കൊല്‍ക്കത്ത: ലവ് ജിഹാദ് വിവാദത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാന്‍. പീഡനത്തെ കുറിച്ചും അതിക്രമത്തെ കുറിച്ചും സംസാരിക്കാത്ത ബിജെപിയാണ് ലവ് ജിഹാദിനെ കുറിച്ച് സംസാരിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘സ്‌നേഹിക്കുന്നത് ജിഹാദല്ല. സ്ത്രീകളുടെ കാര്യത്തില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ബിജെപി സ്വീകരിക്കുന്നത്. ബിജെപിക്ക് ഇത്തരം വിഷയങ്ങള്‍ തെരഞ്ഞെടുപ്പിന് മുമ്പ് മാത്രമാണ് വേണ്ടത്. തെരഞ്ഞെടുപ്പിലെ മുഴുവന്‍ അജണ്ടകളെയും മാറ്റി മറിക്കുകയാണ്. സ്ത്രീകളുടെ ശാക്തീകരണത്തെ കുറിച്ച് ബിജെപിക്ക് ആശങ്കയില്ല. വിദ്യാഭ്യാസത്തെ കുറിച്ച് ആശങ്കയില്ല. പീഡനത്തെ കുറിച്ചോ അതിക്രമങ്ങളെ കുറിച്ചോ ആശങ്കയില്ല. ലവ് ജിഹാദിനെ കുറിച്ചു മാത്രമാണ് ബിജെപി സംസാരിച്ചു കൊണ്ടിരിക്കുന്നത്’ – അവര്‍ ചൂണ്ടിക്കാട്ടി.

വ്യവസായി നിഖില്‍ ജയിനിനെയാണ് നടി കൂടിയായ നുസ്രത് ജഹാന്‍ വിവാഹം ചെയ്തിട്ടുള്ളത്.

‘ലവ് ജിഹാദി’നെതിരെ ഇന്ന് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ഓര്‍ഡിന്‍സ് കൊണ്ടുവന്നിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ എന്ന പേരിലാണ് ഓര്‍ഡിന്‍സ് കൊണ്ടുവന്നത്.