Connect with us

Culture

തലശ്ശേരിയില്‍ ബൂത്ത് സന്ദര്‍ശനത്തിനെത്തിയ കെ. മുരളീധരനെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു

Published

on

കോഴിക്കോട്: വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കൈയേറ്റ ശ്രമം. തലശ്ശേരിയില്‍ ചൊക്ലി 157ാം ബൂത്തിലാണ് സംഭവം. ബൂത്ത് സന്ദര്‍ശനത്തിനിടെ സി.പി.എം ഗുണ്ടകള്‍ കെ. മുരളീധരനോട് ഇറങ്ങിപ്പോകാന്‍ ആക്രോശിക്കുകയായിരുന്നു. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കെ. മുരളീധരനെതിരെ സി.പി.എമ്മുകാര്‍ തിരിയുകയായിരുന്നു. പരാജയഭീതിയിലായ സി.പി.എം അക്രമത്തിന് മുതിരുകയാണെന്ന് കെ. മുരളീധരന്‍ പ്രതികരിച്ചു. ഇന്ന് പോളിങ് കഴിഞ്ഞാല്‍ അക്രമം അഴിച്ചുവിടാന്‍ സി.പി.എം ശ്രമിക്കുന്നതായും മുരളീധരന്‍ ആരോപിച്ചു. പോളിങ് പരമാവധി സമാധാനാപൂര്‍ണ്ണമായിരിക്കാന്‍ എല്ലാ പ്രവര്‍ത്തകരും ശ്രമിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റിരുന്നു. കൊട്ടിക്കലാശ ദിവസം മുതല്‍ സംസ്ഥാനത്ത് വ്യാപക സംഘര്‍ഷം നടത്താനുള്ള ശ്രമത്തിലാണ് സി.പി.എം. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവായ എ.കെ ആന്റണിയെ വരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Features

“കുറുക്കോളി മൊയ്തീന്‍ സാഹിബിന്റെ പരാമര്‍ശം എന്നെ വീണ്ടുമൊരു എം.എസ്.എഫുകാരനാക്കി”; പുത്തൂര്‍ റഹ്മാന്‍

ഇന്ന്‌കേരളത്തിലെ ഏറ്റവും അടിത്തറയുള്ള വിദ്യാര്‍ത്ഥി മുന്നേറ്റമായും ദേശീയ രാഷ്ട്രീയയത്തില്‍ നാഷണല്‍ യൂനിവേഴ്സിറ്റി കാമ്പസുകളിലെ നിര്‍ണായക ശക്തിയായും എം.എസ്.എഫ് വിരാചിക്കുന്നു. അടിത്തറ ശക്തമായതിന്റെ ഫലമാണത്.

Published

on

എം.എസ്.എഫിന്റെ കഴിഞ്ഞകാലം ഓര്‍മ്മിപ്പിച്ചുകൊണ്ട് എന്റെ ആത്മസുഹൃത്ത് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ എഴുതിയ ഒരു കുറിപ്പില്‍ ‘ആദ്യമായി യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് എം.എസ്.എഫ് മത്സരിക്കുന്നത് ഐക്യജനാധിപത്യമുന്നണി ഭരിക്കുന്ന, എം.എസ്.എഫിന്റെ കേരളത്തിലെ സ്ഥാപക നേതാവായ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായി പ്രവര്‍ത്തിക്കുന്ന കാലത്താണ്. ഇപ്പോഴത്തെ കെ.എം.സി.സി നേതാവായ പുത്തൂര്‍ റഹ്മാന്‍ (അന്‍സാര്‍ അറബിക് കോളജ്,വളവന്നൂര്‍), ഒ. അബ്ദുല്‍ ലത്തീഫ് കല്‍പ്പകഞ്ചേരി (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി)യുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. പക്ഷെ വിജയിക്കാനായില്ല. ചെറിയ വോട്ടിന് തോറ്റുപോയി.’ കുറുക്കോളി മൊയ്തീന്‍ സാഹിബിന്റെ ഈ പരാമര്‍ശം എന്നെ കുട്ടിക്കാലത്തേക്കു കൊണ്ടുപോവുകയും ഞാന്‍ വീണ്ടുമൊരു എം.എസ്.എഫുകാരനാവുകയും ചെയ്യുകയുമുണ്ടായി.

