തിരുവനന്തപുരം: വെങ്ങാനൂര്‍ പഞ്ചായത്തിലെ എട്ട് സി.പി.എം അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. സി.പി.എം കോവളം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള തൊഴിച്ചില്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. സി.പി.എം വഞ്ചനയില്‍ മനം മടുത്താണ് ബിജെപിയില്‍ എത്തിയതെന്ന് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. സി.പി.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം അഞ്ച് കോണ്‍ഗ്രസുകാരും ഒരു ജനതാദള്‍ എസ് അംഗവും ബിജെപിയില്‍ ചേർന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സി.പി.എമ്മില്‍ നിന്നടക്കം ആളുകളെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്കെതിരെ സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകർ ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. വാശിയേറിയ തെരഞ്ഞെടുപ്പു നടന്ന തിരുവന്തപുരം മണ്ഡലത്തിൽ ബി.ജെ.പി 36 ശതമാനം വോട്ട് നേടിയപ്പോൾ സി.പി.എമ്മിന് 25 ശതമാനമേ നേടാൻ കഴിഞ്ഞുള്ളൂ. ഇടതുക്യാമ്പിൽ നിന്ന് ബി.ജെ.പിയിലേക്ക് വ്യാപകമായ വോട്ടുചോർച്ചയുണ്ടായെങ്കിലും യു.പി.എ സ്ഥാനാർത്ഥി ശശി തരൂർ ഒരുലക്ഷത്തോളം വോട്ടിന്റെ മാർജിനിൽ മികച്ച വിജയം സ്വന്തമാക്കി.

സ്വന്തം അണികള്‍ പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുന്നത് തടയാന്‍ സി.പി.എം അടിത്തട്ടില്‍ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് സൂചന. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ സി.പി.എം, ഗൃഹസമ്പർക്ക പരിപാടി നടത്തി അണികളെ കൂടെനിർത്താന്‍ ശ്രമം നടത്തിയിരുന്നു. പ്രഖ്യാപിത നിലപാടില്‍ നിന്ന് മാറിയതായി അണികളെയും വിശ്വാസികളെയും ബോധ്യപ്പെടുത്താനുള്ള ശ്രമം വേണ്ടത്ര വിജയം കണ്ടില്ലെന്നാണ് പാർട്ടിക്കകത്തു തന്നെയുള്ള വിലയിരുത്തല്‍.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സി.പി.എം വിട്ട് തങ്ങളുടെ ക്യാമ്പിലെത്തുമെന്നാണ് ബി.ജെ.പി അവകാശവാദമുന്നയിക്കുന്നത്. പ്രാദേശികതലത്തിലെ ഇടത് നേതാക്കളടക്കമുള്ളവരുമായി ബി.ജെ.പി ചർച്ച തുടരുകയാണെന്നും, സി.പി.എം വിട്ടെത്തുന്നവർക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റടക്കം വാഗ്ദാനം ചെയ്യുന്നുണ്ടെന്നുമാണ് അറിയുന്നത്.