‘കേരളത്തില്‍ ഒരു പശുവിനെപ്പോലും കൊല്ലാന്‍ അനുവദിക്കില്ല; മലപ്പുറത്താണെങ്കിലും. പശുവിനെ കൊല്ലാന്‍ ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നു’. ഇന്നലെ മലപ്പുറത്ത് സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്റെ വാക്കുകളാണിത്. മലപ്പുറം തെരഞ്ഞെടുപ്പില്‍ പശുരാഷ്ട്രീയത്തിന്റെ മസാല ചേര്‍ത്ത്് വര്‍ഗീയ ധ്രുവീകരണത്തിലൂടെ വോട്ടുതട്ടാനുള്ള ബി.ജെ.പിയുടെ അവസാന അടവ്. പക്ഷേ, കേവലം ഉപതെരഞ്ഞെടുപ്പ് അജണ്ടയേക്കാളുപരി ആപത്കരമായ സന്ദേശം ഇതു പ്രദാനം ചെയ്യുന്നുണ്ട്. ഉത്തരേന്ത്യയില്‍ വിളവെടുത്ത ബീഫ് രാഷ്ട്രീയത്തെ കേരളത്തിലേക്കു പറിച്ചുനടുന്നതിന്റെ കൃത്യമായ സൂചനയായി ഇതിനെ കാണണം. സംഘ്പരിവാര്‍ സംഘടനകള്‍ രണ്ടുവര്‍ഷം മുമ്പ് പാകപ്പെടുത്തിവച്ച ഈ തീക്കനല്‍ വിത്തുകള്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പിലൂടെ പ്രയോഗവത്കരിച്ചു കേരളത്തിലും വിദ്വേഷ രാഷ്ട്രീയത്തിന്റെ വിളവെടുപ്പു നടത്താമെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്. ഇതു തിരിച്ചറിഞ്ഞ് ഫാസിസ്റ്റുകളുടെ ‘കേരള മോഹം’ മുളയില്‍ തന്നെ നുള്ളിക്കളയാന്‍ മതേതര ബോധം ശക്തമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘ബീഫ്’ കലര്‍ത്തിയത് ബി.ജെ.പിയാണ്. വിജയിച്ചാല്‍ മലപ്പുറത്ത് ‘ഹലാലായ’ ബീഫ് ലഭ്യമാക്കുമെന്നായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന്റെ പ്രഖ്യാപനം. മണ്ഡലത്തില്‍ ഗുണമേന്മയുള്ള ബീഫ് കടകള്‍ തുടങ്ങാന്‍ മുന്‍കയ്യെടുക്കുമെന്നും ബീഫ് നിരോധമുള്ള സംസ്ഥാനങ്ങളില്‍ മാത്രമാണ് പശുവിനെ കൊല്ലുന്നത് നിയമലംഘനമാകുന്നതെന്നും ബി.ജെ.പി സ്ഥാനാര്‍ഥി നിലപാട് വ്യക്തമാക്കിയിരുന്നു. ബീഫ് നിരോധത്തെ അനുകൂലിക്കുന്നയാള്‍ എന്ന നിലയില്‍ തനിക്കാരും വോട്ടു നല്‍കാതിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യര്‍ഥിച്ചിരുന്നു. സംഘ്പരിവാര്‍ സംഘടനകള്‍ ഇതിനെതിരെ ഉറഞ്ഞുതുള്ളിയതോടെ ബി.ജെ.പിക്ക് നിലപാടില്‍ നിന്ന് ഉള്‍വലിയേണ്ടി വന്നു. മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ബീഫിനോടുള്ള പ്രിയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയാണ് ആര്‍.എസ്.എസും ശിവസേനയും നിലപാട് തിരുത്തിച്ചത്. മുഖപത്രമായ സാംനയിലൂടെ ശിവസേന ശക്തമായ ഭാഷയിലാണ് ബി.ജെ.പിയുടെ ‘മൃദു മാംസ’ നയത്തിനെതിരെ ആഞ്ഞടിച്ചത്. ബീഫ് വിഷയത്തില്‍ കേരളത്തിലെ ബി.ജെ.പിയുടെ നയം ഇരട്ടത്താപ്പെന്ന് കുറ്റപ്പെടുത്താനും സംഘ്പരിവാര്‍ മടികാണിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ മെനഞ്ഞെടുത്ത വാര്‍ത്തയാണിതെന്നും ബീഫ് വിഷയത്തില്‍ കേരള ഘടകത്തിന് മറിച്ചൊരു നിലപാടില്ലെന്നും സ്ഥാനാര്‍ഥിയോട് വിശദീകരണം തേടുമെന്നും വ്യക്തമാക്കി കുമ്മനം രംഗത്തുവന്നതോടെയാണ് സംഘ് അനുകൂലികള്‍ക്ക് ആശ്വാസമായത്.