കേരളത്തിലെ വിദ്യാര്‍ത്ഥി സംഘടനകളില്‍ ചെറുകിട ആയിരുന്നു മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷന്‍, എന്നു കരുതി തരികിടയൊന്നും ആരും കാണിച്ചിട്ടില്ല. എഴുപതുകളില്‍ എം.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി സംഘടനക്ക് അക്കാലത്ത് യൂണിവാഴ്സിറ്റി തലത്തില്‍ വലിയ സാന്നിധ്യമില്ല. 1976,1977ഇല്‍ ഹബീബ് റഹ്മാന്‍ സംസ്ഥാന പ്രസിഡണ്ടും കെ എം കൊയാമു മലപ്പുറം ജില്ലാ എം.എസ്.എഫ് പ്രസിഡന്റുമാണ്. ഞാനന്ന് അന്‍സാര്‍ അറബിക് കോളജിലെ വി്ദ്യാര്‍ത്ഥിയാണ്. കാലികറ്റ് യൂണിവാഴ്സിറ്റിയില്‍ അന്നത്തെ കൗണ്‍സിലര്‍മാരായി വരുന്ന മുസ്ലിം വിദ്യാര്‍ത്ഥികള്‍ വിവിധ അറബിക് കോളജുകളില്‍ നിന്നുള്ളവരാണ്. മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റാണ് സംഘടന. എം.എസ്.എമിന്റെ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു ഞാനും. തിരൂര്‍ താലൂക്ക് പ്രസിഡണ്ടായി കുഞ്ഞിമുഹമ്മദ് കോക്കൂരും ജനറല്‍ സെക്രട്ടറിയായി ഈയുള്ളവനും പ്രവര്‍ത്തിക്കുന്നു. അന്‍സാര്‍ അറബിക് കോളജ് വഴി യൂണിവാഴ്സിറ്റിയില്‍ എം.എസ്.എം പ്രതിനിധിയായി കൗണ്‍സിലറുമാണ്. അതേസമയം തന്നെ എം.എസ്.എഫുകാരനുമാണ്.

പ്രിയപ്പെട്ട നേതാക്കള്‍ ഹബീബും കോയാമുവാണ് എന്നെ വിളിച്ചു യൂനിവാഴ്സിറ്റിയില്‍ എം.എസ്.എഫിന് പ്രവേശനം കിട്ടണം, അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നാവശ്യപ്പെടുന്നത്. കോയാമുവും സംസ്ഥാന എം എസ് ഫ് പ്രസിഡണ്ട് ഹബീബ് റഹ്മാനും ചേര്‍ന്നുണ്ടാക്കിയ പ്ലാന്‍ എന്നെ അറിയിക്കുകയും അതു നടപ്പിലാക്കുന്നതിനുവേണ്ട സഹകരണം ആവശ്യപ്പെടുകയും ചെയ്തു. ഏഴോളം അറബിക് കോളജുകളില്‍ നിന്നുള്ള കൗണ്‍സിലര്‍മാരാണ് അക്കാലത്ത് എം.എസ്.എമിനുള്ളത്. ഞാന്‍ വിദ്യാര്‍ത്ഥിയായ അന്‍സാറിനു പുറമേ, റൗളത്തുല്‍ ഉലൂം, പുളിക്കല്‍, അരീക്കോട്, മോങ്ങം, വാഴക്കാട്, കുനിയില്‍, എന്നിങ്ങനെയുള്ള കോളജുകള്‍. ഏഴ് കൗണ്‍സിലര്‍മാര്‍ ഉള്ളത് കൊണ്ട് തന്നെ എം.എസ്.എമിന് ഒരു സെനറ്റ് മെംബര്‍ ഉണ്ടാവും. എം.എസ്.എഫിന് തിരൂരങ്ങാടി കോളജില്‍ നിന്നും മമ്പാട് എം.ഇഎസ്, സര്‍ സയ്യിദ് കോളജില്‍ നിന്നുമായി ഓരോ കൗണ്‍സിര്‍മാരുണ്ടാവും. അക്കാലത്തു ചുരുങ്ങിയത് 8 ആദ്യ വോട്ടു കിട്ടിയാലേ സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പു ജയിക്കാനാവൂ. അന്‍സറില്‍ നിന്നുള്ള കെ. സൈതലവിയെ എം.എസ്.എംനെ പ്രതിനിതീകരിച്ചു സെനറ്റ് മെമ്പറായി തെരഞ്ഞെടുത്തിരുന്നു. അക്കാലം വരേ എം.എസ്.എഫിന് സെനറ്റില്‍ മെംബര്‍മാര്‍ ഉണ്ടായിട്ടേയില്ല.
കോയാമുവും ഹബീബ് റഹ്മാനും പദ്ധതിയിട്ടത് അറബിക് കോളജുകളിലൂടെ എം.എസ്.എഫിന് അവസരമൊരുക്കുക എന്നതായിരുന്നു. എം.എസ്.എം എം.എസ്.എഫില്‍ ലയിച്ചോ മാറിനിന്നോ എം.എസ്.എഫിനെ മുസ്ലിം വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ മുഖ്യധാരയിലേക്കു കൊണ്ടുവരണം. എം.എസ്.എം ഒരു മതംസംഘടനയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്. എം.എസ്.എഫ് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണ്. എം.എസ്.എഫിലൂടെ മുസ്ലിം വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതാണ് ഉചിതം എന്ന ചിന്ത അവര്‍ മുന്നോട്ടുവെച്ചു. ഇക്കാര്യം കൂടിയാലോചിക്കാന്‍ മഞ്ചേരി ലീഗ് ഓഫീസിലാണ് അന്നൊരു യോഗം വിളിച്ചുകൂട്ടുന്നത്. 1977 ഓഗസ്തിലാണ് ഈ യോഗം ചേര്‍ന്നതു എന്നാണ് എന്റെ ഓര്‍മ്മ. മതസംഘടനയുടെ ഭാഗമായി മുസ്ലിം വിദ്യാര്‍ത്ഥികളുടെ സംഘടന പ്രവര്‍ത്തിക്കുന്നതിലും ഉചിതമായ രീതി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു കീഴില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ സംഘടിക്കുന്നതാണെന്ന കാര്യത്തില്‍ അന്നു എല്ലാവര്‍ക്കും അനൂകൂല നിലപാടായിരുന്നു.

