ഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ കൊടി കെട്ടിയ സംഭവത്തിന് പിന്നില്‍ ദീപ് സിദ്ദുവെന്ന് റിപ്പോര്‍ട്ട്. പഞ്ചാബി നടനും പൊതു പ്രവര്‍ത്തകനുമായ ദീപ് സിദ്ദുവാണ് കര്‍ഷകരെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് ചെയ്യാനും കൊടി കെട്ടാനും പ്രേരിപ്പിച്ചതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

ചെങ്കോട്ടയിലെ ഇന്ത്യന്‍ പതാക നശിപ്പിച്ചിട്ടില്ലെന്നും, ജനാധിപത്യപരമായ അവകാശത്തിന്റെ ഭാഗമായി തങ്ങളുടെ കൊടി ചെങ്കോട്ടയില്‍ ഉയര്‍ത്തിയതായും പിന്നീട് ദീപ് സിദ്ദു പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ദീപ് സിദ്ദു മൈക്രോഫോണുമായി എങ്ങനെ ചെങ്കോട്ടയിലെത്തി എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആക്ടിവിസ്റ്റും സ്വരാജ് ഇന്ത്യ അധ്യക്ഷനുമായ യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു.

ദീപ് സിദ്ദു പ്രതിഷേധക്കാരെ വഴിതെറ്റിച്ചുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ഹരിയാന ചീഫ് ഗുര്‍ണാം സിങ് ചദുനി പറഞ്ഞു. സമാധാനപരമായ സമരത്തിലൂടെ മാത്രമേ വിജയിക്കാനാകൂ എന്ന് കര്‍ഷകരോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു വിഭാഗം പ്രതിഷേധ സമരത്തെ അക്രമത്തിലെത്തിക്കുകയായിരുന്നു. ദീപ് സിദ്ദു പോസിറ്റീവായ സമീപനമല്ല നടത്തിയതെന്ന് ബികെയു രജേവാള്‍ ലീഡര്‍ ബല്‍ബീര്‍ സിങ് രജേവാള്‍ പറഞ്ഞു.

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൊതുപ്രവര്‍ത്തകരും കലാകാരന്മാരും സമരത്തില്‍ അണിചേരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ദീപ് സിദ്ദു അടക്കമുള്ളവര്‍ സിഘു അതിര്‍ത്തിയിലെ സമരത്തില്‍ അണിചേര്‍ന്നത്. നടനും ഗുരുദാസ് പൂരിലെ ബിജെപി എംപിയുമായ സണ്ണി ഡിയോളിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ദീപ് സിദ്ദു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ചെങ്കോട്ടയിലെ കൊടി ഉയര്‍ത്തല്‍ വിവാദത്തിന് പിന്നാലെ, തനിക്കോ തന്റെ കുടുംബാംഗങ്ങള്‍ക്കോ ദീപ് സിദ്ദുവുമായി ഒരു ബന്ധവുമില്ലെന്ന് സണ്ണി ഡിയോള്‍ വ്യക്തമാക്കി രംഗത്തു വന്നിട്ടുണ്ട്.