പൊന്നാനി: ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ മാധ്യമങ്ങളിലുടെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പൊന്നാനി പൊലീസില്‍ പരാതി. അഭിഭാഷകനും തൃശൂര്‍ സ്വദേശിയുമായ വി ആര്‍ അനൂപാണ് ശ്രീധരന്റെ സ്റ്റേഷന്‍ പരിധിയായ പൊന്നാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഹിന്ദു,ക്രിസത്യന്‍ യുവതികളെ മുസ്‌ലിം ചെറുപ്പക്കാര്‍ ആസൂത്രിതമായി ലവ് ജിഹാദ് നടത്തുന്നു,മാംസ ഭക്ഷണം കഴിക്കുന്നവരോട് വെറുപ്പാണ് എന്നീ പ്രസ്താവനകളിലൂടെ സമൂഹത്തില്‍ മതസ്പര്‍ധയും വെറുപ്പും പരത്തുന്നു എന്നാണ് പരാതി വ്യക്തമാക്കുന്നത്.

ശ്രീധരനെ നിയമപരമായി നേരിടുമെന്നും പ്രിവിലേജുകളുടെ ബലത്തില്‍ ചോദ്യം ചെയ്യപ്പെടാതെ വിലസാമെന്ന് കരുതേണ്ടെന്നും പരാതിക്കാരന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. അനൂപ് പരാതി നല്‍കിയെന്ന് പൊന്നാനി പൊലിസ് സ്ഥിരീകരിച്ചു.