Connect with us

kerala

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം: കുട്ടിയെ മര്‍ദ്ദിച്ചതായി പിതാവ് കുറ്റസമ്മതിച്ചു

കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ സമ്മതം.

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ ദുരൂഹ മരണത്തില്‍ പിതാവ് ഷിജിന്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ താനാണ് മര്‍ദ്ദിച്ചതെന്ന് ഷിജിന്‍ പൊലീസിന് മൊഴി നല്‍കി. കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ സമ്മതം.

കുട്ടിയുടെ വയറ്റില്‍ ക്ഷതമേറ്റതായി നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതോടെയാണ് ഷിജിനെ വീണ്ടും ചോദ്യം ചെയ്തത്. മൂന്നാംതവണത്തെ ചോദ്യംചെയ്യലിലാണ് ഷിജിന്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റില്‍ ഇടിച്ചതായും പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണതായും പ്രതി മൊഴി നല്‍കി. ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിക്കാന്‍ കാരണമെന്നുമാണ് ഷിജിന്റെ വെളിപ്പെടുത്തല്‍.

കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴികളില്‍ നേരത്തെ തന്നെ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. ചോദ്യംചെയ്യലില്‍ ആസൂത്രിതവും പരസ്പരം സംരക്ഷിക്കുന്നതുമായ മറുപടികളാണ് മാതാപിതാക്കള്‍ നല്‍കിയതെന്നാണ് പൊലീസ് നിലപാട്. കുഞ്ഞിന്റെ കൈയില്‍ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു.

ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു മാതാപിതാക്കളുടെ പ്രാഥമിക മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

കവളാകുളം ഐക്കരവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജിന്‍കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഹാനാണ് മരിച്ചത്. ജനുവരി 16ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. പിതാവ് വാങ്ങി നല്‍കിയ ബിസ്‌കറ്റ് കഴിച്ച് അരമണിക്കൂറിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഷിജിനും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നുവെന്നും ബന്ധുക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത് എന്നുമാണ് വിവരം. കേസില്‍ തുടര്‍നടപടികള്‍ പൊലീസ് തുടരുകയാണ്.

kerala

പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ മങ്കട മലയില്‍ വന്‍ കാട്ടുതീ; സൈലന്റ് വാലിക്ക് സമീപം തീപിടിച്ചു

സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന മലമുകളിലാണ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തീപിടിച്ചത്

Published

on

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ മങ്കട മലയില്‍ വന്‍ തീപിടുത്തം. സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന മലമുകളിലാണ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തീപിടിച്ചത്. മലയുടെ താഴെ ഭാഗത്ത് നിന്നാണ് തീ ആരംഭിച്ചതെന്നും ശക്തമായ കാറ്റിന്റെ സഹായത്തോടെ മുകളിലേക്ക് ആളിപടരുകയാണെന്നും വിവരം.

നാട്ടുകാരാണ് ആദ്യം തീ പടര്‍ന്ന് പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ വനം വകുപ്പ്, അഗ്‌നിരക്ഷാ സേന വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുത്തനെയുള്ള പ്രദേശമായതിനാല്‍ താഴെ ഭാഗത്ത് നിന്ന് മുകളിലേക്കായി തീ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്.

സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന വനപ്രദേശമായതിനാല്‍ നിരവധി വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് തീപിടുത്തം ഭീഷണിയാകുന്നുണ്ട്. തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത പക്ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

മങ്കട മലയില്‍ ഇതേ രീതിയില്‍ കാട്ടുതീ ഉണ്ടായത് ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് രണ്ട് ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ഹെലികോപ്റ്റര്‍ വഴി വെള്ളം എത്തിച്ചാണ് തീ അണച്ചത്. നിലവില്‍ സ്ഥിതി ഗുരുതരമായതിനാല്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള സാധ്യതയും അധികൃതര്‍ പരിശോധിച്ചുവരികയാണ്.

Continue Reading

kerala

മെന്‍റലിസ്റ്റ് ആദിക്കെതിരെ തട്ടിപ്പ് കേസ്; 35 ലക്ഷം രൂപ വഞ്ചിച്ചതായി പരാതി;സംവിധായകൻ ജിസ് ജോയ് നാലാം പ്രതി

‘ഇന്‍സോമ്നിയ’ എന്ന പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ലഭിക്കുമെന്ന വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.

Published

on

കൊച്ചി: മെന്‍റലിസ്റ്റ് ആദിയെന്നറിയപ്പെടുന്ന ആദര്‍ശിനെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. ‘ഇന്‍സോമ്നിയ’ എന്ന പരിപാടിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ലഭിക്കുമെന്ന വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.

കൊച്ചി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് ഘട്ടങ്ങളിലായി പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടുകളില്‍ നിന്നായി മൊത്തം 35 ലക്ഷം രൂപ നല്‍കിയെങ്കിലും പണം തിരികെ നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു.

കേസില്‍ സംവിധായകന്‍ ജിസ് ജോയിയെയും ഉള്‍പ്പെടുത്തി. കേസിലെ നാലാം പ്രതിയാണ് ജിസ് ജോയ്. ആകെ നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി മെന്‍റലിസ്റ്റ് ആദിയെന്ന ആദര്‍ശാണ്.

Continue Reading

kerala

എംഎസ്എഫ് സംസ്ഥാന സമ്മേളനം; അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്തി നേതാക്കൾ

Published

on

മലപ്പുറം: എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഘടകങ്ങളിലെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ റൈഡുകൾ തുടങ്ങി. തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ സംസ്ഥാന ഭാരവാഹികൾ പഞ്ചായത്ത് റൈഡിൻ്റെ ഭാഗമാകും. തെക്കൻ ജില്ലകളിൽ സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ റൈഡ് നടന്നുവരികയാണ്. വയനാട്, പാലക്കാട്‌ ജില്ലകളിൽ ഇന്നലെ റൈഡ് ആരംഭിച്ചു. കാസർഗോഡ്, തൃശൂർ ജില്ലകളിൽ ഇന്ന് തുടങ്ങും, 25ന് കണ്ണൂർ, മലപ്പുറം ജില്ലകളിലും പഞ്ചായത്ത്‌ റൈഡ് നടക്കും.

പഞ്ചായത്ത്‌ തലങ്ങളിലെ സമ്മേളനത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താനും, വിദ്യാർത്ഥി മഹാറാലിക്ക് എത്തുന്നതിനുള്ള യാത്ര സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് റൈഡ് നടക്കുന്നത്. പഞ്ചായത്തിലേക്ക് നിരീക്ഷകർ നേരിട്ട് എത്തിയാണ് ഒരുക്കങ്ങൾ വിലയിരുത്തുക.

ജനുവരി 29,30,31 തിയ്യതികളിലായി മലപ്പുറം ജില്ലയിലെ വലിയവരമ്പിൽ വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. അര ലക്ഷം വിദ്യാർഥികൾ അണിനിരക്കുന്ന വിദ്യാർത്ഥി റാലിയോടെയാണ് സംസ്ഥാന സമ്മേളനം സമാപിക്കുക. സമ്മേളനത്തിൻ്റെ അവസാന ഘട്ട ഒരുക്കങ്ങൾ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസിൻ്റെ നേതൃത്വത്തിൽ സംസ്ഥാന നേതൃത്വം വിലയിരുത്തി.

Continue Reading

Trending