ന്യൂഡല്‍ഹി: റിലയന്‍സിന്റെ ജിയോയുടെ സൗജന്യ ഡാറ്റ, കോള്‍ ഓഫറില്‍ വീണിരിക്കുകയാണ് ടെക് ലോകം. അതു കൊണ്ട് തന്നെ ജിയോയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് വന്‍ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്. ഇതൊരു അവസരമാക്കി തട്ടിപ്പുകാരും രംഗം കൊഴുപ്പിക്കുകയാണ്. ജിയോ ഇപ്പോള്‍ നല്‍കുന്ന ഹാപ്പി ന്യൂ ഇയര്‍ ഓഫറിലെ ഡൗണ്‍ലോഡ് പരിധി ഉയര്‍ത്താമെന്ന പേരിലാണ് പുതിയ തട്ടിപ്പ്. നിലവില്‍ ഒരു ദിവസം ഒരു ജിബിയാണ് ജിയോ നല്‍കുന്ന വേഗതയില്‍ ലഭിക്കുന്നത്. അതിന് ശേഷം സ്പീഡ് കുറയും.

എന്നാല്‍ സ്പീഡ് ലിമിറ്റ് ദിവസം പത്ത് ജിബി വരെയാക്കാമെന്നും അതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂമെന്നുമാണ് സന്ദേശം പ്രചരിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കിലേക്ക് കയറുമ്പോള്‍ നമ്മുടെ വ്യക്തിവിരങ്ങള്‍ ചോദിക്കുകയും ഒടുവില്‍ ലിങ്ക്‌ ഷെയര്‍ ചെയ്യാനാവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ സൂക്ഷിക്കുക, ഇത്തരത്തില്‍ യാതൊരു ഓഫറും
കമ്പനി നല്‍കുന്നില്ല, ഇങ്ങനെ വരുന്ന സന്ദേശങ്ങള്‍ നിങ്ങളെ കെണിയില്‍ വീഴ്ത്താനുള്ളതാണ്.

റിലയന്‍സ് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫറില്‍ പ്രഖ്യാപിച്ചതില്‍നിന്നു യാതൊരു വ്യത്യാസവും വരുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 31 വരെയാണ് സൗജന്യ സേവനം ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോള്‍ ഒരു ജിബിയാണ് 4ജി വേഗതയില്‍ ഒരു ദിവസം ലഭിക്കുന്നത്. അതിന് ശേഷം ഉപയോഗിക്കുമ്പോള്‍ വേഗത കുറയും. അതേസമയം മാര്‍ച്ച് 31ന് ശേഷം ചില നിയന്ത്രണങ്ങളോടെ സൗജന്യ സേനം നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.