മോസ്‌കോ: കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണം നേരിട്ട ലോറി ഡ്രൈവറെ കുട്ടികളുടെ അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. റഷ്യയിലെ സ്വേഡ്‌ലോസ്‌കിലാണ് സംഭവം. വലേറിയ ദുനേവ (25) എന്ന യുവതിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം ലോറി ഡ്രൈവറായ ദിമിത്രി ചിക്വാര്‍ക്കിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ദിമിത്രി കുട്ടികളെ പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും കുട്ടികള്‍ തമാശയ്ക്കാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും പോലീസ് കണ്ടെത്തി.

വലേറിയയുടെ പത്ത്, മൂന്ന് വയസുള്ള പെണ്‍മക്കള്‍ക്ക് ഡേകെയറിലേക്ക് പോകാന്‍ ദിമിത്രി ലിഫ്റ്റ് നല്‍കിയിരുന്നു. തുടര്‍ന്ന് വലേറിയ മക്കളെ വിളിക്കാന്‍ പോയ സമയത്താണ് പെണ്‍കുട്ടികള്‍ പീഡന ആരോപണം ഉന്നയിച്ചത്. ദിമിത്രി ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. ഇത് കേട്ടതോടെ വലേറിയയും കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ദിമിത്രിയെ കണ്ടെത്തി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വകാര്യഭാഗത്ത് മെറ്റല്‍ പൈപ്പ് കയറ്റുകയും അതേ പൈപ്പ് കൊണ്ട് തല അടിച്ചുതകര്‍ക്കുകയും ചെയ്‌തെന്നാണ് പോലീസിന്റെ വിശദീകരണം.

സംഭവത്തില്‍ വലേറിയെയും കാമുകനെയും സുഹൃത്തായ മറ്റൊരു സ്ത്രീയെയും പോലീസ് പിടികൂടിയിട്ടുണ്ട്. ദിമിത്രി മോശമായി സ്പര്‍ശിച്ചെന്ന് കുട്ടികള്‍ നുണ പറഞ്ഞതാണെന്നും കുട്ടികളോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ഇക്കാര്യം വ്യക്തമായെന്നും പോലീസ് പറഞ്ഞു.