ബീജിങ്: ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങില്‍ നിരവധി മുസ്ലിം പേരുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കണമെങ്കില്‍ ഈ പേരുകള്‍ പാടില്ലെന്ന നിയമമാണ് നിലവില്‍ വന്നിരിക്കുന്നത്. ഇസ്ലാം, ഖുര്‍ാന്‍, മക്ക, ജിഹാദ്, ഇമാം, സദ്ദാം, ഹജ്ജ്, മദീന തുടങ്ങിയവ നിരോധിത പേരുകളില്‍പ്പെടുന്നു. മതവിശ്വാസികളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ മേഖലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തുന്നുണ്ട്.

ചില പേരുകള്‍ മതത്തോടുള്ള ആഭിമുഖ്യം തീവ്രമാക്കും എന്നു വിശദീകരിച്ചാണ് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ‘വംശീയ ന്യൂനപക്ഷങ്ങള്‍ക്കുള്ള പേരിടീല്‍ നിയമങ്ങള്‍’ കൊണ്ടു വന്നിരിക്കുന്നത് എന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു. സമൂഹത്തെ മതരഹിതമാക്കുക എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയത്തിന്റെ ഭാഗമാണിത്.

നിരോധിത പേരുകളുള്ള കുട്ടികള്‍ക്ക് ‘ഹുകോ’ എന്നറിയപ്പെടുന്ന രജിസ്‌ട്രേഷന്‍ ലഭിക്കില്ല. പൊതു വിദ്യാഭ്യാസം അടക്കമുള്ള സാമൂഹ്യ പദ്ധതികള്‍ക്ക് ഹുകോ നിര്‍ബന്ധമാണ്. മതതീവ്രവാദവും ഭീകരവാദവും അടിച്ചമര്‍ത്താന്‍ എന്ന പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ചൈനയില്‍ നടക്കുന്ന കൊടിയ പീഡനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അഭിപ്രായപ്പെട്ടു.

ഉയ്ഗൂര്‍ മുസ്ലിംകള്‍ കൂട്ടമായി താമസിക്കുന്ന ഷിന്‍ജിയാങ് മേഖലയോട് ഗവണ്‍മെന്റും ഭൂരിപക്ഷ ബുദ്ധമത വിഭാഗങ്ങളും കടുത്ത വിവേചനമാണ് കാണിക്കാറുള്ളത്. വര്‍ഗീയ കലാപങ്ങള്‍ തുടര്‍ക്കഥയായ ഇവിടെ നിന്ന് നിരവധി പേര്‍ ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. ബുദ്ധമത ഭിക്ഷുക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന ഹീനമായ വംശീയ ഉന്മൂലനത്തിനെതിരെ യു.എന്‍ അടക്കം രംഗത്തു വന്നെങ്കിലും ശമനമായിട്ടില്ല.

‘അസ്വാഭാവികമായ’ രീതിയില്‍ താടിവെക്കുകയോ വസ്ത്രം ധരിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ഈ മാസം ആദ്യവാരത്തില്‍ നിയമം കൊണ്ടുവന്നിരുന്നു. നിയമം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഗവണ്‍മെന്റ് നയത്തിനെതിരെ മെസ്സേജിങ് ആപ്പിലൂടെ തന്റെ ഭാര്യക്ക് സന്ദേശമയച്ചതിന് ജനുവരിയില്‍ ഒരു ഉദ്യോഗസ്ഥനെതിരെ അധികൃതര്‍ നടപടിയെടുത്തിരുന്നു.