സൗബിന്‍ സാഹിര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘പറവ’യെ പുകഴ്ത്തി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ന്യൂജന്‍ സിനിമയാണെങ്കിലും ചിത്രത്തില്‍ ജീവനുള്ള വാപ്പയേയും ഉമ്മയേയും കണ്ടുവെന്ന് അദ്ദേഹം പറയുന്നു. മാതാപിതാക്കളെ ബഹുമാനിക്കുന്ന സിനിമയാണ് പറവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ന് പറവ കണ്ടു …

കേരളത്തിനും ഇന്ത്യക്കും പുറത്തു പലതവണ യാത്രചെയ്തിട്ടുള്ള എനിക്ക് മട്ടാഞ്ചേരി എന്ന കേരളത്തിനകത്തുള്ള ഭൂപ്രദേശത്തിന്റെ അന്തരീക്ഷം ആദ്യമായി മനസ്സിലാക്കുവാനുള്ള അവസരമുണ്ടായി എന്നതാണ് ആദ്യം പറയേണ്ടത് .ഇടുങ്ങിയ ഇടവഴികളിലൂടെ , മുഷിഞ്ഞ വീടുകളിലൂടെ, മുഖം മൂടിയില്ലാത്ത മനുഷ്യരിലൂടെ അത് ഞാന്‍ അനുഭവിച്ചറിഞ്ഞു …..
പ്രാവാണ് ഇതിലെ താരം .സമാന്തരങ്ങള്‍ എന്ന സിനിമയുടെ തിരക്കഥ എഴുതുമ്പോള്‍ കൊല്ലം ഗസ്റ്റ് ഹൌ സിലെ ഏകാന്ത താമസക്കാരനായിരുന്നു ഞാന്‍ .ഉച്ചയൂണിനു മുന്‍പ് എന്നും എവിടെ നിന്നോ വന്നു കൂടുകൂടിയിരുന്ന ഒരു പ്രാവുണ്ടായിരുന്നു . പ്രാവിന്റെ വരവ് സ്ഥിരമായപ്പോള്‍ അത് വരാതെ ഉണ്ണാന്‍ പറ്റാത്ത അവസ്ഥയായി എനിക്ക്.. അന്ന് ആ പ്രാവിനോട് തോന്നിയ പ്രണയം ‘പറവ’ കണ്ടപ്പോള്‍ വീണ്ടും പുനജനിച്ചു . എന്നാല്‍ ഉന്നിതുവരെ , പ്രാവ് എന്നുവെച്ചാല്‍ ഈ ചിത്രം തുടങ്ങുമ്പോള്‍ കേള്‍ക്കുന്ന ആസ്മാരോഗിയുടെ കഫം കലര്‍ന്ന ശബ്ദമായി വിശ്വസിച്ചിരുന്ന എന്റെ കണ്മുന്നില്‍ ദൈവത്തിന്റെ മനോഹരമായ ഒരു സൗന്ദര്യസൃഷ്ടിയാണെന്നു തെളിയിച്ച സംവിധായകന്‍ സൗബിനെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു .തലയ്ക്കു സ്ഥിരതയുള്ള മനുഷ്യരെ മെരുക്കാനുള്ള പാട് അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ പ്രാവുകളുടെ പ്രണയവും ഇണചേരലുമൊക്കെ കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരുന്ന പകര്‍ത്തിയ ക്യാമറാമാനും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍ !
ഇത് ഒരു ന്യൂജന്‍ സിനിമയാണെങ്കില്‍ ഒരു കുടുംബസിനിമാ സംവിധായകന്‍ എന്ന നിലയില്‍ ഞാന്‍ ശ്‌റദ്ധിച്ച മറ്റൊരു സവിശേഷത കൂടി പറയാം . ന്യൂ ജന്‍സിനിമകളില്‍ അച്ഛനും അമ്മയുമൊക്കെ കതകിനു പിന്നില്‍ നിന്നുയരുന്ന അശരീരിയാണെന്നാണല്ലോ വെയ്പ്പ്.എന്നാല്‍ ഇവിടെ ആരോഗ്യകരമായ ഒരു മാറ്റം ഞാന്‍ കണ്ടു .ജീവനുള്ള വാപ്പയെയും ഉമ്മയെയും കണ്ടു എന്നത് മാത്രമല്ല അവരെ ബഹുമാനിക്കണം എന്ന ഒരു സന്ദേശം കൂടി ഈ ചിത്രം നല്‍കുന്നു .”വാപ്പയുടെ മനസ്സ് നോവിക്കരുതെന്നും നോവിച്ചാല്‍ പ്രാക്കുണ്ടാകുമെന്നും പറയുന്ന ദുല്‍ക്കര്‍ , വാപ്പയോടു അപമാര്യാആദ്യായി പെരുമാറുന്ന മകനോട് തട്ടിക്കയറുന്ന ഉമ്മയും എന്തിനു അധികം പറയുന്നു സിദ്ദിഖിന്റെ അച്ഛന്‍ കഥാപാത്രത്തെ പുറത്തു നിന്ന് വരുമ്പോള്‍ ആദരവോടെ ഇരിപ്പിടത്തില്‍ നിന്ന് ചന്തി പൊന്തിക്കുന്ന ഭാര്യയും മകളും ന്യൂജെന്‍ സിനിമക്ക് ഒരു പുതിയ മാനം നല്‍കിയിരിക്കുന്നു. നല്ല കാര്യം.

പ്രേമത്തില്‍ തുടങ്ങിയുള്ള ഒരു പ്രവണതയാണ് ഈ ഗൃഹാതുരത്തം . ഈ ചിത്രത്തിലും പ്രാവിനൊപ്പം തന്നെ നിഷ്‌ക്കളങ്കമായ ഒരു ബാല്യം നമ്മുടെ മനസ്സിനെ ആഹ്ലാദിപ്പിക്കുന്നു .ഇതേ കാര്യം മുന്‍പ് പ്രതിപാദിച്ച ചിത്രങ്ങളേക്കാള്‍ കുറച്ചു കൂടി സത്യസന്ധതയും വൃത്തിയും ഇവിടെ ഞാന്‍ കണ്ടു . പ്രാവ് പയ്യന്മാരുടെ സൗഹൃദം രസകരം. ആ പ്രായത്തിലെ വാശിയും ആകുലതയും സങ്കടവും യുക്തി സഹമായ പ്രണയവും അത് അവതരിപ്പിച്ച ചെക്കന്മാരുടെ അയത്‌ന ലളിതമായ അഭിനയം കൊണ്ട് ഉഷാറായി .ആ കുഞ്ഞു മിടുക്കന്മാര്‍ക്കും ഞാന്‍ മാര്‍ക്കിടുന്നു .

സൗബിനെ ഒരു നടനായി കണ്ട ചിത്രങ്ങളിലൊക്കെ ഇഷ്ട്ടപ്പെട്ടതുകൊണ്ടാണോ ക്ലൈമാക്‌സിലാണെങ്കിലും മറ്റുള്ളവര്‍ ഇത്രകണ്ട് എടുത്തിട്ടു പെരുമാറിയപ്പോള്‍ വിഷമം തോന്നി. സംവിധായകനെ ബഹുമാനിക്കണം എന്ന എന്റെ മനസ്സിലിരിപ്പാവാം കാരണം ,
എന്തൊക്കെയാണീലും ഒരു സംവിധായകനെ എടുത്തിട്ടു പെരുമാറുന്നതിനു ഒരു അതിരില്ല? ഹ..ഹ.ഹ !
ഈ കുറിപ്പ് അവസാനിക്കുമ്പോഴും മട്ടാഞ്ചേരിയിലെ സിദ്ദിഖിന്റെ വീട്ടിലെ ആ മുഷിഞ്ഞ വാഷ് ബേസിനും ചെക്കന്മാര് സൈക്കിളില്‍ പറക്കുന്ന ഉടുവഴികളും മാനത്തു പറക്കുന്ന ആ മനോഹരമായ പറവകളും മനസ്സില്‍ നില്‍ക്കുന്നു ….
അല്‍പ്പം കൂടി ബുദ്ധിപൂര്‍വ്വം ഒന്ന് ഒതുക്കിരുന്നെങ്കില്‍ എന്ന് ഞാന്‍ പറയുന്നത് നിരൂപകന്മാരുടെ ജാഡ പ്രയോഗമാല്ല മറിച്ചു ഈ ടീമില്‍ നിന്നും ഇനിയും പറവകള്‍ പറന്നുയരാട്ടരെ എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണ് …
thats’ ALL your honour !