Connect with us

kerala

മുഖ്യപ്രതിയുമായി അടുത്ത ബന്ധം; ഉദ്യോഗസ്ഥനെ തന്നെ ഡിറ്റക്ടിങ് ഓഫീസറാക്കി പൊലീസ്മലപ്പുറത്ത് വിവാദ നടപടി

എസ്എച്ച്ഒ അബ്ബാസലിയെയാണ് കേസില്‍ ഡിറ്റക്ടിങ് ഓഫീസറായി നിയോഗിച്ചിരിക്കുന്നത്

Published

on

മലപ്പുറം: ലഹരി കേസിലെ മുഖ്യപ്രതിയുമായി അടുത്ത ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ തന്നെ ഡിറ്റക്ടിങ് ഓഫീസറാക്കിയ നടപടിയില്‍ ഗുരുതര ആരോപണങ്ങള്‍. എസ്എച്ച്ഒ അബ്ബാസലിയെയാണ് കേസില്‍ ഡിറ്റക്ടിങ് ഓഫീസറായി നിയോഗിച്ചിരിക്കുന്നത്. ഇയാള്‍ അടുത്തകാലം വരെ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ഇന്നലെ 40 ഗ്രാം എംഡിഎംഎ പിടികൂടിയത്.

ലഹരി മാഫിയ ബന്ധമുള്ള പ്രതി മുഹമ്മദ് കബീറിന്റെ വാടകവീട്ടില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. ഈ മൊല വീട്ടില്‍ ഏകദേശം മൂന്ന് മാസത്തോളം എസ്എച്ച്ഒ അബ്ബാസ് അലി താമസിച്ചിരുന്നതായാണ് വിവരം. മുഹമ്മദ് കബീറുമായി എസ്എച്ച്ഒയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന കാര്യം എസ്എസ്ബി നേരത്തെ തന്നെ എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നാണ് സൂചന.

ഇത്രയും ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കേ, ആരോപണവിധേയനായ എസ്എച്ച്ഒ അബ്ബാസലിയെ തന്നെ കേസില്‍ ഡിറ്റക്ടിങ് ഓഫീസറാക്കിയതാണ് വിവാദമായത്. പ്രതിയുടെ വാടകവീട്ടില്‍ നിന്ന് മാറിത്താമസിക്കണമെന്ന് മൂന്ന് മാസം മുന്‍പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും, ഇത് അവഗണിച്ച് മാസങ്ങളോളം അബ്ബാസ് അലി അതേ വീട്ടില്‍ തുടരുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞത്.

എസ്പിയുടെ ഡാന്‍സാഫ് സംഘമാണ് മുഹമ്മദ് കബീര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. നാര്‍കോട്ടിക് ഡിവൈഎസ്പിയും സ്ഥലത്തെത്തിയിരുന്നു. മുഖ്യപ്രതിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥനെ തന്നെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതില്‍ അന്വേഷണത്തിന്റെ സുതാര്യതയെക്കുറിച്ച് സംശയങ്ങള്‍ ശക്തമാകുകയാണ്.

kerala

ഭൂമിവില സർട്ടിഫിക്കറ്റിന് കൈക്കൂലി ആരോപണം: ആലപ്പുഴ റവന്യൂ ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി

കുട്ടനാട് തഹസിൽദാറായിരുന്ന പി.ഡി. സുധിയുടെയും ആലപ്പുഴ കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് എസ്. സുഭാഷിന്റെയും പേരിൽ ആലപ്പുഴ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.

Published

on

കൊച്ചി: ഭൂമിയുടെ മൂല്യം നിർണയിച്ച് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കോഴ ആവശ്യപ്പെട്ടെന്ന പരാതിയിൽ ആലപ്പുഴയിലെ രണ്ട് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കുട്ടനാട് തഹസിൽദാറായിരുന്ന പി.ഡി. സുധിയുടെയും ആലപ്പുഴ കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് എസ്. സുഭാഷിന്റെയും പേരിൽ ആലപ്പുഴ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.

