കോഴിക്കോട്: ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് വൈകുന്നു. സംഭവം കഴിഞ്ഞ് ഒരു മാസമായിട്ടും പ്രതികളെപ്പറ്റി വ്യക്തമായ ചിത്രം പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം, പ്രതികളുടെ വിവരങ്ങള്‍ ലഭിക്കാന്‍ ഫെയ്‌സ് ബുക്ക് വഴി അന്വേഷണം നടത്തുകയാണ് പൊലീസ്. പെണ്‍കുട്ടിയുടെ ഫെയ്‌സ് ബുക്ക് സുഹൃത്തുക്കളില്‍ ചിലരുടെ ഫോട്ടോകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇവരെപ്പറ്റി വ്യക്തമായ വിവരം നല്‍കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞിട്ടില്ല.
പെണ്‍കുട്ടിയെ യുവാക്കള്‍ എത്തിച്ച സ്ഥലങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തിയിരുന്നു. വനിതാപൊലീസിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ തെളിവെടുപ്പിനായി എത്തിച്ചത്. ഇപ്പോള്‍ ചൈല്‍ഡ് ഹോമില്‍ കഴിയുന്ന പെണ്‍കുട്ടി മാനസികമായി തളര്‍ന്നിരിക്കുന്നതായി പൊലീസ് പറഞ്ഞു. പീഡിപ്പിച്ച സംഘത്തില്‍ എട്ടു പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയിരുന്നത്.
അതേസമയം, ചേവായൂര്‍ പൊലീസിന് നല്‍കിയ മൊഴിയും അന്വേഷണസംഘത്തോട് പറഞ്ഞ കാര്യങ്ങളിലും വൈരുധ്യമുണ്ടെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പീഡനം നടന്ന സമയം, സ്ഥലം, തിയതി എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല എന്നത് പ്രശ്‌നമാവുകയാണ്.
കോടതിയുടെ അനുമതിയോടെ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും എടുക്കാനാണ് പൊലീസിന്റെ നീക്കം. മേയ് 24നാണ് സംഭവത്തില്‍ കേസെടുത്തത്. പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ നല്ലളം, ബേപ്പൂര്‍, ചേവായൂര്‍, മാറാട്, പന്തീരാങ്കാവ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന സംഭവമായതിനാല്‍ പ്രതികളെ കണ്ടെത്താനും അറസ്റ്റ് നടത്താനും താമസം നേരിടുമെന്നാണ് പൊലീസിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം.