ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെയും വിമര്‍ശിച്ച സി.ആര്‍.പി.എഫ് ജവാനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. ഏപ്രിലില്‍ നക്‌സല്‍ ആക്രമണത്തില്‍ 24 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതിനെ തുടര്‍ന്ന് വിമര്‍ശനം ഉന്നയിച്ച പങ്കജ് മിശ്രയെ ആണ് പുറത്താക്കിയത്. പ്രധാനമന്ത്രിയോട് നേര്‍വഴി നടക്കാന്‍ രാജ്‌നാഥ് സിങ് നിര്‍ദേശിക്കണം എന്നാവശ്യപ്പെടുന്ന പങ്കജ് മിശ്രയുടെ വീഡിയോ വൈറലായിരുന്നു.

പങ്കജ് മിശ്രയുടെ വീഡിയോ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായതോടെ സി.ആര്‍.പി.എഫ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഐ.ടി ആക്ട് പ്രകാരം പൊതുസ്ഥലത്ത് മോശമായി പെരുമാറുക, കുറ്റകരമായ ഭയപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മിശ്രയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. മിശ്രയുടെ പരാതിയെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയാണ് ആഭ്യന്തര അന്വേഷണം നടത്താന്‍ സി.ആര്‍.പി.എഫിനോട് ആവശ്യപ്പെട്ടത്. മിശ്രയുടെ മൊബൈല്‍ ഫോണ്‍ അധികൃതര്‍ പിടിച്ചുവച്ചിരുന്നുവെങ്കിലും ഒരു സുഹൃത്തിന്റെ ഫോണ്‍ ഉപയോഗിച്ച് അദ്ദേഹം വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

സൈന്യത്തിലെ സുരക്ഷാ വിഷയത്തില്‍ മോദിക്കും രാജ്‌നാഥ് സിങിനും ഒരു ശ്രദ്ധയുമില്ലെന്നും രാജ്യത്തെ ജവാന്മാര്‍ ഒന്നിച്ച് ശബ്ദമുയര്‍ത്താന്‍ തയ്യാറാവണമെന്നും പങ്കജ് മിശ്ര വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഏപ്രിലിലെ തന്റെ പോസ്റ്റിനെ തുടര്‍ന്ന് അധികൃതര്‍ തന്നെ മര്‍ദിച്ചതായും അദ്ദേഹം ആരോപിച്ചു. എല്ലാവര്‍ക്കും തുല്യമായ ജോലി സമയവും ഒരേ ഭക്ഷണവും ആവ്ചയില്‍ അവധിയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.