പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി 2 പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറമാണെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍. ഇന്ന് രാവിലെ സിനിമ കണ്ടവരാണ് ചിത്രം മികച്ച ദൃശ്യാനുഭവമാണെന്ന് പറയുന്നത്.

രാജ്യത്താകമാനം നിരവധി തിയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് തമിഴ്‌നാട്ടില്‍ തമിഴ് ഭാഷയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് തെലുങ്കു ഭാഷയാണ് തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചത്.

കേരളത്തില്‍ 65ം-ഓളം തിയ്യേറ്ററുകളില്‍ ബാഹുബലി 2 റിലീസ് ചെയ്തു. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ ചിത്രം മികച്ചതാണെന്ന് പറഞ്ഞു. ചിത്രത്തിന്റെ ഗ്രാഫിക്‌സ് ബാഹുബലി ഒന്നിനേക്കാള്‍ ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. അഭിനേതാക്കള്‍ എല്ലാവരും ഒന്നിനൊന്ന് ഗംഭീരമാണെന്നും ചിത്രം സംവിധായകന്റെ മികവാണെന്നും പറയുന്നു. എന്നാല്‍ ഒന്നാം ഭാഗം കണ്ടതുമുതല്‍ പ്രേക്ഷകര്‍ ചോദിച്ചിരുന്ന ചോദ്യമായ കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് കണ്ടിറങ്ങിയ പ്രേക്ഷകരും ഉത്തരം നല്‍കുന്നില്ല. സസ്‌പെന്‍സ് പറയാതെ നില്‍ക്കുകയാണ് സിനിമ കണ്ട ആരാധകരും.