തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദമായി മാറിയ ബുറേവി തമിഴ്‌നാട് തീരം തൊടുമ്പോള്‍ തന്നെ കാറ്റിനു വേഗം കുറയുമെന്നും കേരളത്തില്‍ എത്താന്‍ സാധ്യത കുറവാണെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ന്യൂനമര്‍ദം ഇപ്പോഴും രാമനാഥപുരം തീരത്തോടു ചേര്‍ന്ന് തുടരുകയാണ്. വരും മണിക്കൂറുകളില്‍ ഇതു കൂടുതല്‍ ദുര്‍ബലമാവുമെന്നാണ് വിലയിരുത്തല്‍. തീരത്ത് എത്തുമ്പോള്‍ 5060 കിലോമീറ്റര്‍ വേഗത്തിലേക്കു ചുരുങ്ങുമെന്നാണ് കരുതുന്നത്.

ബുറേവിയുടെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടതോ അതിശക്തമായതോ ആയ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടു പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരത്തും കൊല്ലത്തും നാളെയും യെല്ലോ അലര്‍ട്ട്. ആലപ്പുഴയിലും പാലക്കാടും നാളെ യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് നാളെ ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളിലെ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു.