തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ സംസ്ഥാന സാമ്പത്തിക വ്യവസ്ഥ കൂടുതല്‍ തകര്‍ച്ചയിലേക്ക്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് ട്രഷറിയില്‍ മതിയായ നോട്ടുകളില്ലാത്തതാണ് പുതിയ പ്രതിസന്ധിക്കു കാരണം. ട്രഷറിയില്‍ നോട്ടുകളില്ലെന്നും 1200 കോടി രൂപ നോട്ടുകളായി അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി കത്തയച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അനുകൂലമായ മറുപടി റിസര്‍വ് ബാങ്ക് അധികൃതരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറയുന്നത്. അനുകൂല തീരുമാനമായില്ലെങ്കില്‍ ശമ്പളം വൈകുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഒന്നാം തിയതിയായ നാളെ ലക്ഷകണക്കിന് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമാണ് പണം പിന്‍വലിക്കുന്നതിനായി ബാങ്കുകളിലും ട്രഷറികളിലുമെത്തുക. ഇതിനായി 1200 കോടി രൂപയുടെ കറന്‍സി ആവശ്യമാണ്. ട്രഷറിയിലേക്ക് ഓണ്‍ലൈനായി പണം നല്‍കുന്നതിനുപകരം നോട്ടുകളായി വേണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം.

moneyindia_afp17april

ശമ്പള വിതരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്നു അന്തിമ തീരുമാനമെടുക്കും. പ്രതിസന്ധി പരിഹരിക്കുന്നതിന് ധനകാര്യ സെക്രട്ടറി വൈകിട്ട് ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് തോമസ് ഐസക് അറിയിച്ചു. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിന് പരമാവധി തുക കറന്‍സിയായി നല്‍കണമെന്ന് ബാങ്കിങ് മേധാവികളോട് സര്‍ക്കാര്‍ ആവശ്യപ്പെടും. ഈ മാസത്തെ ശമ്പളം ഇത്തരത്തില്‍ പരിഹരിക്കാനായാലും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് അറുതി വരില്ല. ലോട്ടറി നറുക്കെടുപ്പും മറ്റും അവതാളത്തിലായതിനാല്‍ അടുത്തമാസം ഇതിലും വലിയ പ്രതിസന്ധിയാണ് നേരിടാന്‍ പോകുന്നതെന്നാണ് ധനമന്ത്രി പറയുന്നത്.