സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടേറ്റു കൊല്ലപ്പെട്ടതിനു പിന്നാലെ മാഹിയില്‍ സംഘര്‍ഷം തുടരുന്നു. മാഹി ഇരട്ടപ്പിലാക്കുലില്‍ ബി.ജെ.പി ഓഫീസിനു തീവെച്ചു. സംഭവത്തിനിടെ മാഹി പോലീസിന്റെയും വാഹനം അഗ്നിക്കിരയാക്കി. മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.
കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ കെ.പി ഷമേജിന്റെ പോസ്റ്റമോര്‍ട്ടം മനഃപ്പൂര്‍വം വൈകിപ്പിച്ചെന്നാരോപിച്ചു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബി.ജെ.പി ക്കാര്‍ പ്രതിഷേധിച്ചു. രാവിലെ പത്തിന് ഇന്‍ക്വിസ്റ്റ് പൂര്‍ത്തിയാക്കിതയാണ്. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിച്ചതെന്ന് ബി.ജെ.പി യുടെ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രന്‍ ആരോപിച്ചു.
പൊലീസ് വാഹനവും ആയുര്‍വേദശാലയും അഗ്‌നിക്കിരയാക്കി. ഇന്നലെ ഉച്ച കഴിഞ്ഞാണ് ആക്രമങ്ങള്‍ നടന്നത്. പ്രദേശം സംഘര്‍ഷഭരിതമാണ്. പള്ളൂരില്‍ ബി.ജെ.പി. മണ്ഡലം ഓഫീസായ കെ.ജി. മാരാര്‍ മന്ദിരവും അടിച്ചു തകര്‍ത്ത് തീവെച്ചു. തലശ്ശേരിയില്‍ നിന്നും വന്ന അഗ്‌നിശമന സേന തീ അണക്കുമ്പോഴേക്കും ഓഫീസും താഴെ നിലയിലുള്ള കടയും ഭാഗികമായി കത്തി നശിച്ചു. ഒരു പൊലീസ് വാഹനവും, ആയുര്‍വ്വേദ ശാലയും തീ വെച്ചു നശിപ്പിച്ചു. ബി.ജെ.പി. പ്രാദേശിക നേതാവ് പി.ടി. ദേവരാജന്റെ വീടും കല്ലെറിഞ്ഞു കേടുവരുത്തി.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദ്രുതകര്‍മ്മ സേനയുള്‍പ്പെടെ വന്‍ പൊലീസ് സന്നാഹവും, മാഹി പള്ളൂര്‍ പൊലീസിന്റെ മുഴുവന്‍ സംഘവും പ്രദേശത്ത് വിന്യസിച്ചിടുണ്ട്.
സി.പി.എമ്മും ബി.ജെ.പിയും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. വാഹനങ്ങളെ ഒഴിവാക്കുമെന്ന് പറഞ്ഞെങ്കിലും മാഹിയില്‍ വിവിധ സ്ഥലങ്ങളില്‍ ഇരു പാര്‍ട്ടികളുടെ പ്രവര്‍ത്തകരും വാഹനങ്ങള്‍ തടഞ്ഞു. കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞു കിടന്നു.

കണ്ണൂരിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന സംഘര്‍ഷങ്ങളില്‍ പോലീസും പിണറായി സര്‍ക്കാറും കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.