ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ ഇന്നലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പുകമ്മീഷനോട് ആവശ്യപ്പെട്ടത്. കിഴക്കന്‍ കമേങ് ജില്ലയിലെ പക്കെ-കെസ്സാങ്, ലോവര്‍ സിയാങ് ജില്ലയിലെ ലിക്കാബാലി എന്നീ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുന്നത്. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മുന്‍ ഉപമുഖ്യമന്ത്രിയും മുന്‍ എംഎല്‍എയുമായ കമെങ് ദോലോ പദവിയൊഴിഞ്ഞതിനെ തുടര്‍ന്ന് പക്കെ കെസ്സാങ് മണ്ഡലം ഒഴിഞ്ഞു കിടക്കുകയാണ്.

സംവരണമണ്ഡലമായ പക്കെ-കെസ്സാങ് കഴിഞ്ഞ ഫെബ്രുവരി എട്ടുമുതല്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ താകാം സന്‍ജോയ് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അച്ചല്‍ കുമാറിന് കത്തുനല്‍കി. ഭരണഘടനാ ചട്ടപ്രകാരം ആറുമാസമാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട സമയ പരിധി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതില്‍ കമ്മീഷന്‍ നടപടിയെടുക്കാന്‍ കാലതാമസം വരുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നും സന്‍ജോയ് കത്തില്‍ പറഞ്ഞു.

ജൂലൈ 29ന് തെരഞ്ഞെടുപ്പ് നടത്താന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. ആരോഗ്യമന്ത്രി ജോംദെ കേനയുടെ മരണത്തെ തുടര്‍ന്ന് സെപ്തംബര്‍ നാലുമുതല്‍ ലിക്കബാലി മണ്ഡലവും ഒഴിഞ്ഞു കിടക്കുകയാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. ഒഴിഞ്ഞു കിടക്കുന്ന രണ്ടു മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള നടപടികള്‍ വൈകിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം.