മുംബൈ: ലൈംഗിക പീഡന കേസില്‍ ആരോപണ വിധേയനായ ശേഷം മുങ്ങി നടക്കുന്ന ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിദേശത്തേക്ക് കടന്നേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.

ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി ഉത്തരവ് നാളെ വരാനിരിക്കെയാണ് മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. നാളെ ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് മുംബൈ പൊലീസിന് സൂചന ലഭിച്ചതോടെയാണ് ഈ നീക്കം.

ബിനോയ് എവിടെയാണെന്ന കാര്യം ഇതു വരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഇതിനകം തന്നെ നിലനില്‍ക്കുന്നുണ്ട്. നാളെ ജാമ്യം കിട്ടിയാല്‍ ബിനോയ് കേസുമായ സഹകരിക്കാന്‍ സാധ്യതയുണ്ട്. മറിച്ചാണെങ്കില്‍ വിദേശത്തേക്ക് കടന്നേക്കുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. നിലവില്‍ അറസ്റ്റിന് കോടതിയുടെ വിലക്കില്ലെങ്കിലും തീരുമാനം വരും വരെ അറസ്റ്റ് നടപടി വേണ്ടെന്നായിരുന്നു പൊലീസ് തീരുമാനം.