ന്യൂഡല്‍ഹി: വിവാദമായ കേംബ്രിഡ്ജ് അനലറ്റിക്ക കേരളത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതായി വെളിപ്പെടുത്തല്‍. കേരളത്തില്‍ നിന്നുള്ള ഭീകരവാദ റിക്രൂട്ടിമെന്റിനെ സംബന്ധിച്ച വിവരങ്ങളാണ് ചോര്‍ത്തിയതെന്നാണ് വിവരം. മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈലിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ വിവരങ്ങള്‍ ചോര്‍ത്തിയതായി വൈലി വെളിപ്പെടുത്തി. പശ്ചിമ ബംഗാള്‍, അസം, ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. തീവ്രവാദ ഗ്രൂപ്പുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ തന്നെയാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായി ട്വീറ്റ് ചെയ്ത മറുപടിയിലാണ് വിവരങ്ങള്‍ ഉള്ളത്. എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് ക്രിസ്റ്റഫര്‍ വൈലി പറഞ്ഞിട്ടില്ല. 2007 ലാണ് ഇത് സംബന്ധിച്ച് നിരീക്ഷണം നടത്താന്‍ നിര്‍ദേശം ലഭിച്ചിരുന്നതെന്നും വൈലി പറഞ്ഞു.