ശാസ്ത്രവിഷയങ്ങളില്‍ പഠനവും ഗവേഷണവും നടത്താനാഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങളാണ് ‘ഐസര്‍’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്. തിരുവനന്തപുരം, ഭോപാല്‍, മൊഹാലി, കൊല്‍ക്കത്ത, പൂനെ, തിരുപ്പതി, ബെര്‍ഹാംപൂര്‍ എന്നിവിടങ്ങളിലായി 7 ക്യാമ്പസുകളാണുള്ളത്. സമര്‍ഥരായ വിദ്യാര്‍ഥികളുടെ സാന്നിധ്യം, മികച്ച അധ്യാപകര്‍, അതിവിപുലമായ ക്യാമ്പസ്, അത്യാധുനിക ലബോറട്ടറി സൗകര്യം, പഠന ശേഷം ലോകോത്തര സര്‍വകലാശാലകളില്‍ ഗവേഷണത്തിനായി അവസരം ലഭിക്കാനുള്ള സാധ്യത തുടങ്ങിയവ ഐസറുകളുടെ പ്രധാന സവിശേഷതകളാണ്.

ബയോളജിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ്, മാത്തമാറ്റിക്കല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, എര്‍ത്ത് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, എര്‍ത്ത് ആന്റ് ക്ലൈമറ്റ് സയന്‍സ്, ജിയോളജിക്കല്‍ സയന്‍സ്, ഇന്റഗ്രേറ്റഡ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് തുടങ്ങിയ വിഷയങ്ങളിലെ അഞ്ച് വര്‍ഷത്തെ ബിഎസ്എം.എസ് പ്രോഗ്രാമുകളിലേക്കും ഭോപാല്‍ ‘ഐസറി’ല്‍ മാത്രമുള്ള എന്‍ജിനീയറിങ് സയന്‍സസ്, എക്കണോമിക് സയന്‍സ് എന്നിവയിലെ നാലു വര്‍ഷത്തെ ബിഎസ് കോഴ്‌സുകളിലേക്കുമാണ് +2 കഴിഞ്ഞവര്‍ക്ക് പ്രവേശനം നേടാനാവുക.

എല്ലാ ‘ഐസറു’കളിലുമായി മൊത്തം ബിഎസ്എം.എസ് കോഴ്‌സിന് 1700ലധികം സീറ്റുകളും ബി.എസ് കോഴ്‌സിന് 115 സീറ്റുകളുമാണുള്ളത്. എല്ലാ കോഴ്‌സുകളും എല്ലാ ക്യാമ്പസുകളിലുമില്ല എന്നത് പ്രത്യേകം ഓര്‍ക്കണം.ബിഎസ്എംഎസ് കോഴ്‌സിന്റെ ആദ്യ രണ്ടുവര്‍ഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും മൂന്നും നാലും വര്‍ഷങ്ങളില്‍ ഇഷ്ടമുള്ള വിഷയങ്ങളിലുമുള്ള പഠനമാണുണ്ടാവുക. അഞ്ചാം വര്‍ഷം ഗവേഷണ പ്രവര്‍ത്തനങ്ങളാണ് കൂടുതലുണ്ടാവുക. പ്ലസ്ടു കഴിഞ്ഞവര്‍ക്കുള്ള കോഴ്‌സുകള്‍ക്ക് പുറമെ ബിരുദധാരികള്‍ക്കുള്ള പിജി, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി കോഴ്‌സുകളും ഐസറുകളിലുണ്ട്.

ജെ.ഇ.ഇ അഡ്വാന്‍സ്ഡ്, കെവിപിവൈ എന്നിങ്ങനെയുള്ള രണ്ട് പ്രവേശന മാര്‍ഗങ്ങള്‍ക്ക് പുറമെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്ന സ്‌റ്റേറ്റ് ആന്റ് സെന്‍ട്രല്‍ ബോര്‍ഡ് എന്ന രീതിയിലൂടെ പ്രവേശനം നേടാന്‍ ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നിവയില്‍ ഏതെങ്കിലും മൂന്ന് വിഷയങ്ങളെടുത്ത് 60% മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും 55 %) വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ജൂലായ് 3 ന് നടക്കുന്ന ‘ഐസര്‍’ അഭിരുചി പരീക്ഷ (ഐഎടി2022) വഴി യോഗ്യത നേടണം. ഇതിനായി ജൂണ്‍ 15 നകം https://www.iiseradmission.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. 2021, 2022 വര്‍ഷങ്ങളില്‍ പ്ലസ്ടു പരീക്ഷ എഴുതിയവരായിരിക്കണം.

ഡിസൈന്‍ പഠനത്തിന്
ഐ.എഫ്.ടി.കെ

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്റെ കീഴില്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫേഷന്‍ ടെക്‌നോളജി കേരള (ഐ.എഫ്.ടി.കെ) എന്‍.ഐ.എഫ്.ടിയുമായി സഹകരിച്ച് നടത്തുന്ന നാല് വര്‍ഷ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ് ഫാഷന്‍ ഡിസൈന്‍) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. കൊല്ലം ജില്ലയിലെ കുണ്ടറക്കടുത്ത് സ്ഥിതി ചെയ്യുന്ന ഐ.എഫ്.ടി.കെ ക്യാംപസില്‍ നടത്തപ്പെടുന്ന ഈ കോഴ്‌സിന് കേരള യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനുണ്ട്. 60 സീറ്റുകളാണുള്ളത്. 50% മാര്‍ക്കോടെ ഏത് വിഷയമെടുത്ത് പ്ലസ്ടു വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.

ജനറല്‍ എബിലിറ്റി, ക്രീയേറ്റീവ് എബിലിറ്റി എന്നിങ്ങനെ ടെസ്റ്റുകളുണ്ടാവും. ജനറല്‍ എബിലിറ്റിയില്‍ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ഇംഗ്ലീഷ്ഭാഷാ പരിജ്ഞാനം, ആശയവിനിമയ ശേഷി, അനലറ്റിക്കല്‍ എബിലിറ്റി, പൊതുവിജ്ഞാനം, ആനുകാലികം എന്നിവയിലും ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റില്‍ നൈപുണ്യം, നിരീക്ഷണ പാടവം, പുതുമ സൃഷ്ടിക്കാനുള്ള കഴിവ്, രൂപകല്പനയിലെ വൈദഗ്ധ്യം. വര്‍ണങ്ങളും ചിത്രീകരണങ്ങളും ഉപയോഗിക്കുന്നതിലെ സാമര്‍ഥ്യം എന്നിവ പരിശോധിക്കപ്പെടും. മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ വെബ്‌സൈറ്റിലുണ്ട്. രണ്ടാം ഘട്ടത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ കരിയര്‍ ഓറിയന്റേഷന്‍, ഈ മേഖല തിരഞ്ഞെടുക്കുന്നതിനുള്ള അനുയോജ്യത, പാഠ്യ പാഠ്യേതര മേഖലകളിലെ വ്യക്തിഗത നേട്ടങ്ങള്‍, ആശയവിനിമയ വൈഭവം, പൊതുവിജ്ഞാനം, അഭിരുചി എന്നിവ പരിശോധിക്കപെടും. സെമസ്റ്ററിന് 48,000 രൂപയോളം ഫീസ് വരും. https://www.iftk.ac.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ ജൂണ്‍ 15 വരെ സമര്‍പ്പിക്കാം.