടപടികള്‍ തുടരുകയായിരിക്കും നീതിക്കുവേണ്ടിയുള്ള ഒരു വിഭാഗത്തിന്റെ കാത്തിരിപ്പിലെ പ്രധാനം. അതോടൊപ്പം ബാബരി മസ്ജിദിന്റെയും ഭൂമിയുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച് അന്തിമ വിധി പുറപ്പെടുവിക്കാന്‍ കോടതി തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാകുകയുമാണ് വേണ്ടത്. അല്ലാതെയുള്ള അഭിപ്രായ പ്രകടനങ്ങളെല്ലാം വെള്ളത്തിലെ വരയായി അവശേഷിക്കുകയേ ഉള്ളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending