Culture

ഹൈടെക് മോഷ്ടാവ് ബണ്ടിചോര്‍ ജയിലിനുള്ളില്‍ ആത്മഹത്യക്കു ശ്രമിച്ചു

By chandrika

September 13, 2017

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബണ്ടിചോര്‍ ആത്മഹത്യക്കു ശ്രമിച്ചു. സി.എഫ്.എല്‍ ബള്‍ബ് പൊട്ടിച്ച് ചില്ലുകള്‍ വിഴുങ്ങിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. ചില്ലു കഷ്ണങ്ങള്‍ വിഴുങ്ങിയ ബണ്ടിച്ചോറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഉച്ചഭക്ഷണത്തിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയ സമയത്ത് വരാന്തയിലെ സിഎഫ്എല്‍ ബള്‍ബ് പൊട്ടിച്ച് ചില്ലുകഷ്ണങ്ങള്‍ വിഴുങ്ങി വെള്ളം കുടിക്കുകയായിരുന്നു. ഇരുപത് ചില്ലുകഷ്ണങ്ങള്‍ വിഴുങ്ങിയെന്നാണ് ബണ്ടിച്ചോര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ രണ്ട് ചെറിയ കഷ്ണങ്ങള്‍ മാത്രമാണ് വിഴുങ്ങിയതെന്ന് വിദഗ്ധ പരിശോധനയില്‍ മനസിലായി. ബണ്ടിച്ചേറിന്റേത് ആത്മഹത്യ നാടകമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. 2013 ജനുവരി 21ന് വിദേശ മലയാളിയായ വേണുഗോപാല്‍ നായരുടെ വീട്ടില്‍ നടത്തിയ കവര്‍ച്ചയെ തുടര്‍ന്നാണ് ഹൈടെക് മോഷ്ടാവ് എന്നറിയപ്പെടുന്ന ബണ്ടിചോര്‍ പിടിയിലായത്. കേസില്‍ പത്ത് വര്‍ഷം കഠിന തടവും 10000 രൂപ പിഴയുമാണ് ബണ്ടിചോറിനു കോടതി ശിക്ഷ വിധിച്ചത്.