കോവിഡ് കാലത്ത് പ്രധാന്‍മന്ത്രി ജന്‍ധന്‍ അക്കൗണ്ടു വഴി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 2000 രൂപ പിന്‍വലിച്ചവരുടെ കറന്റ് അക്കൗണ്ടുകള്‍ ബാങ്കുകള്‍ റദ്ദാക്കുന്നു. ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കില്‍ കറന്റ് അക്കൗണ്ട് പാടില്ലെന്ന റിസര്‍വ് ബാങ്കിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പൊതു മേഖലാ ബാങ്കുകള്‍ അക്കൗണ്ടുകള്‍ റദ്ദാക്കിത്തുടങ്ങിയത്. ഇതിനുള്ള നോട്ടീസുകള്‍ പലര്‍ക്കും ഇമെയില്‍ വഴി ലഭിച്ചു.

പ്രധാന്‍ മന്ത്രി ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കോവിഡ് കാലത്ത് രണ്ടായിരം രൂപ വായ്പ അനുവദിച്ചിരുന്നു. തുക ക്രഡിറ്റായതായി മൊബൈലില്‍ സന്ദേശം ലഭിച്ച പലരും പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇത് കോവിഡ് കാല പ്രത്യേക ഓവര്‍ഡ്രാഫ്റ്റ്(ഒഡി വായ്പ)ആണെന്ന് തിരിച്ചറിയാതെ പിന്‍വലിച്ച കറന്റ് അകൗണ്ട് ഉടമകള്‍ക്കാണ് ഇപ്പോള്‍ പണികിട്ടിത്തുടങ്ങിയത്. സംസ്ഥാനത്ത് 15000ലധികം പേര്‍ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഒരു ബാങ്കില്‍ വായ്പ ഉള്ളവര്‍ക്ക് മറ്റൊരു ബാങ്കില്‍ കറന്റ് അക്കൗണ്ട് പാടില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്.

പിഎംജെഡിവൈ സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിച്ചവര്‍ കോവിഡ് ആശ്വാസം പിന്‍വലിച്ചതോടെ ഈ അക്കൗണ്ട് ഒഡി അക്കൗണ്ട്(വായ്പാ അക്കൗണ്ട്)ആയി മാറുന്നു. ഇതോടെ മറ്റൊരു ബാങ്കിലുള്ള കറന്റ് അക്കൗണ്ട് റദ്ദാവുകയും ചെയ്യും.

ബാങ്ക് തന്നെ സ്വന്തം നിലയില്‍ ഇത്തരം അക്കൗണ്ട് റദ്ദാക്കി ബാക്കി തുക ഡിഡിയായോ, സേവിംഗ് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തോ ഇടപാടുകാര്‍ക്ക് തിരിച്ചു നല്‍കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരിലെ പല ബാങ്കുകളിലും ഇതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ചെയ്തു. പിഎംജെഡിവൈ സാമ്പത്തിക ദുര്‍ബല വിഭാഗത്തിനാണെന്നും കറന്റ് അകൗണ്ടുള്ളവര്‍ എടുക്കരുതെന്നുമാണ് ഇപ്പോള്‍ ബാങ്കുകള്‍ പറയുന്നത്. എന്നാല്‍ പഠന കാലത്ത് അക്കൗണ്ട് ആരംഭിച്ച് പിന്നീട് പുതിയ സംരംഭം തുടങ്ങിയവരും പ്രൊഫഷണലിസ്റ്റുകളായ യുവാക്കളുമാണ് പ്രതിസന്ധിയിലായത്.

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ആശയത്തിന്റെ ഭാഗമായാണ് പ്രധാന്‍ മന്ത്രി ധന്‍ജന്‍ യോജന സിറോ ബാലന്‍സ് സേവിംഗ് അക്കൗണ്ട് അനുവദിച്ചത്. ചെറിയ സമ്പാദ്യം,വായ്പ, ഇന്‍ഷൂറന്‍സ് പ്രീമിയം,പെന്‍ഷന്‍, സബ്‌സിഡി എന്നിവക്കാണ് ഇവ പ്രയോജനപ്പെടുന്നത്. അക്കൗണ്ട് ഉടമകള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റും റൂപേ കാര്‍ഡും ലഭിക്കുന്നു. എന്നാല്‍ ഇത്തരം സഹായങ്ങള്‍ സ്വീകരിച്ച പതിനായിരങ്ങളാണ് മറ്റൊരുരീതിയില്‍ വലിയ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് എത്രപേര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് വ്യക്തതയില്ല. എങ്കിലും 15,000ത്തോളം വരുമെന്നാണ് അനൗദ്യോഗിക വിവരം. ഇതിനു പുറമെ ഒഡി അക്കൗണ്ടിനു പുറമെ മറ്റു ബാങ്കില്‍ കറന്റ് അക്കൗണ്ടുള്ള നിരവധി സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഏറെയും കോവിഡ് പ്രതിസന്ധിയെ അതീജീവിക്കാന്‍ പ്രയാസപ്പെടുന്ന സ്ഥാപനങ്ങളാണ്.

ആര്‍ബിഐ ഉത്തരവ് ബാധിക്കുന്നത് നിരവധി സ്ഥാപനങ്ങളെ

കണ്ണൂര്‍: റിസര്‍ബാങ്കിന്റെ പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കുന്നത് വ്യാപാരികളെയും സംരംഭകരെയും പ്രൊഫഷണലിസ്റ്റുകളെയും. ആര്‍ബിഐ വ്യവസ്ഥ പ്രകാരം ഒരു ബാങ്കില്‍ നിന്ന് ലോണെടുത്ത് ഇനി മറ്റൊരു ബാങ്കില്‍ കറന്റ് അകൗണ്ട് വഴി ഇടപാട് നടത്താനാവില്ല. നിലവില്‍ ഇത്തരത്തില്‍ ചെയ്യുന്ന സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ ഒഡി എടുത്തശേഷം തിരിച്ചടക്കാതെ മറ്റൊരു ബാങ്കില്‍ ഇടപാട് തുടരുന്നത് തടയാനാണ് പുതിയ ഉത്തരവ്. വ്യവസ്ഥകള്‍ കുറഞ്ഞ ബാങ്കില്‍ നിന്ന് ലോണായി മൂലധനം സ്വീകരിച്ച് എസ്ബിഐ പോലുള്ള ദേശസാല്‍കൃത ബാങ്ക് അക്കൗണ്ട് വഴി ഇടപാട് നടത്തുന്നതാണ് പല സ്ഥാപനങ്ങളും ചെയ്യുന്നത്. പുതിയ വ്യവസ്ഥ പ്രകാരം അതേ ബാങ്കില്‍ തന്നെ കറന്റ് അക്കൗണ്ട് തുടങ്ങേണ്ടി വരും. പതിയ സംരംഭകരെയും പ്രൊഫഷണലിസ്റ്റുകളെയുമാണ് ഇത് ഏറെ പ്രതികൂലമായി ബാധിക്കുക. ലോണുള്ള സ്ഥാപനങ്ങള്‍ക്ക് ഒന്നിലധികം കറന്റ് അകൗണ്ട് ആരംഭിക്കുന്നതിനും നിയന്ത്രണമുണ്ട്.