കായംകുളം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികനെതിരെ വീണ്ടും ലൈംഗികാരോപണം. ഫാദര്‍ ബിനു ജോര്‍ജിനെതിരെ മാവേലിക്കര സ്വദേശിയായ യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

കായംകുളം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുടുംബപ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയാമാക്കിയെന്നും പൊലീസ് പറഞ്ഞു. കായംകുളം മജിസ്ട്രേറ്റിന് യുവതി മൊഴിയും നല്‍കിയിട്ടുണ്ട്. പത്തനംതിട്ട റാന്നി ആശ്രമത്തിലെ വൈദികനാണ് ഫാദര്‍ ബിനു ജോര്‍ജ്.

നേരത്തെ കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വൈദികര്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വൈദികര്‍ക്കെതിരെ വീണ്ടും ലൈംഗികാരോപണം പുറത്തുവരുന്നത്. ലൈംഗിക ആരോപണം ഉയര്‍ന്ന തങ്ങളുടെ സഭയുടെ കീഴിലുള്ള അഞ്ച് വൈദികരെ അന്വേഷണ വിധേയമായി ഓര്‍ത്തഡോക്‌സ് സഭ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും തുമ്പമണ്‍, ദല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികരേയുമാണ് പള്ളിവികാരി സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നത്.