ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കെതിരെ എഐഎഡിഎംകെ കടുത്ത വിമര്‍ശനവുമായി രംഗത്ത്. വിജയ് എഐഎഡിഎംകെയെ ‘ബിജെപിയുടെ അടിമ’യെന്ന് വിശേഷിപ്പിച്ചതിനും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിനും മറുപടിയായാണ് പാര്‍ട്ടി നേതൃത്വം ശക്തമായ പ്രസ്താവന പുറത്തിറക്കിയത്.
ടിവികെ നേതാവിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിയ എഐഎഡിഎംകെ, വിജയ് തന്റെ സിനിമാ ജീവിതത്തിലുടനീളം തന്നെ ഗുരുതരമായ അഴിമതികള്‍ നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചു. ‘ബ്ലാക്ക് ടിക്കറ്റ് വിജയ്’ എന്ന് പരിഹസിച്ചാണ് പാര്‍ട്ടി പ്രതികരിച്ചത്.
വിജയ് കരിഞ്ചന്തയില്‍ സിനിമാ ടിക്കറ്റുകള്‍ വിറ്റ് അനധികൃതമായി വന്‍തോതില്‍ പണം സമ്പാദിച്ചുവെന്നാണ് എഐഎഡിഎംകെയുടെ ആരോപണം. വിജയ് കടുത്ത ആത്മരതി പ്രകടിപ്പിക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. കൂടാതെ, കഴിഞ്ഞ വര്‍ഷം കരൂരില്‍ നടന്ന ദുരന്തത്തില്‍ 41 പേര്‍ മരിച്ച സംഭവത്തില്‍ വിജയ് ഭാഗികമായി ഉത്തരവാദിയാണെന്ന ഗുരുതര ആരോപണവും എഐഎഡിഎംകെ ഉന്നയിച്ചു.