കേസ് കെട്ടിച്ചമച്ചതാണെന്നടക്കമുള്ള വാദങ്ങൾ ഉന്നയിച്ച് ഇരുവരും സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. കുട്ടനാട് നീരേറ്റുപുറത്ത് 12 സെന്റ് പുറമ്പോക്ക് പതിച്ച് ലഭിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് തലവടി സ്വദേശിയായ അപേക്ഷകൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

ഹരജിക്കാരെ കൈയോടെ പിടികൂടാനുള്ള വിജിലൻസിന്റെ ശ്രമം പരാജയപ്പെട്ടിട്ടും കേസ് മുന്നോട്ട് കൊണ്ടുപോയതായി കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കൈക്കൂലി ആരോപണം ഉയരുന്നതിന് മുമ്പേ തന്നെ ഭൂമിവില നിർണയ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നതായും കോടതി വിലയിരുത്തി. ആരോപണവിധേയരെ തെളിവുകളോടെ പിടികൂടുന്നതിൽ വിജിലൻസ് പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതെങ്കിലും, പരാതിക്കാരന്റെ ഭാര്യ മന്ത്രിക്ക് അയച്ച കത്തിൽ ആറു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇത്തരം ഗൗരവമുള്ള പൊരുത്തക്കേടുകൾ നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസ് റദ്ദാക്കുകയായിരുന്നു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി

ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നടപടി.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നടപടി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശങ്കരദാസിനെ ജയിലിലെ ആശുപത്രി സെല്ലില്‍ പ്രവേശിപ്പിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് മുതല്‍ ശങ്കരദാസ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശങ്കരദാസിന്റെ ആരോഗ്യനില സംബന്ധിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ അന്വേഷണസംഘം ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് കോടതി റിമാന്‍ഡ് ചെയ്തതോടെ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് പരിഗണിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളജിലേക്കുള്ള മാറ്റം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിലവില്‍ ശങ്കരദാസിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജയിലിലേക്ക് മാറ്റാവുന്നതാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഇയാളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

Continue Reading

kerala

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം: കുട്ടിയെ മര്‍ദ്ദിച്ചതായി പിതാവ് കുറ്റസമ്മതിച്ചു

കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ സമ്മതം.

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ ദുരൂഹ മരണത്തില്‍ പിതാവ് ഷിജിന്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ താനാണ് മര്‍ദ്ദിച്ചതെന്ന് ഷിജിന്‍ പൊലീസിന് മൊഴി നല്‍കി. കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ സമ്മതം.

കുട്ടിയുടെ വയറ്റില്‍ ക്ഷതമേറ്റതായി നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതോടെയാണ് ഷിജിനെ വീണ്ടും ചോദ്യം ചെയ്തത്. മൂന്നാംതവണത്തെ ചോദ്യംചെയ്യലിലാണ് ഷിജിന്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റില്‍ ഇടിച്ചതായും പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണതായും പ്രതി മൊഴി നല്‍കി. ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിക്കാന്‍ കാരണമെന്നുമാണ് ഷിജിന്റെ വെളിപ്പെടുത്തല്‍.

കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴികളില്‍ നേരത്തെ തന്നെ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. ചോദ്യംചെയ്യലില്‍ ആസൂത്രിതവും പരസ്പരം സംരക്ഷിക്കുന്നതുമായ മറുപടികളാണ് മാതാപിതാക്കള്‍ നല്‍കിയതെന്നാണ് പൊലീസ് നിലപാട്. കുഞ്ഞിന്റെ കൈയില്‍ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു.

ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു മാതാപിതാക്കളുടെ പ്രാഥമിക മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

കവളാകുളം ഐക്കരവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജിന്‍കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഹാനാണ് മരിച്ചത്. ജനുവരി 16ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. പിതാവ് വാങ്ങി നല്‍കിയ ബിസ്‌കറ്റ് കഴിച്ച് അരമണിക്കൂറിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഷിജിനും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നുവെന്നും ബന്ധുക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത് എന്നുമാണ് വിവരം. കേസില്‍ തുടര്‍നടപടികള്‍ പൊലീസ് തുടരുകയാണ്.

Continue Reading

Trending