റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഛത്തീസ്ഗഡില്‍ ആരംഭിച്ചു. മാവോയിസ്റ്റുകളുടെ സ്വാധീന മേഖലയില്‍ 18 സീറ്റുകളിലാണ് മത്സരം നടക്കുന്നത്.

ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ മാവോയിസ്റ്റുകള്‍ ഇന്നലെ അനന്തഗഡ് ഗ്രാമത്തില്‍ നടത്തിയ സ്‌ഫോടന പരമ്പരയില്‍ ഒരു ബി. എസ്. എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബി.എസ്.എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹേന്ദര്‍ സിംഗ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഹെലികോപ്ടറില്‍ റായ്പൂര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മവോയിസ്റ്റ് മേഖലയിലെ 18 അസംബ്ലി സീറ്റുകളിലായി ഒരു ലക്ഷത്തോളം സുരക്ഷാഭന്മാരെ വിന്യസിച്ചിരിക്കെയാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത മാവോയിസ്റ്റുകളുടെ ആക്രമണം. റായ്പൂരില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ കന്‍കേര്‍ ജില്ലയിലെ കോയലിബേദ മേഖലയില്‍ ഇന്നലെ പുലര്‍ച്ചെ ഏഴ് കുഴിബോംബുകള്‍ പരമ്പരയായി ബന്ധിപ്പിച്ച് തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ നടത്തുകയായിരുന്നു.

ബീജാപ്പുര്‍ ജില്ലയിലെ ബേദ്രെ മേഖലയിലുണ്ടായ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മറ്റൊരാളെ സുരക്ഷാസേന പിടികൂടി. ഇവിടെനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ടെന്നും നക്‌സല്‍ വിരുദ്ധ ഓപറേഷന്‍സ് ഡി.ഐ.ജി പി. സുന്ദര്‍രാജ് അറിയിച്ചു.