ഹൈദരാബാദ്: ബൈക്കപകടത്തില്‍ നിന്നും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തെലങ്കാനയിലെ രംഗറെഡ്ഢി ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന മിനി ട്രക്കില്‍ കൂട്ടിയിടിക്കുകയായിരുന്നു. എന്നാല്‍ മരണത്തിന്റെ വക്കില്‍ നിന്നും യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

അപകടത്തെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് ഉയര്‍ന്ന് തെറിച്ചുവീഴുന്ന യുവാവ് കാര്യമായ പരിക്കുകള്‍ ഇല്ലാതെ എഴുന്നേറ്റു നടക്കുന്നത് വീഡിയോയില്‍ കാണാം. ചുറ്റും കൂടിയ ആളുകള്‍ ഉടന്‍തന്നെ ബൈക്ക് റോഡില്‍നിന്ന് ഉയര്‍ത്താന്‍ സഹായിക്കുന്ന ദൃശ്യങ്ങളും കാണാം. ബൈക്ക് മുന്നിലുണ്ടായിരുന്ന വാഹനങ്ങളെ മറികടന്ന് വന്നതാണെന്ന് വ്യക്തമാണ്. അതേസമയം, എന്നാണ് അപകടം നടന്നതെന്ന് വ്യക്തമല്ല. വീഡിയോ കഴിഞ്ഞ ദിവസമാണ് കൂടുതലായി പ്രചരിക്കാന്‍ തുടങ്ങിയത്.