കോയാമുവും ഹബീബ് റഹ്മാനും ചേര്‍ന്നു നടത്തിയ ഈ ശ്രമം ഫലം കാണുകയാണുണ്ടായത്. എം.എസ്.എമിനെ എം.എസ്.എഫില്‍ ലയിപ്പിക്കുക എന്ന തരത്തിലേക്കതു നീങ്ങിയില്ല, വളരെ സ്വാഭാവികമായി എം.എസ്.എഫ് രംഗത്തേക്കു വരികയും എം.എസ്.എം പിന്മാറുകയും ചെയ്തു. അറബിക് കോളജുകള്‍ വഴി ഞങ്ങള്‍ എം.എസ്.എഫിന്റെ കൗണ്‍സിലര്‍മാരായി വന്നു. എന്നെയായിരുന്നു കൗണ്‍സിലര്‍ ലീഡര്‍ ആയി തെരഞ്ഞെടുത്തത്. അങ്ങിനെ ആദ്യമായി യൂണിവാഴ്സിറ്റി യൂണിയനിലേക്ക് കെ.എസ്.യുവുമായി അലയന്‍സുണ്ടാക്കി എം.എസ്.എഫ് മത്സരിച്ചു. എം.എസ്.എഫിന്റെ യൂണിവേഴ്‌സിറ്റി തലത്തിലെ ആദ്യ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത് ഞാനായിരുന്നു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കായിരുന്നു മല്‍സരം. മൂന്ന് വോട്ടിനു ഞാന്‍ തോറ്റു. ഒ.കെ മുഹമ്മദലി ആ കൊല്ലം സെനറ്റ് മെംബറായി. എം.എസ്.എഫിന്റെ ആദ്യത്തെ മെംബര്‍. മുസ്ലിം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് നിലമൊരുക്കാന്‍ വളരെ തന്ത്രപരമായി പ്രവര്‍ത്തിച്ച ആ കാലത്തെ നേതൃത്വത്തോട് ഇപ്പോഴും എപ്പോഴും എം.എസ്.എഫ് കടപ്പെട്ടിരിക്കുന്നു.
പില്‍ക്കാലത്ത് ഒട്ടേറെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൗണ്‍സിലര്‍മാരും സെനറ്റ് മംബര്‍മാരും യൂണിയന്‍ ഭാരവാഹികളുമായി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് പ്രതിഭാശാലികളായ പൊതുപ്രവര്‍ത്തകരെയും നേതാക്കളെയും സംഭാവന ചെയ്യാനും എം.എസ്.എഫിനായി. കേവലം ആറുകൊല്ലം കൊണ്ട് 1980-81 കാലമായപ്പോള്‍ യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പി.എം മഹ്മൂദും (സര്‍ സെയ്യിദ് കോളജ്) വൈസ് ചെയര്‍മാനായി വി.പി അഹമ്മദ് കുട്ടി (പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ്) നിര്‍വ്വാഹണ സമിതി അംഗമായി എം.അഹമ്മദ് (അന്‍സാര്‍ അറബി കോളജ്, വളവന്നൂര്‍) തിരഞ്ഞെടുക്കപ്പെട്ടു. പൊടുന്നനെയായിരുന്നു ആ വളര്‍ച്ച. ഈ ചരിത്രം പിന്നീട് നിരന്തരം ആവര്‍ത്തിച്ചു. സി. മമ്മുട്ടി, എം.സി ഖമറുദ്ദീന്‍ തുടങ്ങി പലരും യൂണിയന്‍ സാരഥികളായി. ഇവരെപ്പോലെ ഒരുപാട് പേരുടെ പേരുകള്‍ ഓര്‍മ്മിക്കേണ്ടതായുണ്ട്. രാഷ്ട്രീയത്തിലെന്ന പോലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും ജയപരാജയങ്ങളുണ്ടാവും. അതുണ്ടായിട്ടുണ്ട്. മുന്നണിമാറ്റവും നീക്കുപോക്കുകളും നടത്തിയിട്ടുണ്ട്. പക്ഷേ, അന്തസ്സ് വിട്ടുള്ള തരികിടകളിലൂടെ എം.എസ്.എഫ് ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. കോഴിക്കോട് മാത്രമല്ല, കേരള യൂണിവാഴ്സിറ്റിയിലും എം.എസ്.എഫ് വിജയക്കൊടി പാറിച്ചു. പില്‍ക്കാലത്ത് കേരളത്തിന് പുറത്തും എം.എസ്.എഫ് നേട്ടങ്ങളുണ്ടാക്കി. 1974ല്‍, ഏതാണ്ട് അമ്പത് കൊല്ലം മുമ്പേ, ഹബീബ് റഹ്മാന്റെ ആലോചനയില്‍ ഉദിച്ച ഒരു പദ്ധതിക്കുവേണ്ടി പ്രവര്‍ത്തിച്ച അന്നത്തെ വിദ്യാര്‍ത്ഥിക്ക് ഇപ്പോള്‍ നവാസിന്റെയും നജാഫിന്റെയും നേതൃത്വത്തില്‍ സംഘടന കൈവരിക്കുന്ന വിജയകഥകളെല്ലാം ചാരിതാര്‍ത്ഥ്യം തരുന്നു.

