ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ എസ്.വൈ കുറൈഷിയും രാഹുല്‍ ഗാന്ധിയും കമ്മീഷന്റെ നിലപാടിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ വിമര്‍ശനവുമായി ചിദംബരം രംഗത്ത് വന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് തന്റെ അഞ്ചാമത്തെ ഗുജറാത്ത് സന്ദര്‍ശനം നടത്തുന്നത്. ഈ സന്ദര്‍ശനത്തില്‍ വഡോദരയില്‍ 1,140 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ഉത്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യുന്നുണ്ട്. എല്ലാ ആനുകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്നും ചിദംബരം പറഞ്ഞു. ട്വീറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഹിമാചല്‍ പ്രദേശിന്റെ കൂടെ ഗുജറാത്തിലെയും തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതാണു പതിവ്. എന്നാല്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാതിരിക്കാന്‍ കമ്മിഷനുമേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം. നവംബര്‍ ഒന്‍പതിന് ഹിമാചലില്‍ തിരഞ്ഞെടുപ്പും ഡിസംബര്‍ 18ന് ഫലപ്രഖ്യപനവും വരുമെന്നാണ് കമ്മിഷന്‍ അറിയിച്ചത്. എന്നാല്‍ ഇതിനൊപ്പം നടത്തേണ്ട ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.

നിലവിലെ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത് 2018 ജനുവരിയിലാണ്. ദിവസങ്ങളുടെ മാത്രം വ്യത്യാസമേ ഇക്കാര്യത്തിലുള്ളൂ. സാധാരണ ഗതിയില്‍ ആറു മാസം വരെ കാലയളവുകളിലുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതും ഒരുമിച്ച് പ്രഖ്യാപിക്കുന്നതുമാണ് കമ്മീഷന്റെ രീതി. ഇതില്‍ നിന്ന് ഭിന്നമായാണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഗുജറാത്തില്‍ വൈകിപ്പിക്കുകയും ചെയ്തത്.

കമ്മീഷന്‍ നിലപാടിനെതിരെ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേശി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. മോദിയുടെ ഗുജറാത്ത് സന്ദര്‍ശനം സ്വാഭാവികമായി സംശയത്തിന്റെ മുനയിലാകുന്നുണ്ടെന്നും ഖുറേഷി ആരോപിച്ചിരുന്നു. കമ്മീഷന്‍ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മോദിയുടെ ഇംഗിതത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബി.ജെ.പി നേതാവ് വരുണ്‍ ഗാന്ധിയും തെര.കമ്മീഷനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.