കോഴിക്കോട്: ശബരിമലയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശങ്ങള്‍ ഇലക്ഷന്‍ സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വര്‍ഗീയവല്‍ക്കരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത് കോണ്‍ഗ്രസാണ്. ബി.ജെ.പിയോ കര്‍മസമിതിയോ അതിനി തയ്യാറായിട്ടില്ല. ശബരിമലക്ക് വേണ്ടി നിയമമോ ഓര്‍ഡിനന്‍സോ കൊണ്ടുവരാന്‍ ബി.ജെ.പി തയ്യാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാര്‍ ശബരിമല പ്രശ്‌നം പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തുന്നത് ആലോചിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. അയ്യപ്പനെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് പ്രധാനമന്ത്രിയുടെ നാടകമാണ്. ശബരിമല പ്രശ്‌നത്തില്‍ ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിക്കുകയാണ്. 144 പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഇതിന് തെളിവാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.