റിയോ ഡി ജനീറോ: ബ്രസീൽ ഫുട്ബോൾ ഇതിഹാസവും മുൻ റയൽ മഡ്രിഡ് താരവുമായ റോബർടോ കാർലോസിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ നടത്തി. പതിവ് ആരോഗ്യ പരിശോധനയ്ക്കിടെ ഹൃദയ സംബന്ധമായ ഗുരുതര പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് റിയോ ഡി ജനീറോയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
അവധിക്കാലം ആഘോഷിക്കാനായി ബ്രസീലിലെത്തിയ കാർലോസ് പതിവ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കാലിൽ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ ഫുൾ ബോഡി എം.ആർ.ഐ പരിശോധനയിലാണ് ഹൃദയത്തിൽ ഗുരുതര പ്രശ്നങ്ങൾ സ്ഥിരീകരിച്ചത്. ഇതോടെ ഹൃദ്രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ച താരത്തെ കാർഡിയാക് കത്തീറ്ററൈസേഷനു വിധേയനാക്കി.
ഏകദേശം 40 മിനിറ്റ് മാത്രം നീണ്ടുനിൽക്കേണ്ട ശസ്ത്രക്രിയ സങ്കീർണതകൾ കാരണം മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് സ്പാനിഷ് മാധ്യമമായ ഡിയാരിയോ എ.എസ് റിപ്പോർട്ട് ചെയ്യുന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നും താരം അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂർ കൂടി കാർലോസ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും വ്യക്തമാക്കി.
1990 മുതൽ 2016 വരെ നീണ്ടു നിന്ന ക്ലബ്-ദേശീയ ടീം കരിയറിലൂടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റോബർടോ കാർലോസ്. 1992 മുതൽ 2006 വരെ ബ്രസീൽ ദേശീയ ടീമിന്റെ സ്ഥിരാംഗമായിരുന്നു. പത്തുവർഷത്തിലേറെ നീണ്ട റയൽ മഡ്രിഡ് കരിയറിലൂടെ ആധുനിക ഫുട്ബോളിലെ ഇതിഹാസ പ്രതിരോധ താരങ്ങളുടെ പട്ടികയിൽ ഇടംനേടി.
ആക്രമണ സ്വഭാവമുള്ള ലെഫ്റ്റ് ബാക്കായിരുന്ന കാർലോസ് ബ്രസീലിനായി 125 മത്സരങ്ങളിൽ ബൂട്ട് അണിഞ്ഞു. 2002ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിന്റെയും 1998 ലോകകപ്പ് റണ്ണർ അപ്പ് ടീമിന്റെയും അംഗമായിരുന്നു. 1997ൽ ഫ്രാൻസിനെതിരായ മത്സരത്തിൽ 35 യാർഡ് അകലെ നിന്ന് ഇടംകാലിൽ തൊടുത്തുവിട്ട ‘ബനാന ഫ്രീകിക്ക്’ ഗോൾ ഇന്നും ഫുട്ബോൾ ചരിത്രത്തിലെ അത്ഭുത നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
2012ൽ റഷ്യൻ ക്ലബിൽ കളിച്ച് സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം 2015ലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മുൻപിൽ താരം എത്തിയത്. ഐ.എസ്.എല്ലിൽ ഡൽഹി ഡൈനാമോസ് താരമായും കോച്ചായും ഒരു സീസൺ നിറഞ്ഞുനിന്ന റോബർടോ കാർലോസ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കും പ്രിയങ്കരനായി.