ഏതാനും ആഴ്ചകള്‍ മുമ്പേ വേങ്ങര മണ്ഡലം എം.എസ്.എഫിന്റെ തലമുറ സംഗമത്തില്‍ ഈയുള്ളവനും പങ്കെടുക്കുകയുണ്ടായി. ഹബീബിബിയന്‍ കാലഘട്ടത്തിലെ പ്രമുഖ നേതാക്കളായ കെ.എം. കോയാമു, വല്ലാഞ്ചിറ മുഹമ്മദലി, ടി.വി. ഇബ്രാഹിം എന്നിവര്‍ക്കൊപ്പം കഴിഞ്ഞകാലം ഓര്‍ത്തും പറഞ്ഞും മനം നിറഞ്ഞ ഒരു ദിവസമായിരുന്നു അത്. യൂണിവേഴ്‌സിറ്റി ഭരണ തലങ്ങളില്‍ നിന്ന് ഏറെ അകലെ ആയിരുന്ന എം.എസ്.എഫിനെ ആ രംഗത്തേക്ക് ആദ്യമായി പരിചയപ്പെടുത്തിയതും, ഒ.കെ. മുഹമ്മദലിയിലൂടെ ചരിത്രത്തില്‍ ആദ്യമായി സെനറ്റ് അംഗത്വം നേടിയതും എം.എസ്.എഫിന്റെ ജൈത്രയാത്രയിലെ നാഴികക്കല്ലായിരുന്നു. അതൊരു ഗംഭീര തുടക്കം തന്നെ ആയിരുന്നു.
എഴുപതുകളില്‍ എം.എസ്.എഫില്‍ അണിചേരുന്നത് അപമാനമായി പറഞ്ഞു പരത്തിയവര്‍ വിജയിച്ചു നിന്ന ഒരു കാലം കഴിഞ്ഞുപോയിട്ടുണ്ട്. പള്ളിദര്‍സുകാരുടെ സംഘടന എന്ന ആക്ഷേപം ഉയര്‍ത്തിയവരുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ ISI ഉള്‍പ്പെടെ ഞങ്ങളെ പരിഹസിച്ചിട്ടുണ്ട്. സമരം ചെയ്യാന്‍ അല്ലേ വിദ്യാര്‍ത്ഥി യൂണിയന്‍, എസ്.എഫ്.ഐയും കെ.എസ്.യുവും പോലെ എം.എസ്.എഫ് എന്തുകൊണ്ട് സമര രംഗത്തില്ല എന്നതും അന്നത്തെ ആക്ഷേപമായിരുന്നു. പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക എന്നു പറഞ്ഞുകൊണ്ടേയിരുന്ന സി.എച്ചിന്റെ മക്കളായ ഞങ്ങള്‍ അന്നതൊന്നും ചെവിക്കൊണ്ടില്ല. ഇന്ന്‌കേരളത്തിലെ ഏറ്റവും അടിത്തറയുള്ള വിദ്യാര്‍ത്ഥി മുന്നേറ്റമായും ദേശീയ രാഷ്ട്രീയയത്തില്‍ നാഷണല്‍ യൂനിവേഴ്സിറ്റി കാമ്പസുകളിലെ നിര്‍ണായക ശക്തിയായും എം.എസ്.എഫ് വിരാചിക്കുന്നു. അടിത്തറ ശക്തമായതിന്റെ ഫലമാണത്. ആ ചരിത്രവും അന്നത്തെ സഹനവും ഇന്നത്തെ കാലത്ത് ഓര്‍മ്മിക്കപ്പെടേണ്ട വസ്തുതകളാണ്. അതിനൊരു ഉപോല്‍ബലകമായി ഈ സോവനീര്‍ പേജ്. കാലം സാക്ഷ്യപ്പെടുത്തിയ ഒരു നിധിയാണ് എനിക്കിത്.

