ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യണമെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികളുടെ വിചാരണ ലക്‌നൗ കോടതിയില്‍ നടത്തണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു. സി.ബി.ഐയുടെ ആവശ്യത്തില്‍ വിധി പറയുന്നത് സുപ്രീംകോടതി അടുത്തയാഴ്ച്ചയിലേക്ക് മാറ്റിവെച്ചു. അതേസമയം, കേസില്‍ വിചാരണ നേരിടാന്‍ ഒരുക്കമാണെന്ന് എല്‍.കെ അദ്വാനി അറിയിച്ചു. റായ്ബറേലി കോടതിയില്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്ന് അദ്വാനിയുടെ അഭിഭാഷകന്‍ കോടതിയിലറിയിച്ചു. ജസ്റ്റിസുമാരായ പി.സി ഘോഷ്, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

എല്‍.കെ അദ്വാനി, മരളീമനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങി 13 ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി ലക്‌നൗ കോടതിയില്‍ വിചാരണ നേരിടണമെന്നാണ് സി.ബി.ഐ ആവശ്യം. നേരത്തെ ഇവര്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതിവിധി അലഹബാദ് ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്.