ബാഹുബലി രണ്ടാംഭാഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടക. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ കുറച്ചുദിവസങ്ങള്‍ക്കുമുമ്പാണ് റിലീസ് ചെയ്തത്. ട്രെയിലര്‍ രാജ്യവ്യാപകമായി തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനും തുടങ്ങിയപ്പോഴാണ് കര്‍ണ്ണാടകയില്‍ ട്രെയിലറും ചിത്രവും പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം നടക്കുന്നത്. കര്‍ണ്ണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരിനദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് ബാഹുബലിയിലെ സത്യരാജ് നടത്തിയ പ്രസ്താവനയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. കാവേരി വിഷയത്തില്‍ സത്യരാജ് തമിഴ്‌നാടിനെ പിന്തുണച്ച് സംസാരിച്ചതാണ് കന്നട സംഘടനകളെ വെറുപ്പിച്ചത്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് പ്രദര്‍ശനം നിരോധിച്ച് കന്നട സംരക്ഷണ വേദി പ്രക്ഷോഭവുമായി രംഗത്തെത്തി. ഇതില്‍ പോലീസുമായി നേരിയ സംഘര്‍ഷവും ഉണ്ടായി. തുടര്‍ന്ന് പ്രതിഷേധം വ്യാപിക്കാതിരിക്കാന്‍ ട്രെയിലര്‍ പ്രദര്‍ശനം നിര്‍ത്തിവെക്കുകയായിരുന്നു. ബാഹുബലി രണ്ടാം നിരോധിക്കാന്‍ കര്‍ണ്ണാടകയിലിപ്പോള്‍ ഹാഷ്ടാഗ് പ്രചരണങ്ങള്‍ വ്യാപകമാണ്.