Continue Reading

Art

നടൻ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

Published

on

പ്രശസ്ത നാടക കലാകാരനും ടെലിവിഷൻ താരവുമായ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു.

ഇടുക്കി സ്വദേശിയാണ്. 1971ൽ തങ്കഭസ്മം എന്ന നാടകത്തിൽ ഗായകന്‍റെ വേഷം അഭിനയിച്ചാണ് അരങ്ങേറ്റം. 1983ൽ കെ.പി.എസിയിൽ ചേർന്നു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെ.പി.എ.സിയുടെ വിവധ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’യിൽ പരമുപിള്ള എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ ‘പടവലം കുട്ടൻപിള്ള’ എന്ന കഥാപാത്രമാണ് രാജേന്ദ്രനെ കുടുംബ പ്രേ‍ക്ഷകർക്കിടയിൽ പ്രശസ്തനാക്കിയത്. 50 വർഷമായി നാടകരംഗത്തുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

കെ.പി.എ.സിക്ക് പുറമേ സൂര്യസോമ, ചങ്ങനാശേരി നളന്ദ തീയറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ നാടകസംഘങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ​ഗുരുതരാവസ്ഥയിരിക്കെ തന്നെ രാജേന്ദ്രൻ മരിച്ചു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് അദ്ദേഹത്തിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.

Continue Reading

Film

മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു

മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്.

Published

on

നടി മാല പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നടി പരാതി നല്‍കിയത്.

പതിനായിരത്തിലധികം അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് നടിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് നടി പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് പേജിന്റെ അഡ്മിന്‍ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിലും ഐടി ആക്ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ് പൊലീസ്.

Continue Reading

Trending