മെല്‍ബണ്‍: അര്‍ജന്റീനിയന്‍ ഫുട്‌ബോളിന്റെ തലവര മാറ്റുമോ ഓസ്‌ട്രേലിയ….? ലാറ്റിനമേരിക്കയിലെ ഫുട്‌ബോള്‍ കരുത്തര്‍ ഓസ്‌ട്രേലിയ എന്ന അകലെയുളള രാജ്യത്തിന്റെ മടിത്തട്ടിലേക്ക് വരുന്നത് പുതിയ വാഗ്ദാനങ്ങളുമായാണ്. വെള്ളിയാഴ്ച്ച ബ്രസീലിനെതിരെ നടക്കുന്ന സൗഹൃദ മല്‍സരത്തിന് ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണ്‍ സാക്ഷിയാവുമ്പോള്‍ ഫുട്‌ബോള്‍ ലോകവും ചിലതെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. ടീമിന്റെ പുതിയ പരിശീലകന്‍ ജോര്‍ജ് സാംപോളിയുടെ അരങ്ങേറ്റമാണിത്. സ്പാനിഷ് ക്ലബായ സെവിയെയുടെ പരിശീലകനായിരുന്ന സാംപോളി ക്ലബുമായുളള ബന്ധങ്ങള്‍ വിഛേദിച്ചാണ് അര്‍ജന്റീനയുടെ ക്ഷണം സ്വീകരിച്ചത്. അര്‍ജന്റീനക്ക് ആശ്വാസമായി ബ്രസീല്‍ നായകന്‍ നെയ്മര്‍ സൗഹൃദ പോരാട്ടത്തില്‍ കളിക്കുന്നുമില്ല.

തന്റെ അരങ്ങേറ്റ മല്‍സരത്തില്‍ മെസിയുടെ സാന്നിദ്ധ്യം സാംപോളി അദ്ദേഹം ഉറപ്പ് വരുത്തിയിരുന്നു. മെസി ഉള്‍പ്പെടെയുളളവര്‍ താല്‍പ്പര്യമെടുത്താണ് ചിലിക്കാരനായ കോച്ചിനെ രാജ്യത്തിന്റെ ഡ്യൂട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. പാരീസ് സെന്റ് ജര്‍മനില്‍ നിന്നും ആഞ്ചലോ ഡി മരിയ, മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും റോജെ തുടങ്ങി യൂറോപ്പിലും ലാറ്റിനമേരിക്കയിലുമായി കളിക്കുന്ന എല്ലാ സൂപ്പര്‍ താരങ്ങളും മെല്‍ബണില്‍ എത്തിയിട്ടുണ്ട്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ലോകത്തിലെ ഏറ്റവും വലിയ കളി മൈതാനങ്ങളില്‍ ഒന്നാണ്. ഒരു ലക്ഷമാണ് ഇവിടെ കപ്പാസിറ്റി. ഇപ്പോള്‍ തന്നെ ടിക്കറ്റുകള്‍ അതിവേഗം വിറ്റഴിയുന്ന വേളയില്‍ എം.സി.ജി നിറഞ്ഞ് കവിയുമെന്നുറപ്പാണ്. ഇതാദ്യമായിട്ടായിരിക്കും മെസിയും അര്‍ജന്റീനയും ഇത്രയും വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി കളിക്കുന്നതും. മെല്‍ബണ്‍ സിറ്റിയിലെ ഫുട്‌ബോള്‍ അക്കാദമി മൈതാനത്താണ് ടീമിന്റെ പരിശീലനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മെസിയും സംഘവും പരിശീലനത്തില്‍ വളരെ സജീവമാണ്.ടീമിലെ ആകര്‍ഷണം പക്ഷേ മെസിയല്ല- നാളെയുടെ മെസി എന്നറിയപ്പെടുന്ന യുവന്തസിന്റെ പൗളോ ഡിബാലയാണ്. വെയില്‍സിലെ കാര്‍ഡിഫില്‍ റയല്‍ മാഡ്രിഡിനെതിരായ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മല്‍സരത്തില്‍ പങ്കെടുത്ത ശേഷം ഇന്ന് ഡിബാലയും സീനിയര്‍ താരം ഗോണ്‍സാലോ ഹ്വിഗിനും മെല്‍ബണിലെത്തും. ഇന്റര്‍മിലാന് വേണ്ടി കളിക്കുന്ന മൗറോ ലക്കാര്‍ഡി, ബാര്‍സിലോണയുടെ സീനിയര്‍ താരം ജാവിയര്‍ മസ്‌കരാനസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗോള്‍ക്കീപ്പര്‍ സെര്‍ജിയോ റോമിറോ, മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്ന നിക്കോളാസ് ഓട്ടമാന്‍ഡി തുടങ്ങിയവരെല്ലാം പരിശീലനത്തില്‍ സജീവമാണ്.ബ്രസീലിനെതിരായ മല്‍സരത്തിന് ശേഷം സിംഗപ്പൂരുമായും മെസിയും സംഘവും കളിക്കുന്നുണ്ട്.
രണ്ട് സന്നാഹ മല്‍സരങ്ങള്‍ക്ക് ശേഷം ലോകകപ്പ് യോഗ്യതാ റൗണ്ട് തന്നെയാണ് സാംപോളിയുടെ നോട്ടം. നിലവില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ടീമിന് അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കണമെങ്കില്‍ ഇനി നടക്കാനിരിക്കുന്ന മൂന്ന് മല്‍സരങ്ങളും ജയിച്ചിരിക്കണം. പരാഗ്വേ ഉള്‍പ്പെടെ പ്രമുഖരുമായി കളിക്കേണ്ടതിനാല്‍ വന്‍ മല്‍സരങ്ങള്‍ക്ക് ഏറ്റവും മികച്ച ടീമിന്റെ സേവനം ഉറപ്പ് വരുത്തുകയാണ് ജോര്‍ജ്ജ് സാംപോളി.