പിന്നീട് സംസ്ഥാനത്ത് ഗോവധ നിരോധനം നടപ്പാക്കണമെന്ന വാദമുയര്‍ത്തിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി പര്യടനം തുടരുന്നത്. പശുവിന്റെ പേരില്‍ തീവ്രവികാരത്തെ ഇളക്കിവിടാനുള്ള കുത്സിത നീക്കങ്ങള്‍ക്ക് ആക്കംകൂട്ടാനാണ് ഇന്നലെ സംസ്ഥാന സെക്രട്ടറി വെല്ലുവിളി നടത്തിയത്. സംസ്ഥാനത്ത് ഗോവധ നിരോധന നിയമം നിലവില്‍ ഇല്ലെന്നിരിക്കെ ബി.ജെ.പിയുടെ വെല്ലുവിളി ഉയര്‍ത്തുന്ന ദു:സൂചന പകല്‍പ്പോലെ വ്യക്തമാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പാനന്തരമുള്ള കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയെ ഉഴുതുമറിക്കാനുള്ള ആയുധം മൂര്‍ച്ചകൂട്ടിവക്കുകയാണ് ബി.ജെ.പി. അടുത്ത പൊതുതെരഞ്ഞെടുപ്പുകളില്‍ ബീഫ് വിഷയം പ്രധാന പ്രചാരണ മാര്‍ഗമാക്കാനുള്ള വഴി തുറന്നുവക്കുകയാണിപ്പോള്‍. നിലവില്‍ പ്രസ്താവനകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഇവ്വിഷയത്തെ പ്രയോഗവത്കരിക്കാനുള്ള തന്ത്രം പുറത്തെടുക്കുമോ എന്നതാണ് മുന്‍കൂട്ടി കാണേണ്ടത്. വാഗ്വാദങ്ങളില്‍ തുടങ്ങിയ ഉത്തരേന്ത്യയിലെ ബീഫ് രാഷ്ട്രീയം ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്ന വേദനാജനകമായ വസ്തുത നമുക്ക് മുമ്പിലുണ്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ താരാനഗറില്‍ പശു സംരക്ഷണ സംഘം മുസ്്‌ലിം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് മതേതര മനസുകള്‍ ഇനിയും മുക്തമായിട്ടില്ല.
പശുസംരക്ഷണത്തിന്റെ പേരില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ ശക്തികളുടെ ക്രൂരമായ അതിക്രമങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. ബി.ജെ.പിക്കും സംഘപരിവാറിനും അധികാരമോ, ആധിപത്യമോ, നിര്‍ണായക സ്വാധീനമോ ഉള്ള പ്രദേശങ്ങളില്‍ മാത്രമല്ല ഇത്തരം അതിക്രമങ്ങള്‍ പെരുകുന്നത് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
നിരന്തര പ്രസ്താവനകളിലൂടെ ഫാസിസ്റ്റുവത്കരണത്തിന്റെ പരിസരം സൃഷ്ടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ തന്ത്രം. പ്രവീണ്‍ തൊഗാഡിയയും സാക്ഷി മഹാരാജും യോഗി ആദ്യത്യനാഥും സുബ്രഹ്്മണ്യം സ്വാമിയും സാധ്വി നിരഞ്ജന്‍ ജ്യോതിയുമെല്ലാം ഉത്തരേന്ത്യയില്‍ ഈ പരീക്ഷണം വിജയിപ്പിച്ചെടുത്തവരാണ്.
കേരളത്തിലെ പ്രസ്താവനാ വീരന്മാരായ ബി.ജെ.പി നേതാക്കളുടെ ലക്ഷ്യവും ഇതുതന്നെയാണെന്ന് മനസിലാക്കാന്‍ അതിബുദ്ധി ആവശ്യമില്ല. മതസൗഹാര്‍ദത്തിനു കേളികേട്ട മലപ്പുറത്തിന്റെ മണ്ണില്‍വച്ചു തന്നെ പശുവിനെ അറുക്കുന്നത് കാണണമെന്നു വെല്ലുവിളിക്കാന്‍ മാത്രം ബി.ജെ.പി സെക്രട്ടറി വളര്‍ന്നിട്ടുണ്ടെങ്കില്‍ ഉള്ളില്‍ വീര്‍പ്പുമുട്ടിക്കിടക്കുന്ന വര്‍ഗീയതയുടെ നിര്‍ഗളമായി അതിനെ കാണേണ്ടിയിരിക്കുന്നു. പക്ഷേ, അതിനുമാത്രം അവിവേകികളല്ല മലപ്പുറത്തെ ജനത എന്ന് ആരെക്കാളും നന്നായി ബി.ജെ.പിക്കറിയാവുന്നതും വര്‍ഗീയതയുടെ പരിപ്പ് മലപ്പുറത്തെ വറച്ചട്ടിയില്‍ വേവില്ലെന്നും മനസിലാക്കിയതാണ് ഗതികിട്ടാ പ്രേതം പോലെ അവരിന്ന് തെരഞ്ഞെടുപ്പ് ഗോദയില്‍ അലയുന്നതിന്റെ പ്രധാന കാരണം.
സാമൂഹിക പ്രതിബദ്ധതയോട് ഇഴചേര്‍ന്നു നില്‍ക്കുന്ന വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കേണ്ട സന്ദര്‍ഭത്തില്‍ സാമുദായിക ധ്രുവീകരണത്തിനു വേണ്ടി തന്ത്രങ്ങള്‍ പയറ്റുന്ന ബി.ജെ.പിയെ കേരളീയ സമൂഹം ഒറ്റപ്പെടുത്തുമെന്ന കാര്യം തീര്‍ച്ച.