കാസര്‍കോട് പെരിയ ഇരട്ട കൊലപാതകകേസില്‍ കണ്ണൂരിലെ സി.പി.എം നേതാവിനും പങ്കുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഇനിയും അന്വേഷണം മുന്നോട്ടു പോകാനുണ്ടെന്നും സി.ബി.ഐയുടെ ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തരാണെന്നും സുധാകരന്‍ പറഞ്ഞു.

ശാസ്ത ഗംഗാധരന്റെ വീട്ടിലെ കിണറ്റിലാണ് ആയുധങ്ങള്‍ ഉപേക്ഷിച്ചതെന്നും കൊലപാതകം നടക്കുന്ന ദിവസം വൈകീട്ട് അഞ്ചിന് ഒരു പ്രതിയുമായി ഗംഗാധരന്‍ സംസാരിച്ചിട്ടുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. ഗംഗാധരന്റെ വാഹനമാണ് കൊലയാളികള്‍ ഉപയോഗിച്ചതെന്നും സുധാകരന്‍ പറഞ്ഞു.

ഗംഗാധരന്‍ എന്ന സമ്പന്നനനാണ് കൊലപാതകത്തിന്റെ പ്രധാന സൂത്രധാരനെന്നും അദ്ദേഹത്തിന്റെ മകനും കൊല്ലപ്പെട്ട ശരത്തും തമ്മില്‍ കോളജിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്തെന്നും സുധാകരന്‍ ആരോപിച്ചു. പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുമായി ശരത്തിനും കൃപേഷിനുമുള്ള അടുപ്പവും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.