ഗസ്സ സിറ്റി: അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രാഈല്‍ കുറഞ്ഞത് 497 തവണ ലംഘിച്ചതായി ഗസ്സ ഗവണ്‍മെന്റ് മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നുള്ള ആക്രമണങ്ങളിലായി 342 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും അധികാരികള്‍ വ്യക്തമാക്കി. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമാണ്.
മീഡിയ ഓഫീസ് പ്രസ്താവനയില്‍ ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഗുരുതരവും വ്യവസ്ഥാപിതവുമായ ലംഘനങ്ങള്‍ തുടരുന്നതിനെ ശക്തമായി അപലപിച്ചു.
അവസാന 24 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ നടന്ന ഇസ്രഈലി വ്യോമാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടുന്നു. 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയിലെ തിരക്കേറിയ തെരുവില്‍ ഇസ്രഈലി ഡ്രോണ്‍ പൊട്ടിത്തെറിച്ചതില്‍ 5 പേര്‍ മരിക്കുകയും 7 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രാഈല്‍ അധീനതയിലുള്ള പ്രദേശത്ത് ഹമാസ് സേന ഇസ്രാഈല്‍ സൈനികരെ ആക്രമിച്ചതിനൊടുവിലാണ് തിരിച്ചാക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
അമേരിക്കയുടെ നേതൃത്വത്തില്‍ ഗസ്സയില്‍ വിന്യസിക്കാന്‍ പോകുന്ന അന്താരാഷ്ട്ര സേനയിലേക്ക് സ്വന്തം സൈനികരെ അയക്കാന്‍ തയാറാണെന്ന് തുര്‍ക്കി അറിയിച്ചു. ഇസ്രാഈലിന്റെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെ തന്നെയാണ് തുര്‍ക്കിയുടെ തീരുമാനം.
ഗസ്സയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനുള്ള കരട് പ്രമേയത്തിന് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി അംഗീകാരം നല്‍കി. അതിര്‍ത്തി സുരക്ഷിതമാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഫലസ്തീന്‍ പൊലീസിനൊപ്പം ഇസ്രാഈലും ഈജിപ്തും സഹകരിക്കും എന്ന് പ്രമേയം വ്യക്തമാക്കുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ എത്തിയിട്ടും ഗസ്സയിലെ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണിപ്പോള്‍.