പയ്യന്നൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ മരണത്തെതുടര്‍ന്നുണ്ടായ സംഭവത്തില്‍ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ ഇടപെടല്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അതീവ ഗൗരവത്തോടെ കാണണെന്നാണ് ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് നിര്‍ദ്ദേശിച്ചത്.

ബി.ജെ.പി നേതാക്കള്‍ കണ്ട് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗവര്‍ണ്ണറുടെ പരാമര്‍ശം. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ഇത്ര ഭീതിജനകമാണോയെന്ന് പരിശോധിക്കണമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.

പിണറായി സര്‍ക്കാറിന് സ്വന്തം പാര്‍ട്ടിക്കാരെ അടക്കി നിര്‍ത്താനാവാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അഫ്‌സ്പ ഏര്‍പ്പെടുത്തണമെന്ന് ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടതായി ഒ.രാജഗോപാല്‍ പറഞ്ഞു. സമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ പിന്നെ സൈന്യത്തെ ആശ്രയിക്കലാണ് പരിഹാരമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
ജില്ലയില്‍ സൈനിക ക്യാംപ് ഉള്ളത് കൊണ്ട് അഫ്‌സ്പ നടപ്പിലാക്കിയാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നും രാജഗോപാല്‍ പറഞ്ഞു.