Sports

വൈഭവിനൊപ്പം മലയാളി താരത്തിനും സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

By webdesk18

January 07, 2026

ബനോനി: ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീം വമ്പന്‍ സ്‌കോറിലേക്ക് കുതിക്കുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 26 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ വൈഭവ് സൂര്യവന്‍ഷിയുടെയും മലയാളി താരം ആരോണ്‍ ജോര്‍ജിന്റെയും വെടിക്കെട്ട് സെഞ്ചുറികളാണ് ഇന്ത്യക്ക് അടിത്തറയൊരുക്കിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 227 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വൈഭവ് സൂര്യവന്‍ഷി തുടക്കത്തില്‍ തന്നെ ആക്രോശഭരിതമായ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 24 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട വൈഭവ് 63 പന്തില്‍ സെഞ്ചുറി തികച്ചു. തുടര്‍ന്ന് ബൗളര്‍മാരെ തകര്‍ത്ത വൈഭവ് 9 ഫോറും 10 സിക്സും സഹിതം 74 പന്തില്‍ 127 റണ്‍സ് നേടി പുറത്തായി.

വൈഭവിന് മികച്ച പിന്തുണ നല്‍കി ആരോണ്‍ ജോര്‍ജും തകര്‍പ്പന്‍ ഇന്നിംഗ്സുമായി. 32 പന്തില്‍ അര്‍ധസെഞ്ചുറിയും 91 പന്തില്‍ സെഞ്ചുറിയും നേടിയ ആരോണ്‍ 15 ബൗണ്ടറികള്‍ പറത്തി. മത്സരം തുടരുമ്പോള്‍ ആരോണ്‍ 100 റണ്‍സുമായി ക്രീസിലുണ്ട്. വേദാന്ത് ത്രിവേദി 5 റണ്‍സുമായി അദ്ദേഹത്തിന് ഒപ്പം നില്‍ക്കുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ അണ്ടര്‍ 19 ഇതിനകംപരമ്പര സ്വന്തമാക്കിയിട്ടുണ്ട്. മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ആരോണ്‍ ജോര്‍ജിനൊപ്പം മലയാളി താരം മുഹമ്മദ് ഇനാനും ഇന്നത്തെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്.