തൃശൂര്‍: കേരള പൊലീസ് ഫുട്ബോള്‍ ടീമിന്റെ മുന്‍കാല താരം സി.എ. ലിസ്റ്റണ്‍ അന്തരിച്ചു (54). കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം. തൃശൂര്‍ അളഗപ്പ നഗര്‍ സ്വദേശിയായ ലിസ്റ്റന്‍ കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ സുവര്‍ണകാലത്തെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു.

ഫുട്ബോള്‍ താരമായിരുന്ന അച്ഛന്‍ സി.ഡി. ആന്റണിയുടെ ചുവടുപിടിച്ചാണ് ലിസ്റ്റനും ഫുട്ബോള്‍ കളിച്ചു തുടങ്ങിയത്. 1988ലാണ് ആദ്യമായി കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമില്‍ അംഗമാകുന്നത്. ലിസ്റ്റന്റെ കൂടി സ്ടൈക്കിങ് മികവിലാണ് അന്ന് കേരള ഫൈനില്‍ പ്രവേശിച്ചത്. അക്കൊല്ലം കലാശപ്പോരില്‍ കരുത്തരായ ബംഗാളിനോടാണ് കേരളം തോറ്റത്. പിന്നീട് ഗോവ സന്തോഷ് ട്രോഫി ടീമിലും ലിസ്റ്റന്‍ കേരളത്തിനുവേണ്ടി കളിച്ചു. അക്കാലത്ത് ഇന്ത്യന്‍ അണ്ടര്‍ 22 ടീമില്‍ ഇടം നേടിയ ലിസ്റ്റന്‍ മാലദ്വീപില്‍ ഇന്ത്യന്‍ കുപ്പായണിഞ്ഞ് കളിച്ചു. കോഴിക്കോട് നാഗ്ജി ട്രോഫിയില്‍ കളിച്ച ജൂനിയര്‍ ഇന്ത്യന്‍ ടീമിലും ലിസ്റ്റന്‍ ബൂട്ടണിഞ്ഞു.