മെല്‍ബണ്‍: നാളെ എം.സി.ജിയില്‍ നടക്കാന്‍ പോവുന്നത് അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സൗഹൃദ ഫുട്‌ബോളാണ്. പക്ഷേ അര്‍ജന്റീനയുടെ പുതിയ കോച്ച് ജോര്‍ജ് സാംപോളി ഇതിനെ സൗഹൃദ മല്‍സരമായിട്ടല്ല-ജയിക്കാനുള്ള ഒരു ലോകകപ്പ് മല്‍സരം പോലെയാണ് മെല്‍ബണ്‍ അങ്കത്തെ കാണുന്നത്. ഇന്നലെ മെല്‍ബണ്‍ നഗരത്തിലെ ബുന്ദൂര ബേസില്‍ ആരെയും കടത്തി വിടാതെ അദ്ദേഹം നാല് മണിക്കൂര്‍ ടീമിന്റെ പരിശീലനം നടത്തി. അതേ സമയം ബ്രസീല്‍ ക്യാമ്പ് എല്ലാവര്‍ക്കുമായി തുറന്നിട്ടിരുന്നു. ബോട്ട് യാത്ര നടത്തിയും മെല്‍ബണ്‍ നഗരത്തിലൂടെ സവാരി നടത്തിയും ഹാപ്പി മുഡിലാണ് മഞ്ഞപ്പട. കാര്‍ഡിഫില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച യുവന്തസ് സംഘത്തിലെ പൗലോ ഡിബാല, ഗോണ്‍സാലോ ഹ്വിഗിന്‍ എന്നിവര്‍ ഇന്നലെ രാവിലെ ടീം ക്യാമ്പിലെത്തിയിരുന്നു. മെസിക്കും മറ്റ് പ്രധാന താരങ്ങള്‍ക്കൊപ്പം ഇവര്‍ പരിശീലനം നടത്തുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും കോച്ച് അനുവദിച്ചില്ല. ആദ്യ രണ്ട് ദിവസങ്ങളിലും 15 മിനുട്ട് വീതം കോച്ച് മാധ്യമങ്ങളെ മൈതാനത്ത് അനുവദിച്ചെങ്കില്‍ ഇന്നലെ അദ്ദേഹം ആരെയും കാണാന്‍ തയ്യാറായില്ല. ബ്രസീല്‍ സംഘം മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയാണ് പരിശീലനം നടത്തിയത്. ലെക്‌സൈഡ് സ്‌റ്റേഡിയത്തിലായിരുന്നു മഞ്ഞപ്പടയുടെ പരിശീലനം. പരിശീലനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കാന്‍ രണ്ട് താരങ്ങളെ കോച്ച് അനുവദിക്കുകയും ചെയ്തു.
കടുത്ത സമ്മര്‍ദ്ദത്തിലാണ് അര്‍ജന്റീനിയന്‍ ക്യാമ്പ്. ബ്രസീല്‍ ലോകകപ്പ് യോഗ്യത നേടിയ സാഹചര്യത്തില്‍ അവര്‍ക്ക് സമര്‍ദ്ദമില്ല. ക്യാപ്റ്റന്‍ നെയ്മര്‍ക്ക് വിശ്രമം അനുവദിച്ചതും ഇത് കൊണ്ടാണ്. അതേ സമയം സാംപോളിക്ക് ആദ്യ ഇലവന്‍ കാര്യത്തില്‍ ഇത് വരെ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ടീമിനോട് അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറയുന്നത്. മെസിയും ഡിബാലെയും ഹിഗ്വിനും അഗ്യൂറോയുമെല്ലാം ടീമിലുണ്ട്. ഇവരില്‍ ആര്‍ക്കെല്ലാമാണ് അവസരമെന്നതാണ് വലിയ ചോദ്യം. മെസിക്കൊപ്പം ഡിബാല കൂടുതല്‍ കളിച്ചിട്ടില്ല. സമീപകാലത്ത് മിന്നിതിളങ്ങിയ താരമാണ് അദ്ദേഹം. യുവന്തസിനെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിരുന്നു. ബാര്‍സിലോണക്കെതിരായ ക്വാര്‍ട്ടറില്‍ രണ്ട് ഗോളും യുവതാരം നേടിയിരുന്നു. ഹ്വിഗിനാണ് ക്ലബില്‍ ഡിബാലെയുടെ കൂട്ടാളി.
നെയ്മര്‍ കളിക്കാത്ത ബ്രസീലിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ കഴിയാത്തപക്ഷം അത് വലിയ ക്ഷീണമാവുമെന്ന് കോച്ചിനറിയാം. നല്ല തുടക്കം ടീമിന് നല്‍കാനായാല്‍ അത് കോച്ചിന് ഗുണം ചെയ്യും. വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളെ കരുത്തോടെ നേരിടാനുമാവും.